ലക്ഷങ്ങൾ മുടക്കി മൂന്നര വർഷം മുൻപ് നിർമ്മാണം പൂർത്തിയാക്കിയ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓക്സിജൻ പ്ലാൻറ് ഇതുവരെ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. പ്ലാൻറിലേക്ക് ലിക്വിഡ് ഓക്സിജനുമായുള്ള വാഹനം എത്തിക്കാൻ റോഡില്ലാത്തതാണ് കാരണം. പണി തീർന്നതു മുതൽ പ്ലാൻറിങ്ങനെ കാടുപിടിച്ചു കിടക്കുകയാണ്.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ പുതിയ ബ്ലോക്കിനോട് അനുബന്ധിച്ചാണ് ഓക്സിജൻ പ്ലാൻറ് നിർമ്മിച്ചത്. പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും സ്ഥാപിച്ചു. അറുപത് ലക്ഷം രൂപ മുടക്കി കോഴിക്കോടുള്ള കമ്പനിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ പ്ലാൻറിലേക്ക് ലോറിയിൽ ഓക്സിജൻ എത്തിക്കാനുള്ള റോഡ് മൂന്നര വർഷം കഴിഞ്ഞിട്ടും പണിതിട്ടില്ല. വൈദ്യുതി കണക്ഷനുമില്ല. ഒരു തവണ ലിക്വിഡ് ഓക്സിജനുമായി എത്തിയ ടാങ്കർ ലോറി പ്ലാന്റിലേക്കു കയറ്റാൻ കഴിയാത്തതിനാൽ ലോഡുമായി തിരികെ മടങ്ങേണ്ടി വന്നു.
മാർച്ച് മാസത്തിൽ പ്ലാൻറിൽ ഓക്സിജൻ നിറക്കാനുള്ള കമ്പനിയുമായുള്ള കരാർ കാലവധി അവസാനിച്ചു. നിലവിൽ ഒരു പ്ലാൻറ് മാത്രമാണുള്ളത്. സ്ഥാപിച്ചിരിക്കുന്ന കമ്പനിയുടെ ഓക്സിജൻ മാത്രമേ നിറക്കാവൂ എന്നാണ് കരാർ. മെഡിക്കൽ കോളജിനുള്ളിലെ റോഡുകളുടെ നിർമാണത്തിനു 18 കോടി രൂപ മൂന്ന് വർഷം മുൻപ് അനുവദിച്ചു. എന്നാൽ സാധനങ്ങൾക്ക് വിലകൂടിയെന്നാരോപിച്ച് കരാറുകാരൻ പണി ഉപേക്ഷിച്ചു. മറ്റൊരു കരാറുകാരൻ എടുത്തപ്പോൾ ആദ്യത്തെയാൾ കോടതിയെ സമീപിച്ചു.പ്ലാൻറിലേക്കുള്ള 800 മീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിക്കാനാണ് പുതിയ നീക്കം.





