HONESTY NEWS ADS

ഓണത്തിന് ചിപ്സും ശർക്കര വരട്ടിയും വാങ്ങാൻ പോവുകയാണോ? നിങ്ങൾ വാങ്ങുന്ന ചിപ്‌സിന് കടുത്ത മഞ്ഞനിറമുണ്ടോ? എങ്കിൽ സൂക്ഷിക്കുക! കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ഏത്തക്ക ചിപ്സിലും ശർക്കര വരട്ടിയിലും കൃത്രിമ നിറങ്ങൾ ചേർത്താൽ കർശന നടപടി


ഓണക്കാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഏത്തക്ക ചിപ്സിലും ശർക്കര വരട്ടിയിലും കൃത്രിമ നിറങ്ങൾ ചേർത്താൽ കർശന നടപടി. ഇത്തരം നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവുശിക്ഷയും ലഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഓണക്കാലം ലക്ഷ്യമാക്കി വിപണിയിൽ എത്തുന്ന ഇത്തരം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.


അമിതമായ മഞ്ഞനിറം കണ്ടാൽ സൂക്ഷിക്കുക

ആകർഷകമായ നിറം ലഭിക്കുന്നതിനായി പലരും നിരോധിച്ചതും ചേര്‍ക്കുവാന്‍ അനുവാദമില്ലാത്തതുമായ കളറുകള്‍ ചിപ്സിലും മറ്റും ചേർക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിപ്‌സിന് അമിതമായ മഞ്ഞനിറം ഉണ്ടെങ്കിൽ അതില്‍ കൃത്രിമ നിറം ചേര്‍ത്തിരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം ഉൽപ്പന്നങ്ങൾ 'സുരക്ഷിതമല്ലാത്ത ഭക്ഷണം' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. അതിനാൽ അമിത മഞ്ഞനിറമുള്ള ചിപ്സുകളും മറ്റും വാങ്ങുന്നത് ഉപഭോക്താക്കള്‍ പൂർണ്ണമായും ഒഴിവാക്കണം.


ചിപ്സ് വാങ്ങുമ്പോള്‍ അതില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്തിട്ടുണ്ടോ എന്ന് വ്യാപാരികളോട് ചോദിച്ചറിയുന്നത് ഉപഭോക്താക്കള്‍ ഒരു ശീലമാക്കി മാറ്റണമെന്നും അധികൃതർ നിർദേശിക്കുന്നു. ഉപഭോക്താക്കൾ നിറമുള്ള ചിപ്സുകൾ വാങ്ങാത്തതുകൊണ്ടാണ് കളർ ചേർക്കേണ്ടി വരുന്നത് എന്നാണ് വ്യാപാരികളുടെ പരാതി. അതിനാൽ ഉപഭോക്താക്കൾ കൃത്രിമ നിറങ്ങളില്ലാത്ത ചിപ്സുകൾ ആവശ്യപ്പെട്ട് തുടങ്ങിയാൽ മാത്രമേ വ്യാപാരികളുടെ ഈ ശീലം മാറ്റുവാന്‍ സാധിക്കൂ. അതേസമയം, ഉൽപ്പന്നങ്ങളിൽ സ്വാഭാവിക നിറങ്ങള്‍ ചേര്‍ക്കുന്നത് അനുവദനീയമാണ്. വ്യാപാരികള്‍ ഗുണനിലവാരം കുറഞ്ഞതും കൃത്രിമ നിറങ്ങള്‍ ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തില്‍ നിന്നും പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.


കർശന പരിശോധന തുടരുന്നു; സാമ്പിളുകൾ ലാബിലേക്ക്

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മാത്രം 59 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ രണ്ട് ചൈല്‍ഡ് ഹോമുകളും ഒരു വൃദ്ധ സദനവും ഉൾപ്പെടുന്നു.


വിശദമായ ലാബ് പരിശോധനയ്ക്കായി 8 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 5 സര്‍വേയലന്‍സ് സാമ്പിളുകളും ശേഖരിച്ച് അയച്ചിട്ടുണ്ട്. വീഴ്ച കണ്ടെത്തിയ 4 സ്ഥാപനങ്ങള്‍ക്ക് കോംപൗണ്ടിംഗ് നോട്ടീസും, 8 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസും, 3 സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകി. കൂടാതെ ഒരു അഡ്ജ്യൂഡിക്കേഷന്‍ ശുപാര്‍ശയും നൽകിയിട്ടുള്ളതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. വരും ദിവസങ്ങളിലും വിപണിയിൽ പരിശോധന കർശനമായി തുടരാനാണ് വകുപ്പിന്റെ തീരുമാനം.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


COCHIN MOTORS CRANE RECOVERY SERVICE - IDUKKI




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS