പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
നിയമം പാലിച്ചു മാത്രമേ കെ റെയില്‍ നടപ്പാക്കാവൂവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. സര്‍വ്വേ നടത്തും മുമ്പേ എങ്ങനെ ഡിപിആര്‍ തയ്യാറാക്കിയെന്ന് കോടതി ചോദിച്ചു.ഏരിയല്‍ സര്‍വേ പ്രകാരമാണ് ഡിപിആര്‍ തയ്യാറാക്കിയതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി. ഡിപിആര്‍ പരിശോധിക്കുകയാണെന്നും തീരുമാനം എടുത്തിട്ടില്ലന്നുമാണ് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചത്. ഏരിയല്‍ സര്‍വ്വേയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരിയിലേക്ക് മാറ്റി.
കണ്ണൂരില്‍ കെ റെയില്‍ വിശദീകരണ യോഗത്തിനിടയിലേക്ക് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മര്‍ദനം. മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. മന്ത്രി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് പ്രതിഷേധക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന പോലീസ് പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു. മാധ്യമ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു. ജയ്ഹിന്ദ് ടി വി റിപ്പോര്‍ട്ടര്‍, ഡ്രൈവര്‍ എന്നിവരും അറസ്റ്റിലായി.
പൊലീസിന്റെ ഭാഗമാകാന്‍ ഇനി കുടുംബശ്രീ അംഗങ്ങളും. സ്ത്രീ കര്‍മ്മസേനയെന്ന പേരില്‍ പ്രത്യേകസംഘം രൂപീകരിക്കും. യൂണിഫോമും പരിശീലനവും നല്‍കും. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പോലെ പ്രത്യേക വിഭാഗമായിട്ടാകും ഇവര്‍ പ്രവര്‍ത്തിക്കുക. പൊലീസ് സ്റ്റേഷനുകളെ കൂടുതല്‍ സ്ത്രീസൗഹൃദമാക്കാനാണ് പുതിയ പദ്ധതി. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലുണ്ടാകണം. പദ്ധതി തയ്യാറാക്കിയത് ഡിജിപി അനില്‍ കാന്താണ്.
കൊവിഡ് രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ ഉണ്ടാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ശാസ്ത്രീയമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെച്ചൊല്ലി സിപിഎം സിപിഐ പോര്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമപരമായി നല്‍കിയതാണ് ഈ പട്ടയങ്ങളെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി പ്രതികരിച്ചു. പട്ടയങ്ങള്‍ റദ്ദാക്കുന്നതിന്റെ പേരില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫിസിനെ തൊടാന്‍ അനുവദിക്കില്ല. ആരേയും കുടിയിറക്കില്ലെന്നും എംഎം മണി.
രവീന്ദ്രന്‍ പട്ടയം റദ്ദാക്കിയ സര്‍ക്കാര്‍ നടപടി സിപിഎമ്മിന്റെ തീരുമാനം തന്നെയാണെന്ന് കോടിയേരി അറിയിച്ചു. പട്ടയം റദ്ദാക്കിയ നടപടി 2019 ല്‍ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. ഇടുക്കി ജില്ലയിലെ സിപിഎമ്മിലും സിപിഐയിലുമുണ്ടായ ആശങ്കകള്‍ പരിഹരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
യുജിസി ചട്ടം ലംഘിച്ച് വിരമിച്ച കോളേജ് അധ്യാപകര്‍ക്കും പ്രൊഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനം. മന്ത്രി ഡോ. ആര്‍. ബിന്ദുവിന് പ്രൊഫസര്‍ പദവി അനുവദിക്കാനാണ് ഈ നീക്കമെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.
ക്വട്ടേഷന്‍ പീഡനക്കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി 25 നു പരിഗണിക്കും. റിപ്പോര്‍ട്ട് പോലീസ് ഇന്നാണു കോടതിയില്‍ സമര്‍പ്പിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ടാണിത്. അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷന്‍ റിപ്പോര്‍ട്ട് പ്രതിക്ക് നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലക്കേസില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടി. സൂത്രധാരന്മാരില്‍ ഒരാളായ ആലപ്പുഴ ആര്യാട് സൗത്ത് പഞ്ചായത്ത് കൈതത്തില്‍ അനൂപ് അടക്കം രണ്ടു പേരാണു പിടിയിലായത്. അനൂപിനെ പോപ്പുലര്‍ ഫ്രണ്ട് പത്തനംതിട്ടാ ജില്ലാകമ്മറ്റി ഓഫീസില്‍നിന്നാണ് പിടികൂടിയത്.
കുതിരാന്‍ രണ്ടാം തുരങ്കം തുറന്നു. ഉച്ചയോടെയാണ് രണ്ടാം തുരങ്കം ഭാഗികമായി തുറന്നത്. ഈ തുരങ്കത്തിലൂടെ തൃശൂരില്‍ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് കടത്തി വിട്ടത്. ഒന്നാം തുരങ്കത്തിലെ രണ്ടു വരി ഗതാഗതം ഇന്ന് മുതല്‍ ഒഴിവാക്കും. ഏപ്രില്‍ മുതലാകും തുരങ്കം പൂര്‍ണമായും തുറക്കുക.
വീട്ടമ്മയുടെ ഉടമസ്ഥതയിലുളള മുപ്പത്തൊന്നു സെന്റ് സ്ഥലത്ത് ഗുണ്ടാ സംഘത്തിന്റെ കൈയേറ്റം. ഒറ്റരാത്രി കൊണ്ട് സ്വകാര്യ റബര്‍ എസ്റ്റേറ്റിനു വേണ്ടി മണ്ണു നീക്കി വഴി വെട്ടി. കൊല്ലം പട്ടാഴി സ്വദേശിനി ജലജകുമാരി, ഭര്‍ത്താവ് മോഹനന്‍ എന്നിവരുടെ സ്ഥലത്താണ് കൈയേറ്റം. പത്തുലക്ഷത്തോളം രൂപയുടെ മരങ്ങള്‍ പിഴുതെറിഞ്ഞ അക്രമികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല.
നവമാധ്യമങ്ങള്‍ വഴി മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റുകളുടെ പ്രചരണം കൂടുന്നതായി പൊലീസ്. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ രീതിയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
ആര്‍എസ്എസിനെയും പോലിസിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഉസ്മാന്‍ ഹമീദിന് ജാമ്യം ലഭിച്ചു. കട്ടപ്പന കൊല്ലംപറമ്പില്‍ ഉസ്മാന്‍ ഹമീദിനെ ജനുവരി ആറിനാണ് കട്ടപ്പന പോലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
കൊച്ചുവേളി - നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസിന് ഒരു സ്ലീപ്പര്‍ കോച്ചുകൂടി. ഇതോടെ രാജ്യറാണിയില്‍ എട്ട് സ്ലീപ്പര്‍ കോച്ചുകളുണ്ടാകും.
റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിക്കാന്‍ കേരളം നല്‍കിയ ഫ്ളോട്ട് തള്ളിയത് ഡിസൈനിന്റെ അപാതക മൂലമാണെന്നു കേന്ദ്ര സര്‍ക്കാര്‍. മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമുള്ള രൂപരേഖയാണ് ആദ്യം കേരളം നല്‍കിയതെന്നു കേന്ദ്രസര്‍ക്കാര്‍ പറയുന്നു. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും രൂപം ഉള്‍പ്പെടുത്താന്‍ കേരളം ശ്രമിച്ചു. എന്നാല്‍ സന്ദേശം വിശദീകരിക്കാന്‍ കേരളത്തിനു കഴിഞ്ഞില്ല. കേന്ദ്രം ചൂണ്ടിക്കാട്ടി.
കൈക്കൂലിക്കേസില്‍ പ്രതിയായ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എഞ്ചിനിയര്‍ ജോസ് മോനെ സസ്പെന്റ് ചെയ്തു. ഒളിവില്‍ കഴിയുന്നതിനിടെ ജോസ് മോന്‍ സര്‍വ്വീസില്‍ തിരിച്ചെത്തിയത് വിവാദമായിരുന്നു. കോട്ടയത്തെ വ്യവസായികളില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം മലിനീകരണ ബോര്‍ഡ് എഞ്ചിനിയര്‍ ഹാരീസിനെ വിജിലന്‍സ് പിടികൂടിയിരുന്നു. ഈ കേസിലാണ് ജോസ് മോനെ രണ്ടാം പ്രതിയാക്കിയത്.
പാലക്കാട് മാത്തൂരില്‍ കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. മാത്തൂര്‍ കൂമന്‍ക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കണ്ടെത്തിയത്.
കടയില്‍നിന്നു വാങ്ങിയ ദോശമാവില്‍നിന്ന് സീരിയല്‍ താരത്തിനു കിട്ടിയത് സ്വര്‍ണം. സീരിയല്‍ താരം സൂര്യതാരയ്ക്കാണ് മാവില്‍നിന്ന് സ്വര്‍ണ്ണ മൂക്കുത്തി കിട്ടിയത്. ദോശയുണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളില്‍ മൂക്കുത്തി കണ്ടത്. തുപ്പൂണിത്തുറയില്‍ ഉണ്ടാക്കുന്ന മാവാണു വാങ്ങിയത്.
സിപിഎമ്മിനെ എതിര്‍ക്കുകയും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്ത വയല്‍ക്കിളി സമരനേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎം യോഗത്തില്‍. പൂക്കോത്ത് നടന്ന സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് തളിപ്പറമ്പ് ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് സുരേഷ് കീഴാറ്റൂര്‍ പങ്കെടുത്തത്.
എയര്‍പോര്‍ട്ട് പീഡന കേസിലെ പ്രതി മധുസൂദന റാവു തുമ്പ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. സഹപ്രവര്‍ത്തക നല്‍കിയ പരാതിയിലെടുത്ത കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളം മേധാവിയായിരുന്നു മധുസൂദന റാവു.
വാഹന പരിശോധനയ്ക്കിടെ പൊന്‍കുന്നം എസ്ഐയെ ആക്രമിച്ചെന്ന് ആരോപിച്ച് പൈക നിരപ്പേല്‍ ശശിധരനെ അറസ്റ്റു ചെയ്തു. ഇന്നലെ രാത്രി എട്ടരയോടെ പൊന്‍കുന്നം പൈകയില്‍ മദ്യപിച്ചു ലക്കുകെട്ടാണ് ഇയാള്‍ ആക്രമിച്ചതെന്നു പൊലീസ്.
അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി മേഖലയില്‍നിന്ന് ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോയ പതിനേഴുകാരനെ തിരിച്ചെത്തിക്കാന്‍ ശ്രമങ്ങളുമായി കരസേന. ചൈനീസ് സേനയുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. ഇന്നലെ അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമത്തില്‍നിന്നാണ് യുവാവിനെ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോത്.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് മത്സരിക്കും. ഗോരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍ താന്‍ മത്സരിക്കുമെന്ന് 'രാവണ്‍' എന്നറിയപ്പെടുന്ന പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്തന്നെയാണു പ്രഖ്യാപിച്ചത്.
ധീരജ് വധക്കേസ് ഇടുക്കി കളക്ടറേറ്റ്ന് സമീപത്തുള്ള വനമേഖലകളിൽ പ്രതി ഉപേക്ഷിച്ച കത്തി ക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്‌നാടിന്റെ ടാബ്‌ളോയും കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി നിരസിച്ചു. ചെന്നൈയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ടാബ്ലോ പ്രദര്‍ശിപ്പിക്കുമെന്നു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.
നടന്‍ ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും വിവാഹ മോചിതരാകുന്നുവെന്ന് അവര്‍ തന്നെ അറിയിച്ചതിനു പിന്നാലെ അവരെ ഉപദേശിച്ചു ശരിയാക്കിയെന്ന അറിയിപ്പുമായി ധനുഷിന്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജ. 'ധനുഷും ഐശ്വര്യയും ഹൈദരാബാദിലാണ്. ഇരുവരെയും ഫോണില്‍ വിളിച്ച് ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നം മാത്രമാണ്.' കസ്തൂരിരാജ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി ഐ.സി.സി. റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി. പരമ്പര 2-1ന് പരാജയപ്പെട്ട ഇന്ത്യ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് വീണു. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4-0ന് തകര്‍ത്തുവിട്ട ഓസ്‌ട്രേലിയയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. ന്യൂസീലന്‍ഡാണ് രണ്ടാം സ്ഥാനത്ത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്രന്റ്ഫോഡിനെ തോല്‍പ്പിച്ചത്. പ്രീമിയര്‍ ലീഗിലെ മറ്റൊരു മത്സരത്തില്‍ ഇഞ്ചുറിടൈമിലെ ഇരട്ട ഗോളിലൂടെ ടോട്ടനം തകര്‍പ്പന്‍ ജയം നേടി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ചത്. തൊണ്ണൂറാം മിനുറ്റുവരെ ഒരു ഗോളിന് പിന്നില്‍ നിന്ന് ശേഷമാണ് ടോട്ടനത്തിന്റെ തിരിച്ചുവരവ്. സ്റ്റീവന്‍ ബെര്‍ഗ്വിനാണ് എക്സ്ട്രാ ടൈമിലെ രണ്ട് ഗോളും നേടിയത്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,440 രൂപ. ഗ്രാം വില 45 രൂപ കൂടി 4555ല്‍ എത്തി. ഈ മാസത്തതെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. രണ്ടു ദിവസം കൊണ്ടു സ്വര്‍ണത്തിനു കൂടിയത് 440 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,360 രൂപയായിരുന്നു സ്വര്‍ണവില.
ഓഹരി വിപണി മൂല്യത്തില്‍ ലോകത്തെ ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിലേക്ക് കടക്കാനൊരുങ്ങി ഇന്ത്യയും. ഇന്ത്യയിലെ ലിസ്റ്റഡ് കമ്പനികളുടെ ആകെ വിപണി മൂലധനം 3.67 ലക്ഷം കോടി ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. നിലവില്‍ മൂല്യത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. തൊട്ടുമുമ്പിലുള്ള യുകെയുടെ വിപണി മൂല്യം 3.75 ലക്ഷം കോടി ഡോളറാണ്. 52 ലക്ഷം കോടി ഡോളര്‍ വിപണി മൂലധനവുമായി യുഎസ് ആണ് ലോകത്തെ ഏറ്റവും മൂല്യമുള്ള വിപണി. 12.54 ലക്ഷം കോടി മൂല്യവുമായി ചൈന രണ്ടാമതും 6.59 ലക്ഷം കോടി ഡോളറിന്റെ മൂല്യവുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്തുമാണ്.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ചിത്രത്തിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂപ്പര്‍ ശരണ്യ'. അനശ്വര രാജനും അര്‍ജുന്‍ ആശോകനുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് നഗരത്തിലെക്ക് വന്ന ഒരു പെണ്‍കുട്ടിയുടെ ആശങ്കകളും ആകാംഷകളും നിറച്ച 'ശാരു ഇന്‍ ടൗണ്‍' എന്ന ഗാനമാണ് പുറത്ത് വന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വര്‍ഗീസാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ജസ്റ്റിനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സിനിമകള്‍ റിലീസ് നീട്ടുന്നു. രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പിരീഡ് ഡ്രാമ 'തുറമുഖ'മാണ് ഏറ്റവുമൊടുവില്‍ റിലീസ് നീട്ടിയിരിക്കുന്നത്. നേരത്തെ പലവട്ടം റിലീസ് നീട്ടിവച്ച ചിത്രമാണ് ഇത്. അവസാനം പ്രഖ്യാപിച്ചിരുന്ന ജനുവരി 20 എന്ന റിലീസ് തീയതിയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്തിറക്കിയ കുറിപ്പിലൂടെയാണ് അണിയറക്കാര്‍ വിവരം അറിയിച്ചിരിക്കുന്നത്.
മാരുതി സുസുക്കിയുടെ ശ്രദ്ധേയ ഹാച്ച്ബാക്ക് മോഡലായ സെലെറിയോയുടെ സി.എന്‍.ജി പതിപ്പ് (എസ്-സി.എന്‍.ജി) വിപണിയിലെത്തി. സെലെറിയോയുടെ ഏറ്റവും പുത്തന്‍ ശ്രേണി കഴിഞ്ഞ നവംബറിലാണ് മാരുതി അവതരിപ്പിച്ചത്. സെലെറിയോ വി.എക്‌സ്.ഐ സി.എന്‍.ജിക്ക് എക്‌സ്‌ഷോറൂം വില 6.58 ലക്ഷം രൂപ. വരുംതലമുറ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി.വി.ടി കെ-സീരീസ് 1.0 ലിറ്റര്‍ എന്‍ജിനാണ് സെലെറിയോ എസ്-സി.എന്‍.ജിക്കുള്ളത്.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ വകഭേദം കുട്ടികളില്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് മാതാപിതാക്കള്‍ ആശങ്കാകുലരാണ്. പുതിയ വേരിയന്റുകളുടെ അപകടസാധ്യതയെക്കുറിച്ചുള്ള ഭയം ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് രൂക്ഷമായിരിക്കുന്ന അവസ്ഥയില്‍ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. കൊവിഡ് ബാധിച്ചാല്‍ കുട്ടികളില്‍ തൊണ്ടയില്‍ അസ്വസ്ഥതയോ തൊണ്ടയില്‍ ചൊറിച്ചിലോ ഉണ്ടാകാം. ചില കുട്ടികള്‍ക്ക് പനിയും ചുമയും ഉണ്ടാകാറുണ്ട്. പനി 103 ഡിഗ്രി വരെ പോകാം. സാധാരണയായി മൂന്നാം ദിവസം പനി മാറും. ചില കുട്ടികള്‍ക്ക് ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെടാം. ഈ സമയത്ത് കുട്ടികള്‍ക്ക് സിടി സ്‌കാന്‍ ചെയ്യേണ്ട ആവശ്യമില്ല. മാത്രമല്ല കുട്ടികള്‍ റേഡിയേഷന് വിധേയരാകേണ്ടതും ഇല്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കുട്ടികള്‍ക്ക് പനിക്കും ശരീരവേദനയ്ക്കും പാരസെറ്റമോള്‍ ഗുളികകള്‍ നല്‍കുക. കുട്ടികള്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇടയ്ക്കിടെ കൈ കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക, സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.39, പൗണ്ട് - 101.42, യൂറോ - 84.55, സ്വിസ് ഫ്രാങ്ക് - 81.35, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.86, ബഹറിന്‍ ദിനാര്‍ - 197.36, കുവൈത്ത് ദിനാര്‍ -246.07, ഒമാനി റിയാല്‍ - 193.24, സൗദി റിയാല്‍ - 19.83, യു.എ.ഇ ദിര്‍ഹം - 20.25, ഖത്തര്‍ റിയാല്‍ - 20.43, കനേഡിയന്‍ ഡോളര്‍ - 59.59.