ഏലക്ക വിളവെടുപ്പ് സജീവമായതോടെ ഹൈറേഞ്ചിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് പച്ച ഏലക്ക മോഷണം വ്യാപകമാകുന്നു. കർഷകരും തോട്ടമുടമകളും ജാഗ്രത ശക്തമാക്കുന്നതിനിടെ, മാവടിയിൽ തോട്ടത്തിൽ അതിക്രമിച്ച് കയറി ഏലക്ക മോഷ്ടിച്ച മൂന്ന് യുവാക്കളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. തമിഴ്നാട് തേനി പുതുപ്പെട്ടി സ്വദേശികളായ അശോക് (25), വിഘ്നേഷ് (30), കരുണാപുരം സ്വദേശി സൂരജ് (22) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തത്.
കൈലാസനാട് മാവടി വിലക്ക് ഭാഗത്തെ ചിന്നത്തോട്ടം എസ്റ്റേറ്റിലായിരുന്നു സംഭവം. കാറിലെത്തിയ സംഘം തോട്ടത്തിൽ കയറി ഏലക്ക പറിച്ചെടുക്കുകയായിരുന്നു. ഇവരുടെ നീക്കങ്ങൾ തോട്ടം മേൽനോട്ടക്കാരന്റെ ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മൂവരെയും തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. പ്രതികളിൽനിന്ന് മോഷ്ടിച്ച 12 കിലോയോളം പച്ച ഏലക്കയും കൃത്യത്തിന് ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.
കർഷകർക്ക് കനത്ത സാമ്പത്തിക നഷ്ടം
വിപണിയിൽ ഏലക്കയ്ക്ക് മികച്ച വില ലഭിക്കുന്ന സമയമായതിനാൽ മോഷണം കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പല തോട്ടങ്ങളിൽനിന്നായി ചെറിയ അളവിൽ പച്ച ഏലക്ക മോഷ്ടിച്ച് ഒന്നിച്ചുവിൽപ്പന നടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് കർഷകർ പറയുന്നത്. തോട്ടങ്ങളുടെ വലിപ്പക്കൂടുതലും ഒറ്റപ്പെട്ട ഭൂപ്രകൃതിയും മുതലെടുത്ത് പകൽസമയങ്ങളിൽ പോലും അതിക്രമിച്ചുകയറാൻ മോഷ്ടാക്കൾ മടിക്കുന്നില്ല.
വിളവെടുപ്പ് കാലത്ത് തൊഴിലാളികളല്ലാത്ത അപരിചിതരോ സംശയാസ്പദമായ വാഹനങ്ങളോ തോട്ടം മേഖലകളിൽ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



