വാഴക്കുളത്ത് വാടക വീട്ടിൽ നിന്നും 51 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യ പ്രതികളിൽ ഒരാളെ വെസ്റ്റ് ബംഗാളിൽ ചെന്ന് പോലീസ് അതിസാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ ജലങ്കി സ്വദേശിയായ അസ്‌ലം ഷേക്ക് (31) ആണ് തടയിട്ടപറമ്പ് പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി അറസ്റ്റിലായത്. പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലും കഞ്ചാവ് എത്തിച്ചുകൊണ്ടിരുന്ന വൻ ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാൾ.
കഞ്ചാവ് പിടികൂടിയ വീട് വാടകയ്ക്ക് എടുത്തിരുന്നത് അസ്‌ലമായിരുന്നു. കഞ്ചാവ് ഏർപ്പാടാക്കുന്നതും ട്രെയിൻ മാർഗം എത്തിക്കുന്നതും ഇവിടെ വിൽപ്പന നടത്തുന്നതും പല പല ടീമുകളായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. 15 വർഷത്തോളം പോഞ്ഞാശ്ശേരി, ചെമ്പറക്കി ഭാഗങ്ങളിൽ താമസിച്ച് വന്നിരുന്ന ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് എത്തിക്കുന്നതിനുള്ള പ്രധാന ഇടനിലക്കാരനായി പ്രവർത്തിച്ചു വരികയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ്റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗാളിലെ മുർഷിദാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹുക്കാറ എന്ന സ്ഥലത്തുനിന്നും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്തത്. പട്ടണത്തിൽ നിന്നും ഏറെ അകലെയുള്ള ഈ ഉൾഗ്രാമത്തിലേക്ക് പുറത്ത് നിന്നുള്ളവർക്ക് എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടാണ്.
ഈ ഭാഗത്ത് വേഷം മാറി താമസിച്ചാണ് പോലീസ് അസ്ലമിനെ കണ്ടെത്തിയത്. പോലീസിനെ കണ്ടയുടനെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, സംഘം അതിസാഹസികമായി പിന്തുടർന്ന് വളഞ്ഞ് പിടികൂടുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



