ലോകത്തിലെ ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് കുങ്കുമപ്പൂവ്. കാശ്മീരിലെ തണുത്ത കാലാവസ്ഥയില്‍ കൃഷി ചെയ്യുന്ന കുങ്കുമപ്പൂവ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വീടിനുള്ളില്‍ തന്നെ കൃഷി ചെയ്ത് ലക്ഷങ്ങള്‍ സമ്പാദിക്കുകയാണ് ദമ്പതികള്‍.നാഗ്പൂരില്‍ നിന്നുള്ള അക്ഷയ് ഹോളെയും ഭാര്യ ദിവ്യയും ചേർന്നാണ് വ്യത്യസ്തമായ സംരംഭത്തിന് തുടക്കം കുറിച്ചത്.കുങ്കുമപ്പൂവിന് വിപണിയില്‍ നല്ല വില കിട്ടുമെങ്കിലും അതിൻ്റെ ഉല്‍പ്പാദനം ഇന്ത്യയില്‍ താരതമ്യേന കുറവാണ്.
ഈ സാധ്യത തിരിച്ചറിഞ്ഞാണ് ദമ്പതികള്‍ കുങ്കുമപ്പൂവ് കൃഷി തെരഞ്ഞെടുത്തത്. പരിമിതമായ ഇടങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുന്ന രീതിയില്‍ നിന്നും മണ്ണില്ലാതെ കൃഷിയെന്ന ആശയത്തില്‍ എത്താൻ പ്രചോദനമായത് കാനഡയില്‍ താമസിക്കുന്ന ദിവ്യയുടെ സഹോദരനാണ്. മണ്ണില്ലാതെ കൃഷി ചെയ്യുന്ന എയറോപോണിക്സ് (Aeroponics) സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
എന്താണ് എയറോപോണിക്സ് കൃഷിരീതി?
ചെടികള്‍ക്ക് ആവശ്യമായ വെള്ളവും പോഷകങ്ങളും വേരുകളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്. മണ്ണിന്‍റെ ആവശ്യമില്ലാതെ അനുകൂല അന്തരീക്ഷത്തില്‍ ചെടികള്‍ വളർത്താം. കുങ്കുമപ്പൂവിന് ആവശ്യമായ താപനിലയും മറ്റും മുറിക്കുള്ളില്‍ തന്നെ ഒരുക്കുകയാണ് ചെയ്യുന്നത്. കാശ്മീരില്‍ നിന്ന് നൂറോളം കുങ്കുമപ്പു തൈ വാങ്ങി വീട്ടിലെ വെറും 80 ചതുരശ്രയടി മുറിയിലായിരുന്നു ആദ്യ പരീക്ഷണം.
55 ലക്ഷം നിക്ഷേപം; അഞ്ച് വർഷം കൊണ്ട് 1.3 കോടി വരുമാനം
ആദ്യ പരീക്ഷണം വിജയിച്ചതോടെ ദമ്പതികള്‍ കൃഷി വിപുലീകരിക്കാൻ തീരുമാനിച്ചു. ഇതിനായി ഏകദേശം 55 ലക്ഷം രൂപയാണ് അക്ഷയും ദിവ്യയും നിക്ഷേപിച്ചത്. പിന്നീട് കൃഷി 80 സ്ക്വയർഫീറ്റില്‍ നിന്നും 400 ചതുരശ്രയടി മുറിയിലേക്ക് വ്യാപിപ്പിച്ചു. 2023ല്‍ 'ഷായ എൻ്റർപ്രൈസസ്' എന്ന പേരില്‍ സംരംഭം ആരംഭിക്കുകയും ചെയ്തു. അഞ്ച് വർഷങ്ങള്‍ക്കിപ്പുറം ഒരു കോടി മുപ്പത് ലക്ഷം രൂപയാണ് ഇരുവരുടെയും വരവ്. കഴിഞ്ഞ വർഷം മാത്രം 45 കിലോഗ്രാം കുങ്കുമപ്പൂവ് വിളവെടുക്കാനും ഇവർക്ക് കഴിഞ്ഞു. 2023 മുതല്‍ 2025 വരെ പ്രതിവർഷം 40 മുതല്‍ 50 ലക്ഷം രൂപ വരെയായിരുന്നു വരുമാനം.
സ്വന്തം കൃഷി മാത്രം നോക്കി നടത്തി ഒതുങ്ങിക്കൂടാൻ തയാറല്ലായിരുന്നു ഇവർ. കുങ്കുമപ്പൂവ് കൃഷിയില്‍ താല്‍പര്യമുള്ള കർഷകർക്ക് എയറോപോണിക്സ് കൃഷി പരിചയപ്പെടുത്തി അതിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന പൂവ് ഇവർ തന്നെ വാങ്ങിക്കുന്നു. ഇതിലൂടെ തങ്ങളുടെ കൃഷി വ്യാപിപ്പിക്കുന്നതിനോടൊപ്പം മറ്റു കർഷകരെയും ചേർത്തുപിടിക്കുകയാണ് ലക്ഷ്യമെന്ന് ഈ ദമ്പതികള്‍ പറയുന്നു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



