റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെതിരായ എക്സൈസ് കേസിൽ എഫ്ഐആർ പകർപ്പ് പുറത്ത്. ആന്റോയുടെ വീട്ടിൽനിന്ന് 138 മദ്യക്കുപ്പികൾ പിടിച്ചെടുത്തതായാണ് എഫ്ഐആറിൽ പറയുന്നത്. ഏകദേശം 67 ലിറ്ററോളം വരുമിത്. അനധികൃതമായി അളവിൽ കവിഞ്ഞ മദ്യം സൂക്ഷിച്ചതിന് അബ്കാരി ആക്ടിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് ആന്റോയ്ക്കെതിരേ കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായ മദ്യക്കടത്തും കൈവശം വെയ്ക്കലും, അനധികൃത മദ്യവിൽപ്പന-വിൽപനയ്ക്കായി മദ്യം സൂക്ഷിക്കൽ, നികുതിവെട്ടിച്ച് മദ്യം കൈവശംവെയ്ക്കൽ തുടങ്ങിയവയാണ് ആന്റോയ്ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
അതിനിടെ, മെസ്സിയെ കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ചാനലിൽ എസ്ഐടി നടത്തിയ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. റിപ്പോർട്ടർ ടിവി ഓഫീസിൽനിന്ന് 6300 ഡോളറും എസ്ഐടി സംഘം കണ്ടെടുത്തിട്ടുണ്ട്. ഡോളർ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് എസ്ഐടി കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകും. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും കേന്ദ്ര ഏജൻസികളോട് ആവശ്യപ്പെടും.
പുലർച്ചെ അറസ്റ്റ്...
വയനാട്ടിലെ വീട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ചെന്ന കേസിലാണ് റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ വ്യാഴാഴ്ച പുലർച്ചെ എക്സൈസ് അറസ്റ്റ് ചെയ്തത്. മെസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എസ്ഐടി റെയ്ഡ് പൂർത്തിയായതിന് പിന്നാലെയാണ് എക്സൈസ് സംഘം ആന്റോയെ അറസ്റ്റ് ചെയ്യാനായി റിപ്പോർട്ടർ ടിവി ഓഫീസിലെത്തിയത്. എന്നാൽ, എഫ്ഐആർ പകർപ്പ് കാണിക്കണമെന്നായിരുന്നു ആന്റോയുടെ ആവശ്യം. തുടർന്ന് എഫ്ഐആറിന്റെ ഡിജിറ്റൽ പകർപ്പ് കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് ആന്റോ വാശിപിടിച്ചു. ഇതോടെ പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ എഫ്ഐആറിന്റെ ഹാർഡ് കോപ്പിയുമായി സ്ഥലത്തെത്തി. തുടർന്നാണ് അറസ്റ്റ് നടപടികളുമായി ആന്റോ സഹകരിച്ചത്.
ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്ന് ആന്റോ അഗസ്റ്റിൻ...
താൻ ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നായിരുന്നു എക്സൈസ് കേസിൽ അറസ്റ്റിലായതിന് പിന്നാലെ ആന്റോ അഗസ്റ്റിന്റെ പ്രതികരണം. എങ്ങനെയാണ് വീട്ടിൽ മദ്യശേഖരമെത്തിയതെന്ന് അറിയില്ലെന്നും ആന്റോ പറഞ്ഞു. ''പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞു. അവർക്ക് മെസ്സിയുമായി ബന്ധപ്പെട്ട രേഖകൾ കൊടുത്തു. അതിനുശേഷം എക്സൈസുമായി ബന്ധപ്പെട്ട് ഏതോ കേസിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഏകദേശം രണ്ടുമണിക്ക് എന്നെ തടഞ്ഞുവെച്ചതാണ്. ഞാൻ മദ്യപിക്കുന്ന ആളല്ല. ജീവിതത്തിൽ മദ്യപിച്ചിട്ടില്ല. എക്സൈസുമായി ബന്ധപ്പെട്ട കേസ് എന്താണെന്നറിയില്ല. എന്തായാലും പോയിനോക്കാം. എവിടെയാണ് മദ്യം സൂക്ഷിച്ചതെന്നോ എന്താണ് സംവിധാനമെന്നോ അറിയില്ല. ഞാൻ ഇവിടെയല്ലേ. നോക്കട്ടെ. എല്ലാം നോക്കാം''- ആന്റോ പറഞ്ഞു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


.jpeg)
