കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി.
ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാകും ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം അനുസരിച്ചു ജില്ലകളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണു കോവിഡ് അവലോകന യോഗത്തിലെ തീരുമാനം.
തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തും. പൊതുപരിപാടികൾക്ക് പൂർണവിലക്ക്. സ്വകാര്യ ചടങ്ങിൽ 20 പേർ മാത്രം. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്തണം. വ്യാഴാഴ്ച കേരളത്തിൽ പ്രതിദിന കോവിഡ് കേസിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്.
മാളുകളും തിയേറ്ററുകളും അടച്ചിടില്ല. സ്വയം നിയന്ത്രണം എന്ന തലത്തിലേക്ക് എല്ലാവരും എത്തണമെന്നും അവലോകന യോഗം ആവശ്യപ്പെട്ടു. ജില്ലകളില്‍ ടിപിആര്‍ അടിസ്ഥാനമാക്കി കലക്‌ടമാര്‍ക്ക് നിയന്ത്രണം തീരുമാനിക്കാം. രോഗവ്യാപന തോത് അടിസ്ഥാനമാക്കിയാകും ഇത്തരം നിയന്ത്രണം തീരുമാനിക്കുക.
ഓരോ ജില്ലകളിലെയും ക്ലസ്റ്ററുകളിൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലകളിലെ രോഗവ്യാപനം തടയാൻ സോണുകളായി തിരിക്കും. ഇവിടങ്ങളിലെ നിയന്ത്രണം ജില്ലാ ഭരണകൂടം തീരുമാനിക്കും. 10, 11, 12 ക്ലാസുകൾക്കു ഓഫ്‌ലൈൻ ക്ലാസുകൾ തുടരും. ഒന്നു മുതൽ ഒൻപത് വരെയുള്ള വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം. രോഗതീവ്രത കൂടുന്ന പശ്ചാത്തലത്തിലാണ് സ്‌കൂളുകൾ പൂർണമായി അടക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 32 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്‌തു.