കൈക്കൂലി കേസിൽ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ മുൻ സീനിയർ ക്ലർക്കിന് മൂന്നു വർഷം കഠിനതടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി ഇടവെട്ടി സ്വദേശിയായ റഷീദ് കെ. പനക്കലിനെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജ് രാജേഷ് ജി ശിക്ഷിച്ചത്. പിഴ തുകയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. കൂടാതെ പിഴത്തുകയിൽ നിന്നും 30,000 രൂപ പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടു. നിലവിൽ തിരുവനന്തപുരം ജില്ലാ പട്ടികജാതി ഓഫീസിലെ സീനിയർ ക്ലർക്കാണ് പ്രതിയായ റഷീദ്.
പരാതിക്കാരന്റെ മകൾക്ക് ലഭിക്കേണ്ട പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് തുക വേഗത്തിൽ അനുവദിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2019, 2020 വർഷങ്ങളിൽ ഇയാൾ പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നു. തുടർന്ന് 2021-ൽ വീണ്ടും 40,000 രൂപ ആവശ്യപ്പെടുകയും, ഇതിന്റെ ആദ്യ ഗഡുവായ 25,000 രൂപ കൈപ്പറ്റുന്നതിനിടെ ഇടുക്കി വിജിലൻസ് സംഘം ഇയാളെ കൈയോടെ പിടികൂടുകയുമായിരുന്നു.
ഇടുക്കി വിജിലൻസ് മുൻ ഡിവൈ.എസ്.പിമാരായ വി.ആർ. രവികുമാർ, ഷാജു ജോസ്, ഇൻസ്‌പെക്ടർമാരായ വിനോദ് സി., ടിപ്സൺ തോമസ്, ഷിന്റോ പി. കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സരിത വി.എ, ദിവ്യ പി.എസ് എന്നിവർ കോടതിയിൽ ഹാജരായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



