ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് പൊലീസിന്‍റെ ക്രൂരമായ മർദ്ദനം കാരണമെന്ന പരാതി കൊല്ലം ജില്ലാ റൂറൽ പോലീസ് മേധാവി അന്വേഷിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഓഗസ്റ്റ് അഞ്ചിന് കമ്മീഷന്‍റെ തിരുവനന്തപുരം പിഎംജി ജംഗ്ഷനിലുള്ള ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ടുമായി നേരിട്ട് ഹാജരാകണമെന്ന് കമ്മീഷൻ അംഗം വി ഗീത ഉത്തരവിൽ പറഞ്ഞു.
പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) ആണ് കഴിഞ്ഞ 24 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സിയാദിനെ പൊലീസ് മർദ്ദിച്ചതായി ആരോപിക്കുന്ന ശബ്‍ദസന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. കുണ്ടറ-കൊല്ലം റൂട്ടിലെ ബസ് ഡ്രൈവറായിരുന്ന സിയാദിനെ അയൽവാസികളായ രണ്ട് കുട്ടികളെ കാണാത്തതുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്ന് ആരോപണമുണ്ട്. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
അതേസമയം, സ്വകാര്യ ബസ് ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചത് പൊലീസിന്‍റെ ക്രൂരമർദ്ദനത്തെ തുടർന്നാണെന്ന് ആരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പെരുമ്പുഴ കുളത്തിൻകര കടയിൽ വീട്ടിൽ സിയാദ് (36) ആണ് ഈ മാസം 24 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് മർദിച്ചതായി സിയാദിന്‍റെ മകൾ ആരോപിക്കുന്ന ശബ്‍ദ സന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാൽ മർദനം പൊലീസ് നിഷേധിച്ചങ്കിലും സിയാദിനെതിരായ പരാതിക്കാരി പൊലീസ് മർദിക്കുന്നത് കണ്ടെന്ന് വെളിപ്പെടുത്തി.
സിയാദിന്‍റെ അയൽവാസികളായ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥികളെ ജൂൺ 16ന് കാണാതായിരുന്നു. പോലീസ് അന്വേഷിക്കാൻ എത്തിയപ്പോൾ സിയാദിനെതിരെ ഒരു കുട്ടിയുടെ സഹോദരി മൊഴി നൽകിയതിനെ തുടർന്നാണ് അർദ്ധരാത്രി സിയാദിനെ പോലീസ് വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തത്. അടുത്തദിവസം കുട്ടികളെ കണ്ടെത്തിയതോടെ സിയാദിനെ വിട്ടയക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഈ മാസം രണ്ടിന് സിയാദ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി സ്ഥിതി വഷളായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയി. കസ്റ്റഡിയിൽ എടുക്കാൻ എത്തിയ എസ് ഐ സമ്പത്ത് സി പി ഒ എസ് ശ്രീജിത്ത് എന്നിവർ ജീപ്പിൽ വച്ചു മർദിച്ചു എന്നായിരുന്നു ശബ്ദ സന്ദേശം. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിചിട്ടുണ്ട്.





