ഏലക്കയിൽ ആകർഷകമായ പച്ചനിറം ലഭിക്കുന്നതിനായി കൃത്രിമ നിറങ്ങളും രാസവസ്തുക്കളും ചേർക്കുന്നുവെന്ന പരാതികളിൽ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. അന്വേഷണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് എറണാകുളം റീജിയൻ ഡെപ്യൂട്ടി കമ്മിഷണർ ആർ. രൺധീപിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വ്യാപക പരിശോധന നടത്തി.
ജില്ലയിലെ പ്രമുഖ ഏലക്ക വ്യാപാര സ്ഥാപനങ്ങൾ, ഏലക്ക ഉണങ്ങുന്ന ഡ്രയറുകൾ, വിവിധ തോട്ടങ്ങൾ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധന നടത്തിയത്. വിപണിയിൽ വിതരണത്തിനെത്തിക്കുന്ന ഏലക്കയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി വിവിധയിടങ്ങളിൽ നിന്ന് സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇവ വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചു. പരിശോധനാ ഫലം ലഭിച്ച ശേഷം കൃത്രിമ നിറം ചേർത്തതായി തെളിഞ്ഞാൽ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പരിശോധനയിൽ ഇടുക്കി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ്, ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ആതിരദേവി, ശ്രീദേവി, ജോയ്‌സ് എന്നിവരും പങ്കെടുത്തു. കൃത്രിമ നിറങ്ങൾ ചേർക്കുന്നതിനെതിരെ ജില്ലയിലെ മറ്റ് തോട്ടങ്ങളിലും ഡ്രയറുകളിലും വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരും.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ..👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


.jpg)
