ഐപിഎസ് ട്രെയിനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. വടവതൂർ സ്വദേശിയായ ആദിത്യൻ പി. കിഷോറിനെയാണ് (21) കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. താൻ ഐപിഎസ് ട്രെയിനിയാണെന്ന് വിശ്വസിപ്പിച്ച പ്രതി, വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും സ്വന്തം വീട്ടിൽ താമസിപ്പിച്ചും നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പീഡനം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായി അറിഞ്ഞുകൊണ്ടാണ് ഇയാൾ കുറ്റകൃത്യം നടത്തിയത്.
പെൺകുട്ടി ഗർഭിണിയാണെന്ന് വ്യക്തമായതോടെയാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിടിയിലായ ആദിത്യൻ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ആറു മാസം മുൻപ് കൈതേപ്പാലത്തെ ബാറിൽ എയർഗൺ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ ഇയാളെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പത്തനംതിട്ട കീഴ്‌വായ്പൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ സാമ്പത്തിക തട്ടിപ്പ് (Cheating Case) കേസും നിലവിലുണ്ട്.
ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം IPS-ന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി അനീഷ് കെ.ജിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ അനൂപ് ജോസ്, എസ്.ഐ ഗിരീഷ് കുമാർ വി.എസ്, പ്രൊബേഷൻ എസ്.ഐ അതുൽ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുൺ കുമാർ എം.വി, രൂപേഷ് ടി.കെ, മനോജ് കെ.എം എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



