News Desk
താരിഫ് നിര്‍ണയം മുന്നില്‍ കണ്ടാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. നിരക്കിന്‍റെ കാര്യത്തില്‍ കെ.എസ്.ഇ.ബി നല്‍കുന്ന ശുപാര്‍ശയിന്‍മേല്‍ റെഗുലേറ്ററി കമ്മീഷന്‍ പൊതു ഹിയറിംഗ് നടത്തി മാത്രമെ തീരുമാനം എടുക്കുകയുള്ളുവെന്നും കെഎസ്‌ഇബി. സംസ്ഥാനത്ത് 2022 ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം നിലവില്‍ കൈകൊണ്ടിട്ടില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. മറിച്ച് പ്രചരിക്കുന്നവ വസ്തുതാവിരുദ്ധമാണ്.
റെഗുലേറ്ററി കമ്മീഷന്‍ വിജ്ഞാപനം ചെയ്ത ഭേദഗതി പ്രകാരം ലഭിക്കേണ്ട വര്‍ധന മാത്രമാണ് സാധാരണ കെഎസ്‌ഇബി ശുപാര്‍ശ ചെയ്യാറുള്ളത്. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പൊതു ഹിയറിംഗ് നടത്തി ജുഡീഷ്യല്‍ പ്രക്രിയ പ്രകാരമാണ് നിരക്ക് വര്‍ദ്ധനവിന് അംഗീകാരമാകുക. അതുകൊണ്ട് തന്നെ നിലവില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നടക്കാനിരിക്കുന്ന താരിഫ് നിര്‍ണയ പ്രക്രിയ മുന്നില്‍ കണ്ടുകൊണ്ടുള്ള ഊഹാപോഹങ്ങള്‍ മാത്രമാണെന്നും കെഎസ്‌ഇബി വിശദീകരിച്ചു. ഡിസംബര്‍ 25-ഓടെ മാത്രമാകും കെഎസ്‌ഇബിയുടെ ശുപാര്‍ശ റെഗുലേറ്ററി കമ്മീഷന് മുന്നില്‍ നല്‍കുകയെന്നും കെഎസ്‌ഇബി വ്യക്തമാക്കി.

