കോഴിക്കോട് പേരാമ്പ്ര കൂത്താളിയിൽ ജപ്തി നടപടികൾക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് കുടുംബം. തിങ്കളാഴ്ച കവിതയുടെ മൃതദേഹവുമായി ബാങ്കിന് മുന്നിൽ പ്രതിഷേധിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
വായ്പ തിരിച്ചടവിനായി അഞ്ച് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടും ബാങ്ക് അധികൃതർ കാണിച്ച കടുംപിടുത്തമാണ് കവിതയുടെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിൽ തന്നെ സൂക്ഷിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ബാങ്ക് പ്രവൃത്തി ദിനമായ തിങ്കളാഴ്ച മൃതദേഹം ഏറ്റുവാങ്ങി ബാങ്കിന് മുന്നിൽ വെച്ച് പ്രതിഷേധിക്കാനാണ് ബന്ധുക്കളുടെ നീക്കം.
സംഭവത്തിന്റെ പശ്ചാത്തലം:
2018-ൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നടുവണ്ണൂർ ശാഖയിൽ നിന്നാണ് ഭവനനിർമ്മാണ ആവശ്യത്തിനായി കവിതയും ഭർത്താവ് ബാബുവും വായ്പയെടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ പലിശയടക്കം തുക 50 ലക്ഷം രൂപയായി ഉയർന്നിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെ ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതർ കൂത്താളിയിലെ വീട്ടിലെത്തിയിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് വീടിന് പിറകിലെ പഴയ വീട്ടിൽ കവിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജപ്തി ഒഴിവാക്കാനായി വായ്പയിലേക്ക് നിശ്ചിത തുക അടയ്ക്കാൻ അഞ്ച് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുപോലും ഉദ്യോഗസ്ഥർ വഴങ്ങിയില്ലെന്ന് കവിതയുടെ ഭർത്താവ് ബാബു മാധ്യമങ്ങളോട് ആരോപിച്ചു. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



