മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നും മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിട്ട നടപടിയില്‍ കേരളത്തിന്റെ നിലപാട് തള്ളി തമിഴ്‌നാട്.ഡാം തുറക്കുന്നതിന് മുന്‍പ് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
നവംബർ മാസം മൂന്ന് തവണ പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു. അണക്കെട്ടിൽ നിന്ന് ജലം തുറന്ന് വിടുന്നത് നിശ്ചയിക്കാൻ സംയുക്ത സമിതി വേണമെന്ന ആവശ്യം സ്വീകാര്യമല്ലെന്നും തമിഴ്നാട് സർക്കാർ വ്യക്തമാക്കി.മുല്ലപ്പെരിയാറിൽ മഴമാപിനി യന്ത്രം സ്ഥാപിക്കാമെന്ന ഉറപ്പ് കേരളം ഇത് വരെ പാലിച്ചിട്ടില്ലെന്ന് തമിഴ്നാട് ആരോപിക്കുന്നു. ഇത് കാരണം പെട്ടെന്ന് ഉണ്ടാകുന്ന മഴ പ്രവചിക്കാൻ കഴിയുന്നില്ല. ചില മണിക്കൂറുകളിൽ പെട്ടെന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടും. എന്നാൽ തൊട്ടടുത്ത മണിക്കൂറിൽ നീരൊഴുക്ക് കുറയും. രാത്രികാലങ്ങളിൽ ചിലപ്പോൾ നീരൊഴുക്ക് കൂടുന്നതിനാലാണ് പെട്ടെന്ന് ഷട്ടറുകൾ തുറക്കേണ്ടി വരുന്നത്. ജലത്തിന്റെ ഒഴുക്ക് കണക്കാക്കാൻ കഴിയാത്തത്തിന്റെ ഉത്തരവാദി കേരളമാണെന്നും തമിഴ്നാട് മറുപടി സത്യവാങ്മൂലത്തിൽ ആരോപിച്ചു.
മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് വിട്ടത് കാരണമുണ്ടായ നഷ്ടം തെളിയിക്കുന്നതിന് കേരളം ഹാജരാക്കിയ ഫോട്ടോകൾക്ക് ആധികാരികത ഇല്ലെന്നും പെരിയാറിന്റെ തീരത്തുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കേണ്ടത് കേരളത്തിന്റെ ബാധ്യതയാണെന്നും തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുല്ലപ്പെരിയാർ കേസ് ബുധനാഴ്ച ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
14-Dec-2021 09.45PM