ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ ഓണം ടൂറിസം വാരാഘോഷം ‘ഓണോത്സവ് 2026’-ന് ചെറുതോണിയിൽ വർണാഭമായ തുടക്കമായി. ഓഗസ്റ്റ് 21 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു.
ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചെറുതോണി ബസ് സ്റ്റാൻഡ് മൈതാനിയിൽ നിന്നും ആരംഭിച്ച വർണാഭമായ സാംസ്കാരിക ഘോഷയാത്ര ടൗൺ ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും അകമ്പടി സേവിച്ച ഘോഷയാത്രയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ഇടുക്കി എം.എൽ.എ. റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ചു. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോൾ ജിന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി എ.ഡി.എം. മിനി ജോൺ, ജില്ലാ പഞ്ചായത്ത് മെമ്പർ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പത്തു ദിവസങ്ങളിലായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളാണ് ഓണോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.



