പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ജനുവരി 21 | വെള്ളി | 1197 | മകരം 7 | മകം 03.00PM
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനു തുടക്കമായി. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പഞ്ചായത്തിലാണ് തുടക്കം. കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത്ത് സര്‍വ്വീസസാണു പഠനം നടത്തുന്നത്. ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങളെ നേരില്‍ കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനം. കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ കടന്നുപോകുന്ന 61. 7 കിലോ മീറ്റര്‍ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുണ്ട്. റിപ്പോര്‍ട്ട് 100 ദിവസത്തിനകം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
അങ്കമാലി എളവൂര്‍ പുളിയനത്ത് പോലീസ് സംരക്ഷണത്തോടെ ഇന്നലെ ഉദ്യോഗസ്ഥര്‍ നാട്ടിയ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റി. രാത്രിയില്‍ നാട്ടുകാരാണ് പിഴുതു മാറ്റിയത്. ഒമ്പത് സര്‍വേക്കല്ലുകളാണ് ഇങ്ങനെ പഴുത് മാറ്റിയത്. ഇന്നലെ 20 സര്‍വേക്കല്ലുകളാണ് ഇവിടെ സ്ഥാപിച്ചത്.
നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 47,541 കോടി രൂപ അനുവദിച്ചു. കേരളത്തിന് പ്രതിമാസ തുകയും അഡ്വാന്‍സ് തുകയും 915.19 കോടി വീതമാണ്. ഈ മാസം കേരളത്തിന് ആകെ ലഭിച്ചത് 1830.38 കോടി രൂപയാണ്.
കുതിരാന്‍ ഒന്നാം തുരങ്കത്തിലെ ലൈറ്റുകള്‍ ടിപ്പര്‍ ലോറി ഇടിച്ചു തകര്‍ത്തു. ടിപ്പര്‍ ലോറിയുടെ പിന്‍ഭാഗം ഉയര്‍ത്തി വാഹനമോടിച്ച് 104 ലൈറ്റുകളും ക്യാമറയുമാണ് തകര്‍ത്തത്. സംഭവശേഷം ലോറി നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. ലോറിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏകദേശം പത്തുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളത്തേക്കു മാറ്റി. വാദത്തിനു കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാലാണ് കേസ് മാറ്റിയതെന്ന് ജഡ്ജി വ്യക്തമാക്കി. കേസില്‍ നടന്‍ ദിലീപിനെതിരെ പോലീസ് കൊലപാതക ശ്രമത്തിനുള്ള വകുപ്പുകൂടി ചേര്‍ത്തിയിട്ടുണ്ട്.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത് ആലുവയിലെ ഒരു ഹോട്ടലിലാണെന്ന് പള്‍സര്‍ സുനിയടെ അമ്മ ശോഭന. സിദ്ദീഖ് എന്നയാളുമായിട്ടായിരുന്നു ഗൂഡാലോചനയെന്ന് സുനി തന്ന കത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, ഇത് നടന്‍ സിദ്ദീഖാണോയെന്ന് അറിയില്ല. ബാലചന്ദ്രകുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്നു സുനി പറഞ്ഞതായി അമ്മ വ്യക്തമാക്കി.
തേഞ്ഞിപ്പലത്ത് പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംസ്ഥാന ബാലാവകാശ കമ്മീഷനും കേസെടുത്തു.
കോവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തിയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ മാറ്റി. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27ലേക്കും ലാബോട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റിയത്.
കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടയിലും സിപിഎം കാസര്‍ക്കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ക്കു തുടക്കം. കാസര്‍കോട് 185 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തൃശൂരില്‍ 175 പേരും. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ നിയമമനുസരിച്ച് അമ്പതിലധികം പേര്‍ ഒത്തുകൂടുന്നതു നിയമവിരുദ്ധമാണ്.
കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ സര്‍ക്കാര്‍ ഇളവു വരുത്തിയത് സിപിഎം സമ്മേളനങ്ങള്‍ നടത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിനായാണ് എ, ബി, സി കാറ്റഗറി ഉണ്ടാക്കിയതെന്നും തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളെ ഒരു വിഭാഗത്തിലും ഉള്‍പെടുത്താതെ മാറ്റിനിര്‍ത്തിയത് അതുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഇടുക്കിയിൽ എസ്.എഫ്.ഐ.പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയെങ്കിലും കേസിലെ സുപ്രധാന തെളിവായ കത്തി കണ്ടെടുക്കാനായില്ല. ആയുധം കണ്ടെടുക്കാനാകാത്ത സാഹചര്യത്തിൽ പ്രതികളുമായി ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തുന്നു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് കൊവിഡ്. വി.എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനിയും പനി ലക്ഷണങ്ങളുമുള്ളവര്‍ പുറത്തിറങ്ങി നടക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇത്തരക്കാര്‍ ഓഫീസിലേക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ പോകരുത്. വീട്ടില്‍തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ജനുവരി 23, 30 തീയ്യതികളിലെ പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു. ഞായറാഴ്ചകളില്‍ ലോക് ഡൗണിനു സമാനമായ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കേയാണ് പരീക്ഷ മാറ്റിയത്. 23 ന് നടത്താനിരുന്ന മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് പരീക്ഷ 28 ലേക്കു മാറ്റി. 30 ന് നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ തസ്തിക പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റിയത്.
നാളെ മുതല്‍ 27 വരെയുള്ള നാലു ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്സ്, കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ്സ്, കോട്ടയം-കൊല്ലം എക്സ്പ്രസ്സ്, തിരുവനന്തപുരം - നാഗര്‍കോവില്‍ എക്സ്പ്രസ്സ് എന്നിവയാണ് റദ്ദാക്കിയത്.
കൊവിഡ് പടരുന്നതിനിടെ സിപിഎം സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയെന്ന വിമര്‍ശനത്തിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മമ്മൂട്ടിക്കു കൊവിഡ് വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണ്? കൊവിഡ് മാനദണ്ഡങ്ങളും കാറ്റഗറികളും നിശ്ചയിച്ചത് സര്‍ക്കാരാണ്. പാര്‍ട്ടി ഇടപെട്ടില്ലെന്നുമാണ് കോടിയേരിയുടെ വിശദീകരണം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭീമന്‍ വികസന പദ്ധതികളിലൊന്നായ വയനാട് തുരങ്കപാതക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ടി. സിദ്ധീഖ് എം.എല്‍.എ. നാടിന് പ്രധാനപ്പെട്ട വികസനപദ്ധതിയാണ് ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതയെന്ന് അദ്ദേഹം പറഞ്ഞു. അനുബന്ധ റോഡുകള്‍ക്കുള്ള സ്ഥലമെടുപ്പ് കൂടി പൂര്‍ത്തിയാക്കിയതിനുശേഷം പദ്ധതി നടപ്പാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും എം.എല്‍.എ.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 34 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അഹമ്മദിനെ അറസറ്റു ചെയ്തു. പേസ്റ്റ് രൂപത്തില്‍ ഗുളികകളാക്കി ശരീരത്തില്‍ ഒളിപ്പിച്ച സ്വര്‍ണമാണു പിടികൂടിയത്.
തൃത്താല മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ഇ. ശങ്കരന്‍ അന്തരിച്ചു. 86 വയസായിരുന്നു. പട്ടാമ്പിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
കൊല്ലം പട്ടാഴിയില്‍ വീട്ടമ്മയുടെ സ്ഥലം കൈയേറി വഴി വെട്ടിയ കേസില്‍ പ്രതികള്‍ക്കെതിരെ പോലിസ് ചുമത്തിയത് നിസാര വകുപ്പുകള്‍. മുഖ്യ പ്രതികളായ പഞ്ചായത്ത് അംഗവും എസ്റ്റേറ്റ് ഉടമയും ഉള്‍പ്പെടെ എല്ലാവരുടെ പേരിലും സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതികളെ സഹായിച്ചത്. 31 സെന്റ് സ്ഥലം ഒറ്റ രാത്രി കയ്യേറി വഴി വെട്ടുക, 10 ലക്ഷം രൂപയുടെ മരങ്ങള്‍ മുറിച്ചു കടത്തുക എന്നീ കുറ്റകൃത്യങ്ങള്‍ ചെയ്തതിനെയാണ് പത്തനാപുരം പൊലീസ് നിസാരവത്കരിച്ചത്.
അട്ടപ്പാടിയിലെ അഗളിയില്‍ അഞ്ച് സ്ഥാപനങ്ങളില്‍ മോഷണശ്രമം. രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. അഗളി സ്വദേശികളായ അഖില്‍, കൃഷ്ണന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. രണ്ടു പേരും മദ്യലഹരിയിലായിരുന്നു. ഇരുവരുടെയും ദൃശ്യങ്ങള്‍ മോഷണസമയത്ത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. അഗളിയിലെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ജനകീയ ഹോട്ടല്‍, ആധാരമെഴുത്ത് ഓഫീസ്, ഇറച്ചിക്കട എന്നീവിടങ്ങളിലാണ് മോഷണശ്രമം നടന്നത്.
മണ്ണാര്‍ക്കാട് പുലിയിറങ്ങി. ആനമൂളിയില്‍ വളര്‍ത്തുനായയെ പുലി ആക്രമിച്ചു. മണ്ണാര്‍ക്കാട് ആനമൂളി നേര്‍ച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ച് കൊണ്ടുപോയത്. കോയമ്പത്തൂര്‍ പികെ പുതൂരില്‍ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്ന മറ്റൊരു പുള്ളിപ്പുലിയെ രണ്ട് ദിവസം കഴിഞ്ഞിട്ടും പുറത്തെത്തിക്കാനായില്ല.
കോട്ടയം നാട്ടകം സര്‍ക്കാര്‍ കോളേജിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശി ആകാശ് വിനോദ് ആണ് മരിച്ചത്. കോളേജിന് തൊട്ടടുത്ത സ്വകാര്യ ഹോസ്റ്റലില്‍ വച്ചാണ് ആത്മഹത്യ ചെയ്തത്. ഇരുപതുകാരനായ ആകാശ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്കുള്ള കാരണമെന്നാണ് സൂചന.
കേരളത്തിലേക്കു കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെന്ന് കരുതുന്ന ഗുണ്ടാത്തലവന്‍ സീസിംഗ് ജോസ് പിടിയില്‍. വയനാട് ജില്ലാ പൊലീസ് സ്‌ക്വാഡാണ് ആന്ധ്രാ പ്രദേശില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയാണ് ജോസ്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കാര്‍ത്തിക് മോഹന്‍, ഷൗക്കത്ത് എന്നിവരെയും കസ്റ്റഡിയിലെടുത്തു.
തല്ലിയാല്‍, തിരിച്ചുകൊടുക്കുന്നതാണ് സെമി കേഡര്‍ രീതിയെന്ന് കെ മുരളീധരന്‍ എംപി. ഇടുക്കി എന്‍ജിനിയറിഗ് കോളജിലെ വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇന്ത്യ ഗേറ്റിലുള്ള അമര്‍ ജവാന്‍ ജ്യോതി എന്ന സ്മരണാദീപം അണയ്ക്കാനുള്ള തീരുമാനം വിവാദമായതിനു പിറകേ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. അമര്‍ ജവാന്‍ ജ്യോതിയെ നാഷണല്‍ വാര്‍ മെമ്മോറിയലിലെ ദീപത്തില്‍ വിലയം ചെയ്യിപ്പിക്കുകയാണെന്നാണ് വിശദീകരണം. അമര്‍ ജവാന്‍ ജ്യോതി 1971 ലെയും മറ്റു യുദ്ധങ്ങളിലെയും വീരരക്തസാക്ഷികളെ സ്മരിച്ചുകൊണ്ടുള്ളതാണ്. എന്നാല്‍ ഒരാളുടെ പോലും പേര് അവിടെ ആലേഖനം ചെയ്തിട്ടില്ല. ഇന്ത്യ ഗേറ്റ് കൊളോണിയല്‍ പാരമ്പര്യത്തിന്റെ അടയാളമാണ്. ഇന്ത്യ ഇന്നോളം പോരാടിയ എല്ലാ യുദ്ധങ്ങളിലെയും എല്ലാ രക്തസാക്ഷികളുടെയും പേരുകള്‍ ആലേഖനം ചെയ്യപ്പെട്ട നാഷണല്‍ വാര്‍ മെമ്മോറിയലില്‍ സ്മരണാദീപം കെടാതെ കാക്കുന്നതാണ് ഉചിതം. കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ നേതാജിയുടെ ജന്മവാര്‍ഷികമായ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമര്‍പ്പിക്കും. ഗ്രാനൈറ്റില്‍ നിര്‍മ്മിക്കുന്ന നേതാജിയുടെ പ്രതിമ പൂര്‍ത്തിയാക്കുന്നതുവരെ ഹോളോഗ്രാം പ്രതിമയുണ്ടായിരിക്കുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. 28 അടി ഉയരത്തിലാണ് നേതാജിയുടെ പ്രതിമ ഒരുങ്ങുന്നത്. ആറടി വീതിയുണ്ട്. ഇന്ത്യാഗേറ്റിലാണ് പ്രതിമ സ്ഥാപിക്കുന്നത്.
ഇന്ത്യയില്‍ 5.3 കോടി തൊഴിലന്വേഷകര്‍. ഇവരില്‍ മൂന്നര കോടിയാളുകള്‍ സജീവമായി ജോലി അന്വേഷിക്കുന്നുണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ഭര്‍ത്താവിനു കാമുകിയുണ്ടെന്നു സംശയിച്ച ഭാര്യ 53 കാരനും വ്യവസായിയുമായ ഭര്‍ത്താവിന്റെ തല അറുത്തെടുത്തു. പ്ലാസ്റ്റിക് ബാഗിലാക്കിയ തലയുമായി ഓട്ടോറിക്ഷയില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ രവിചന്ദര്‍ എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ ഭാര്യ വസുന്ധര അറസ്റ്റിലായി. 25 വര്‍ഷംമുമ്പ് വിവാഹിതരായ ഇവര്‍ക്ക് 20 വയസുള്ള മകനുണ്ട്.
സ്പോര്‍ട്സ് ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച ആയിരത്തോളം വിദ്യാര്‍ഥികള്‍ക്ക് മിഷിഗണ്‍ സര്‍വകലാശാല നല്‍കുന്ന നഷ്ടപരിഹാരം 4,900 ലക്ഷം ഡോളര്‍. 3648. 90 കോടി രൂപ. സ്പോര്‍ട്സ് ഡോക്ടറായ റോബര്‍ട്ട് ആന്‍ഡേഴ്‌സണെതിരേയായിരുന്നു വിദ്യാര്‍ത്ഥികളുടെ പരാതി. 1960 കളിലെ പീഡന ആരോപണങ്ങളില്‍ 15 മാസത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ് അഭിഭാഷകര്‍ ഒത്തുതീര്‍പ്പു പ്രഖ്യാപിച്ചത്.
ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ സുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാര്‍ജ നാലാം സ്ഥാനത്തും ദുബൈ എട്ടാംസ്ഥാനത്തുമാണ്.. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍, ഉപഭോക്തൃ നിലവാരം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ
ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യക്ക് ഇന്നത്തെ കളി നിര്‍ണായകമാണ്.ഏകദിന പരമ്പരയില്‍ മൂന്ന് കളികളാണുള്ളത്.
ഓണ്‍ലൈന്‍ വിപണിയിലെ ശക്തമായ സന്നിധ്യമായ ആമസോണ്‍ ആദ്യമായി ഓഫ് ലൈന്‍ വിപണിയിലേക്കും ചുവട് വയ്ക്കുന്നു. ഇത്തരത്തില്‍ ആമസോണിന്റെ ആദ്യ വസ്ത്ര വ്യാപാര ഷോപ്പ് ലോസ് ഏഞ്ചല്‍സില്‍ തുറക്കും. ഈ വര്‍ഷാവസാനം ആയിരിക്കും ആമസോണ്‍ സ്‌റ്റൈല്‍ സ്റ്റോര്‍ ആരംഭിക്കുക. ഈ സ്റ്റോറില്‍ ആപ്പ് ഉപയോഗിച്ച് വസ്ത്രങ്ങളുടെ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാനും വസ്ത്രങ്ങളുടെ സൈസും നിറവും തിരഞ്ഞെടുക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും. 2015-ല്‍ ആമസോണ്‍ ഒരു ബുക്ക്സ്റ്റോര്‍ തുറന്നിരുന്നു. പിന്നീട് 13.7 ബില്യണ്‍ ഡോളറിന് ഹോള്‍ ഫുഡ്സ് മാര്‍ക്കറ്റ് ഗ്രോസറി ശൃംഖലയും ആമസോണ്‍ 2017-ല്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
കോവിഡ് മൂന്നാം തരംഗം രൂക്ഷമായതോടെ മൂലധന വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നതിനിടെ സ്വര്‍ണ വില കുതിച്ചുകയറുന്നു. ഇന്ന് പവന് 80 രൂപ കൂടി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,520. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന് 4565ല്‍ എത്തി. മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. മൂന്നു ദിവസത്തിനിടെ പവന് 520 രൂപയാണ് കൂടിയത്. വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.
ഇളയരാജയുടെ പാട്ടുകള്‍ ഇനി ബഹിരാകാശത്ത് കേള്‍പ്പിക്കും . നാസയുടെ സഹായത്തോടെ ഉടന്‍ വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് ഇളയരാജയുടെ പാട്ടു കേള്‍പ്പിക്കുക. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായാകും ഉപഗ്രഹം വിക്ഷേപിക്കുക. ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും ലോകത്തെ അറിയിക്കുന്നതാകും വിക്ഷേപണം. തമിഴ്‌നാട്ടിലാണ് ഉപഗ്രഹം നിര്‍മിച്ചത്. അതേസമയം ഗാനം ബഹിരാകാശത്ത് ഉപയോഗിക്കുന്നതില്‍ ഇളയരാജയുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മറാത്ത ഗാനരചയിതാവ് സുവാനന്ദ് കിര്‍കിരെ ഹിന്ദിയില്‍ എഴുതി ഇളയരാജ തമിഴില്‍ ആലപിച്ച ഗാനമാകും ബഹിരാകാശത്ത് കേള്‍പ്പിക്കുക. 75 വര്‍ഷമായ ഇന്ത്യയുടെ അഭിമാനാര്‍ഹമായ ചരിത്രമാണ് ഗാനത്തിന്റെ ഉള്ളടക്കം.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രം 'കള്ളന്‍ ഡിസൂസ' റിലീസ് മാറ്റി. 2022 ജനുവരി 21 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം 'ചാര്‍ളി'യിലെ ഒരു കഥാപാത്രമായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ എന്ന കള്ളന്‍ ഡിസൂസ. ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 'കള്ളന്‍ ഡിസൂസ' ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം ഒരുങ്ങുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്.
ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഏറ്റവും ജനപ്രിയമായ എക്സ്പള്‍സ് 200 4വി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന്റെ രണ്ടാം ബാച്ചിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്. ബൈക്കിന്റെ ആദ്യ ബാച്ച് പൂര്‍ണമായും വിറ്റഴിഞ്ഞതിന് ശേഷമാണ് പുതിയ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയതെന്ന് കമ്പനി അറിയിച്ചു. പുതിയ എക്സ്പള്‍സ് 200 4വിയുടെ വില 130,150 രൂപയില്‍ എക്സ്-ഷോറൂം (ദില്ലി) ആരംഭിക്കുന്നു.
കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരിയാണ്. അതിവേഗം പകരുന്ന വകഭേദമാണ് ഒമിക്രോണ്‍. കൊവിഡ് രൂക്ഷമായിരിക്കുന്ന ഈ സമയത്ത് പുറത്ത് പോകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്‌ക് ധരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പ്രതിരോധത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു പ്രതിരോധ നടപടിയാണ് മാസ്‌ക് ധരിക്കല്‍. വൈറസ് മൂക്കിലേക്കും വായിലേക്കും പ്രവേശിക്കുന്നത് തടയാന്‍ മാസ്‌കുകള്‍ ഫലപ്രദമാണ്. ഒമിക്രോണ്‍ അതിവേഗം പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ തുണി മാസ്‌ക് ഒഴിവാക്കി പകരം എന്‍ 95 മാസ്‌ക് ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് മാറി നില്‍ക്കുക. നിലവിലെ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. കൈകളില്‍ ഗ്ലൗസും ധരിക്കുക. അണുബാധ തടയുന്നതിന് വായ, മൂക്ക്, കണ്ണുകള്‍ എന്നിവ തൊടുന്നത് ഒഴിവാക്കുക. പണമിടപാട് നടത്തുന്നതിന് മുന്‍പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വ്യത്തിയാക്കേണ്ടതുണ്ട്. ഷോപ്പിങ് കഴിഞ്ഞ് തിരികെ എത്തിയാല്‍ ഉടന്‍ വ്യക്തി ശുചിത്വവും ഉറപ്പുവരുത്തേണ്ടതുണ്ട്

