സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം സ്വന്തമാക്കി വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ. സംസ്ഥാനത്തെ സ്കൂളുകളുടെ വിവിധ മേഖലകളിലെ സമഗ്ര പ്രകടനം വിലയിരുത്തി നൽകുന്ന അവാർഡിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്നാം സ്ഥാനമാണ് വിദ്യാലയം കരസ്ഥമാക്കിയത്.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ ശ്രദ്ധേയമായ മുന്നേറ്റമാണ് വിദ്യാലയത്തെ പുരസ്കാരത്തിന് അർഹമാക്കിയത്. ഹയർ സെക്കൻഡറി പരീക്ഷകളിലെ മികച്ച വിജയശതമാനത്തിന് പുറമെ, ജില്ലാ-സംസ്ഥാന തലങ്ങളിലെ കായിക, പ്രവൃത്തിപരിചയ, ശാസ്ത്ര-ഗണിത മേളകളിലെ സജീവ സാന്നിധ്യവും നേട്ടത്തിന് കരുത്തായി.
നാടിന്റെ സാംസ്കാരിക-വിദ്യാഭ്യാസ മുന്നേറ്റം
ഇടുക്കി രൂപത എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ മൂന്ന് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽനിന്ന് പഠിച്ചിറങ്ങിയ നിരവധി വിദ്യാർഥികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്. ഹൈറേഞ്ച് മേഖലയിൽ ഏറ്റവും കൂടുതൽ പ്ലസ് ടു ബാച്ചുകളുള്ള ഇവിടെ, കേരളത്തിലെ ഏക ഗോത്രവർഗ്ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടി ഉൾപ്പെടെയുള്ള വിദൂര മേഖലകളിൽ നിന്നുള്ള വിദ്യാർഥികളും പഠനം നടത്തുന്നുണ്ട്.
പ്രവർത്തന മികവ്:
വിദ്യാർഥി കൂട്ടായ്മകൾ: എൻ.എസ്.എസ് (NSS), എൻ.സി.സി എയർഫോഴ്സ് (NCC Air Wing), സ്കൗട്ട് ആൻഡ് ഗൈഡ്സ്, പവർ ബ്രിഗേഡ്, കരിയർ ഗൈഡൻസ് സെൽ എന്നിവയുടെ മാതൃകാപരമായ പ്രവർത്തനം.
സാമൂഹിക പ്രതിബദ്ധത: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഷോർട്ട് ഫിലിം, ഫ്ലാഷ് മോബ്, കൂട്ടയോട്ടം തുടങ്ങിയ ജനകീയ ഇടപെടലുകൾ.
നേട്ടങ്ങൾ: ജില്ലാ സ്വാതന്ത്ര്യദിന-റിപ്പബ്ലിക് ദിന പരേഡുകളിൽ മികച്ച പ്രകടനം. ഇടുക്കി രൂപത കോർപ്പറേറ്റ് ഏജൻസിയുടെ ബെസ്റ്റ് സ്കൂൾ അവാർഡ് തുടർച്ചയായി ഏഴ് തവണ സ്വന്തമാക്കി.
സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പിടിഎയുടെയും കൂട്ടായ പരിശ്രമവും പിന്തുണയുമാണ് ഈ വലിയ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 5 അധ്യാപകദിനത്തിൽ കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് സ്കൂൾ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങും.
കൂടുതൽ വാർത്തകൾക്കായി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



