ഇടുക്കി ജില്ലയിലെ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.64 ആയി ഉയർന്നു.കേസുകളിൽ ക്രമമായ വർധനയുള്ളതിനാൽ പൊതുജനം കൂടുതൽ ജാഗ്രത കാണിക്കണമെന്നാണു ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ, ദുരന്തനിവാരണ നിയമം 2005 ലെ 30, 34 വകുപ്പുകൾ പ്രകാരം, ഇടുക്കി ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ, പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം, ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരമാവധി 50 ആയി നിജപ്പെടുത്തി.
നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്റ് കമാൻഡർമാർ എന്നിവരെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ ഷീബ ജോർജ് അറിയിച്ചു.
മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ എല്ലാത്തരം സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തേണ്ടതാണെന്നും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ലാത്തതാണെന്നും ഉത്തരവായിട്ടുള്ളതാണ്.
കൂടുതൽ വാർത്തകൾക്കായി ഈ വെബ്സൈറ് സന്ദർശിക്കുക- ക്ലിക്ക്