ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (EEFI) നേതൃത്വത്തിൽ നവംബർ 2 മുതൽ ആരംഭിക്കുന്ന വൈദ്യുതി തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടുക്കി ജില്ലയിൽ വിപുലമായ സമരസഹായ സമിതി രൂപീകരിച്ചു. ചെറുതോണി ജിനദേവൻ സ്മാരക മന്ദിരത്തിൽ ചേർന്ന കൺവെൻഷൻ കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈദ്യുതി മേഖലയിലെ ഏറ്റവും സുപ്രധാനമായ റവന്യൂ വിഭാഗത്തെ സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനായി, രാജ്യമാകെ അംഗീകരിച്ച ക്യാപ്പക്സ് (CAPEX) മാതൃകയെ അട്ടിമറിച്ച് ഉപഭോക്താക്കൾക്കും സ്ഥാപനത്തിനും കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന ടോട്ടക്സ് (TOTEX) മാതൃകയിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്ന പ്രധാന ആവശ്യം ഉന്നയിച്ചാണ് സമരം.
കൂടാതെ, വർഷം അവസാനിക്കാറായിട്ടും 2026 വർഷത്തെ ജനറൽ ട്രാൻസ്ഫർ പൂർത്തിയാക്കാത്ത കെഎസ്ഇബി ബോർഡിന്റെ നയം തിരുത്തുക, ജീവനക്കാരുടെ വെൽഫെയർ ഫണ്ട് വിദ്യാഭ്യാസ അവാർഡ് മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതിനെ ചോദ്യം ചെയ്ത ജീവനക്കാർക്കെതിരെയുള്ള സസ്പെൻഷൻ നടപടികൾ പിൻവലിക്കുക, കരാർ ജീവനക്കാരുടെ സേവന–വേതന വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്.
കൺവെൻഷനിൽ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ജോയിന്റ് സെക്രട്ടറി സുബീഷ് പി.എസ്. വിഷയം അവതരിപ്പിച്ചു. സിഐടിയു ഇടുക്കി ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഇടുക്കി ഡിവിഷൻ സെക്രട്ടറി സുരേഷ് പി.എസ്. സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ജ്യോതികുമാർ കൃതജ്ഞതയും പറഞ്ഞു. കെഎസ്കെടിയു ജില്ലാ സെക്രട്ടറി എം.ജെ. മാത്യു ആശംസകൾ നേർന്നു.
ഭാരവാഹികൾ:
രക്ഷാധികാരി: സി.വി. വർഗീസ് (സംസ്ഥാന കമ്മിറ്റി അംഗം, കർഷകസംഘം)
ചെയർമാൻ: കെ.എസ്. മോഹനൻ (ജില്ലാ സെക്രട്ടറി, സിഐടിയു)
ജനറൽ കൺവീനർ: ആർ. ജ്യോതികുമാർ (സംസ്ഥാന വൈസ് പ്രസിഡന്റ്, കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ)
വൈസ് ചെയർമാൻമാർ: റോമിയോ സെബാസ്റ്റ്യൻ, എം.ജെ. മാത്യു
യോഗത്തിൽ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ പി.കെ., കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിഷ്ണു വിനോദ്, കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ജി. പ്രകാശ് എന്നിവരും എൻജിഒ യൂണിയൻ, ബെഫി, ഡിവൈഎഫ്ഐ, എസ്എഫ്ഐ, കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ തുടങ്ങി വിവിധ വർഗ്ഗ–ബഹുജന സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



