കുടയത്തൂരിൽ നേരത്തെ ഉരുൾപൊട്ടലുണ്ടായ അതീവ പരിസ്ഥിതിലോല മേഖലയ്ക്ക് സമീപം നടക്കുന്ന അനധികൃത മണ്ണെടുപ്പിലും ഖനനത്തിലും ജില്ലാ ഭരണകൂടത്തിന്റെ കർശന ഇടപെടൽ. പൊതു അവധി ദിനങ്ങളുടെ മറവിൽ ഇവിടെ വ്യാപകമായി അനധികൃത ഖനനം നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ, സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മേഖലയിലെ അനിയന്ത്രിതമായ ഖനന പ്രവർത്തനങ്ങൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും വൻ ഭീഷണി ഉയർത്തുന്നുവെന്ന വിവരത്തെത്തുടർന്നാണ് കളക്ടറുടെ അടിയന്തര നടപടി.
നേരിട്ട് സന്ദർശിച്ച് പരിശോധിക്കാൻ ഉത്തരവ്
ജില്ലാ ജിയോളജിസ്റ്റ്, തൊടുപുഴ തഹസിൽദാർ എന്നിവരോട് ഉടൻ തന്നെ സ്ഥലം നേരിട്ട് സന്ദർശിച്ച് പരിശോധന നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ഖനനം മൂലം പ്രദേശത്തുണ്ടായിട്ടുള്ള ദുരന്ത സാധ്യത കൃത്യമായി വിലയിരുത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കണം. അനുമതിയില്ലാതെ മണ്ണെടുപ്പും ഖനനവും നടത്തിയതായി കണ്ടെത്തിയാൽ കർശനമായ നിയമനടപടികൾ സ്വീകരിക്കണം.
ഉത്തരവാദികൾക്കെതിരെ ക്രിമിനൽ കേസ്
അനുമതിയില്ലാതെ ഭൂമി തരംമാറ്റാനോ ഖനനം നടത്താനോ ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിന് ഉത്തരവാദികളായ വ്യക്തികൾക്കും ബന്ധപ്പെട്ട സ്ഥലമുടമയ്ക്കുമെതിരെ കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കാനും കളക്ടർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദമായ റിപ്പോർട്ട് ദുരന്ത നിവാരണ അതോറിറ്റിക്ക് ഉടൻ സമർപ്പിക്കാനും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



