ഇടുക്കി ജില്ലാ കളക്ടറുടെ വിവാദ ഉത്തരവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭവുമായി കേരള കോൺഗ്രസ് (എം) രംഗത്ത്. വന്യജീവി സംരക്ഷണത്തിന്റെ പേരിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്ന സുരക്ഷാ വേലികളും മതിലുകളും നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ ഒക്ടോബർ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഇടുക്കി കളക്ടറേറ്റിലേക്ക് മാർച്ചും വിവാദ ഉത്തരവുകൾ കത്തിച്ച് അഗ്നിജ്വാലയും സംഘടിപ്പിക്കും. സമരം മുൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
കർഷകരുടെ സംരക്ഷണ വേലികൾ നീക്കം ചെയ്യാനുള്ള സെപ്റ്റംബർ 23-ലെ കളക്ടറുടെ ഉത്തരവും, ജനജീവിതത്തിൽ വലിയ ആശങ്ക സൃഷ്ടിച്ച സെപ്റ്റംബർ 28-ലെ യാത്രാ നിയന്ത്രണ ഉത്തരവും അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) ആവശ്യപ്പെട്ടു. ഒരു വനാതിർത്തിയിൽ നിന്ന് മറ്റൊരു വനാതിർത്തിയിലേക്ക് ജനവാസ മേഖലകളിലൂടെയും കൃഷിഭൂമിയിലൂടെയും ആനത്താരയൊരുക്കാനുള്ള ഗൂഢലക്ഷ്യമാണ് കളക്ടറുടെ ഉത്തരവിന് പിന്നിലെന്ന് നേതാക്കൾ ആരോപിച്ചു.
ജനവാസ കേന്ദ്രങ്ങളിലൂടെ വന്യജീവികളുടെ സഞ്ചാരം സുഗമമാക്കുന്നതിന് പകരം, വന്യമൃഗങ്ങളെ വനത്തിനുള്ളിൽത്തന്നെ നിയന്ത്രിക്കാനുള്ള ശാശ്വത പരിഹാരമാണ് സർക്കാർ ഒരുക്കേണ്ടത്. ജില്ലയിലെ എം.പിയും എം.എൽ.എമാരും അറിഞ്ഞുകൊണ്ടാണ് കളക്ടർ ഇത്തരം വിവാദ ഉത്തരവുകൾ പുറത്തിറക്കിയത്. ജനപ്രതിനിധികൾ വന്യജീവികളുടെ സംരക്ഷകരാകുന്നതിന് പകരം ജനങ്ങളുടെ സംരക്ഷകരായി മാറാൻ തയ്യാറാകണമെന്നും നേതാക്കൾ വ്യക്തമാക്കി.
വിവാദ ഉത്തരവുകൾ പിൻവലിക്കുന്നതുവരെ മലയോര ജനതയുടെയും കർഷകരുടെയും അവകാശങ്ങൾ സംരക്ഷിക്കാനായി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പാർട്ടി അറിയിച്ചു. പാർട്ടി വാർഡ് പ്രസിഡന്റുമാർ മുതൽ ജില്ലാതല നേതാക്കൾ വരെയുള്ള മുഴുവൻ പ്രതിനിധികളും കളക്ടറേറ്റ് മാർച്ചിൽ അണിനിരക്കും. ചെറുതോണിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ രാരിച്ചൻ നീർനാകുന്നേൽ, ജോസ് കുഴികണ്ടം, ഷിജോ തടത്തിൽ, ജിൻസൺ വർക്കി എന്നിവർ പങ്കെടുത്തു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



