ഇടുക്കി ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെയും (DTPC) സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 21-ന് ചെറുതോണിയിൽ തുടക്കമാകും. സെപ്തംബർ 5-ന് തൊടുപുഴയിലാണ് ആഘോഷങ്ങളുടെ സമാപനം.
ഓഗസ്റ്റ് 21-ന് ഉച്ചയ്ക്ക് 2 മണിക്ക് വിവിധ കലാരൂപങ്ങളും ബാൻഡ് സംഘവും അണിനിരക്കുന്ന വർണ്ണാഭമായ ഘോഷയാത്രയോടെയായിരിക്കും ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. പ്രാദേശിക കലാരൂപങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് മൂന്നാർ, ചെറുതോണി, കുമളി, രാജക്കാട്, തൊടുപുഴ എന്നീ അഞ്ച് പ്രധാന കേന്ദ്രങ്ങളിലാണ് ജില്ലാതല പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഓണാഘോഷത്തോടനുബന്ധിച്ച് ഓഗസ്റ്റ് 21 മുതൽ 31 വരെ പൊതുജനങ്ങൾക്ക് ഇടുക്കി ഡാം സന്ദർശിക്കാൻ പ്രത്യേക അവസരമൊരുക്കും. ഡാമിൽ ആകർഷകമായ പ്രകാശ അലങ്കാരങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന ഭക്ഷ്യമേളയും ക്രമീകരിക്കുന്നുണ്ട്. പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ നടത്തുക. ആഘോഷങ്ങളുടെ സംഘാടനത്തിനായി 15.50 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്.
റോയ് കെ. പൗലോസ് എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിൻ്റെ അധ്യക്ഷതയിലാണ് സംഘാടകസമിതി ആലോചനാ യോഗം ചേർന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ഷീല സ്റ്റീഫൻ, പ്രാദേശിക ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ-വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



