ചെറുതോണി: ഒയിസ്ക ഇന്റർനാഷണൽ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ 21-ാമത് വാർഷികാഘോഷം ചെറുതോണി സ്റ്റോണേജ് ഓഡിറ്റോറിയത്തിൽ വിപുലമായി നടന്നു. വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് നിർവ്വഹിച്ചു. ചടങ്ങിൽ ഒയിസ്ക ജില്ലാ പ്രസിഡന്റ് പാറത്തോട് ആന്റണി അധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസം, വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെ ഐക്യരാഷ്ട്രസഭയുടെ കീഴിൽ ലോകത്തെ ഇരുന്നൂറോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ അന്താരാഷ്ട്ര സംഘടനയാണ് ഒയിസ്ക ഇന്റർനാഷണൽ. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ടോപ് ടീൻ' ജില്ലാതല മത്സരങ്ങൾക്ക് ഒയിസ്ക ജില്ലാ ജനറൽ സെക്രട്ടറി ഡോ. ബാബു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് അഡ്വ. സുകുമാർ അരിക്കുഴ, ഫോറം കൺവീനർ ആനി ജബരാജ് എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നടന്ന സെമിനാറിൽ ‘സാമൂഹ്യ നവോത്ഥാനത്തിൽ സാംസ്കാരിക സംഘടനകളുടെ പങ്ക്’ എന്ന വിഷയത്തിൽ ആന്റണി മുനിയറ ക്ലാസ് നയിച്ചു. ‘സംഘടനാ പ്രവർത്തനം എന്ത്, എന്തിന്?’ എന്ന വിഷയത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പള്ളിൽ പ്രമേയം അവതരിപ്പിച്ചു.
എസ്.എൻ.ഡി.പി ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ, വ്യാപാരി വ്യവസായി ഇടുക്കി താലൂക്ക് പ്രസിഡന്റ് ജോസ് കുഴികണ്ടം, ഇടുക്കി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. പി.എ. സുഹാസ്, ചെറുതോണി പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഔസേപ്പച്ചൻ എടക്കുളത്തിൽ, കെ.എം. ജലാലുദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒയിസ്കയുടെ വിവിധ തലങ്ങളിലെ ഭാരവാഹികളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


