മൂന്നാറിൽ കെഎസ്ആർടിസി വനിതാ കണ്ടക്ടർക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിന് പരാതി. മൂന്നാർ-അടിമാലി റൂട്ടിലെ ചെകുത്താൻമുക്കിൽ വച്ച് അനുമതിയില്ലാതെ ഡ്യൂട്ടി അവസാനിപ്പിച്ച് കണ്ടക്ടർ വീട്ടിൽ പോയെന്നാണ് പരാതി.
ശനിയാഴ്ച വൈകിട്ട് കോട്ടയത്തുനിന്ന് മൂന്നാറിലേക്ക് സർവീസ് നടത്തിയ ബസിലായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി ഒരു കെഎസ്ആർടിസി ജീവനക്കാരൻ ചെകുത്താൻമുക്കിൽ നിന്ന് ബസിൽ കയറിയിരുന്നു. തുടർന്ന് ബസിലെ വനിതാ കണ്ടക്ടർ ടിക്കറ്റ് മെഷീനും പണവും ഡിപ്പോയിൽ ഏൽപ്പിക്കാൻ ആ ജീവനക്കാരനോട് പറഞ്ഞ് ഡ്യൂട്ടി അവസാനിക്കുന്നതിന് മുൻപ് ഇറങ്ങിപോകുകയായിരുന്നു.
മൂന്നാറിലെത്താൻ അരമണിക്കൂർ ബാക്കിയുള്ലപ്പോഴായിരുന്നു ഇത്. ബസിലുണ്ടായിരുന്ന യാത്രക്കാരാണ് വിവരം ഡിപ്പോയിൽ അറിയിച്ചത്. സർവീസ് നിർത്തിയാൽ അതാത് ഡിപ്പോയിലെ സ്റ്റേഷൻമാസ്റ്ററുടെ അടുത്തെത്തി ടിക്കറ്റ് മെഷീനും പണവും വേബില്ലും നൽകി ഒപ്പിട്ടതിന് ശേഷം മാത്രമെ കണ്ടക്ടർ വീട്ടിൽ പോകാവൂ എന്നാണ് നിയമം. സംഭവത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.





