ഇടുക്കി പാംബ്ല ഡാമിന് സമീപം വനമേഖലയിൽ 18-കാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിനി നിത്യ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി നിഷാന്തിന്റെ സഹോദരൻ രാജകുമാരി ബി ഡിവിഷൻ അംബേദ്കർ ഉന്നതി സ്വദേശി നിഖിൽ സതീഷിനെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാനും കത്തിച്ചു കളയാനും സഹായിച്ചതിനാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വിവാഹത്തെച്ചൊല്ലിയുള്ള തർക്കം, ക്രൂരമായ കൊലപാതകം
വിവാഹത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. തമിഴ്‌നാട്ടിൽ നിന്ന് വിളിച്ചുവരുത്തിയ നിത്യയുമായി നിഷാന്ത് വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് നിത്യയെ ബൈക്കിൽ അരമനപ്പാറയിലെ ഏലത്തോട്ടത്തിലെത്തിച്ച് കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കാനും തിരിച്ചറിയാതിരിക്കാനുമായി പെൺകുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
സഹോദരന്റെ ഇടപെടൽ പുറത്തായത് ഇങ്ങനെ
കൃത്യം നടത്തിയ ശേഷം നിഷാന്ത് സഹോദരനായ നിഖിലിനെ വിളിച്ചുവരുത്തി. ഓട്ടോറിക്ഷയുമായി എത്തിയ നിഖിലിനോട് കൊലപാതകവിവരം തുറന്നുപറഞ്ഞ നിഷാന്ത്, മൃതദേഹം മാറ്റാൻ സഹായം തേടി. ഇരുവരും ചേർന്ന് മൃതദേഹം ഓട്ടോയിൽ കയറ്റി മൂടിപ്പൊതിഞ്ഞ് കൊണ്ടുപോയി.
ആദ്യം മൃതദേഹം ചതുപ്പിലോ വെള്ളക്കെട്ടിലോ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ ഇത് നടക്കാതെ വന്നതോടെ പാംബ്ലയിലെ വനമേഖലയിലെത്തിച്ച് കത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് തോട്ടപ്പുരയിൽ നിന്ന് പെട്രോൾ ശേഖരിച്ച് പാംബ്ല ഡാമിന് സമീപമുള്ള കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിനും ചെക്ക്പോസ്റ്റിനും പിന്നിലെ ആളൊഴിഞ്ഞ കാട്ടിലെത്തിച്ച് മൃതദേഹത്തിന് തീയിട്ടു.
മൊഴിയിലെ വൈരുധ്യം കുരുക്കായി
കൃത്യം നടത്തിയത് താൻ ഒറ്റയ്ക്കാണെന്നായിരുന്നു ഒന്നാം പ്രതി നിഷാന്ത് പോലീസിന് നൽകിയിരുന്ന ആദ്യ മൊഴി. എന്നാൽ സാഹചര്യത്തെളിവുകൾ പരിശോധിച്ച അന്വേഷണസംഘത്തിന് ഇതിൽ സംശയം തോന്നി. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സഹോദരൻ നിഖിലിന്റെ പങ്ക് വ്യക്തമായത്.
നിത്യയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ നൽകിയ വിവരങ്ങളും നഖത്തിലെ അടയാളങ്ങളും അടിസ്ഥാനമാക്കിയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



