കശ്മീരിലെ ബാരമുള്ളയില്‍ ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ബിഎസ്എഫ് ജവാന്‍ അനീഷ് ജോസഫിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇടുക്കി കൊച്ചുകാമാക്ഷി സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.
കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ നേരിട്ട് എത്തി മൃതദേഹം ഏറ്റു വാങ്ങി. തുടര്‍ന്ന് മൃതദേഹം വീട്ടിലും നാല് മണിയോടെ കൂടി പള്ളിയിലും എത്തിച്ചു. പള്ളി അങ്കണത്തെ പൊതുദര്‍ശനത്തിന് ശേഷം ഗാര്‍ഡ് ഓഫ് ഹോണര്‍ നല്‍കി ആദരിച്ചു. 88 ബാറ്റലിയന്‍ ത്രിശൂര്‍ ഇന്‍സ്‌പെക്ടര്‍ അബാനി മാലിക് ദേശീയ പതാക ജവാന്റെ ഭാര്യക്ക് കൈമാറി. പൊതു ദര്‍ശന ചടങ്ങില്‍ ഭവനത്തിലും പള്ളിയിലും ആയി ആയിരക്കണക്കിന് ജനങ്ങളാണ് പങ്കെടുത്തത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം എം മണി എംഎല്‍എ, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഇടുക്കി കൊച്ചുകാമാക്ഷി വടതലക്കുന്നേല്‍ കുടുംബാംഗമാണ് അനീഷ്. ബിഎസ്എഫ് 63 ബറ്റാലിയന്‍ അംഗമായ അനീഷ് കരസേനയോടൊപ്പം അതിര്‍ത്തിയിലെ സംയുക്ത നിരീക്ഷണ ഡ്യൂട്ടിക്കായാണ് കശ്മീരില്‍ എത്തിയത്. 20 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം ഈ മാസം അവസാനം വിരമിക്കാനിരിക്കെയാണ് ദുരന്തം. 15 അടിയോളം ഉയരത്തില്‍ സ്ഥാപിച്ച ഒറ്റയാള്‍ ടെന്റില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് അപകടം.
മേലേ കുപ്പച്ചാംപടി വടുതലക്കുന്നേല്‍ പരേതനായ ജോസഫ് ഈപ്പന്റെയും അമ്മിണിയുടെയും ഇളയ മകനാണ് അനീഷ്. ഭാര്യ സീന ഏബ്രഹാം ഗുജറാത്തില്‍ CRPF ഗാന്ധിനഗര്‍ റെജിമെന്റിലാണ്. ബെംഗളൂരുവില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ എലന മരിയ അനീഷ്, ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ അലോണ മരിയ അനീഷ് എന്നിവരാണ് മക്കള്‍.