HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി തടിയമ്പാട് ടൗണിൽ റോഡിലേക്ക് ഒഴുകി സെപ്റ്റിക് ടാങ്ക് മാലിന്യം; ദുർഗന്ധത്തിലും ആരോഗ്യഭീഷണിയിലും വലഞ്ഞ് നാട്ടുകാർ

ഇടുക്കി: തടിയമ്പാട് ടൗണിൽ റോഡിലേക്ക് ഒഴുകി സെപ്റ്റിക് ടാങ്ക് മാലിന്യം


തടിയമ്പാട് ടൗണിന്റെ ഹൃദയഭാഗത്തുള്ള സ്വകാര്യ കെട്ടിടത്തിൽ നിന്നും സെപ്റ്റിക് ടാങ്ക് മാലിന്യം നിരന്തരമായി റോഡിലേക്ക് ഒഴുകുന്നു. അസഹനീയമായ ദുർഗന്ധം കാരണം മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. പകർച്ചവ്യാധി ഭീഷണി നേരിടുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.


ടൗണിലെ പ്രധാന റോഡിന് കുറുകെയാണ് മലിനജലം ഒഴുകുന്നത്. ഇത് സമീപത്തെ വ്യാപാരികൾക്കും ചുമട്ടുതൊഴിലാളികൾക്കും വഴിയാത്രക്കാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിവസേന ആശ്രയിക്കുന്ന വഴിയാണിത്. ആഴ്ചകളായി തുടരുന്ന ഈ പ്രശ്നത്തിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികൾ.


മാലിന്യം നീക്കം ചെയ്തിട്ടും ഫലമില്ല; വില്ലനായി നീരുറവ

നാട്ടുകാരുടെ പരാതിയെ തുടർന്ന് വാഴത്തോപ്പ് പഞ്ചായത്ത് അധികൃതർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ കെട്ടിട ഉടമ സെപ്റ്റിക് ടാങ്കിലെ മാലിന്യം നീക്കം ചെയ്തെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. കെട്ടിടത്തിനടിയിൽ നിന്ന് ടാങ്കിലേക്ക് ശക്തമായ നീരുറവ ഉള്ളതിനാലാണ് മലിനജലം വീണ്ടും പുറത്തേക്ക് ഒഴുകുന്നതെന്നാണ് ഉടമ നൽകുന്ന വിശദീകരണം. പ്രശ്നപരിഹാരത്തിനായി വലിയൊരു കുഴി കൂടി നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കെട്ടിട ഉടമ അറിയിച്ചിട്ടുണ്ട്.


ഡ്രെയിനേജ് സംവിധാനമില്ല; പകർച്ചവ്യാധി ഭീഷണി

സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അണുനശീകരണത്തിനായി ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ പഞ്ചായത്ത് ഉടനടി സ്വീകരിക്കണം. ടൗണിന്റെ പ്രധാന ഭാഗത്ത് പോലും കൃത്യമായ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രശ്നം ഇത്രത്തോളം രൂക്ഷമാക്കുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും വേഗത്തിലുള്ള നടപടിയാണ് ഇനിയാവശ്യം.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS