ഇടുക്കി എൻജിനിയറിംഗ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ നിഖിൽ പൈലി , ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിക്കുന്നതു മുട്ടം അഡീഷണൽ ജില്ലാ കോടതി ജഡ്ജി എൽസമ്മ ജോസഫ് നാള ത്തേക്കു മാറ്റി. പട്ടികജാതി വിഭാഗങ്ങൾക്കെതി രെയുള്ള അതിക്രമം തടയൽ വകുപ്പുകൂടി പ്രതികൾക്കെതിരെ ചുമത്തി.
ധീരജിന്റെ കൊലപാതകത്തിൽ കലാശിച്ച സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭിജിത് ടി.സുനിൽ പട്ടികജാതി വിഭാഗക്കാരനായതിനാലാണ് ഈ വകുപ്പ് കൂടി ഉൾപെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഒന്നാം പ്രതി നിഖിൽ പൈലി , രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത് . ഇവരോടൊപ്പം മൂന്നും അഞ്ചും പ തികളെയും അന്നു ഹാജരാക്കാനും ഉത്തരവിട്ടിട്ടുണ്ട് . ജില്ല പ്രിൻസിപ്പൽ സെഷൻ കോടതി അവധിയായിരുന്നതിനാലാണ് കേസ് ഇന്നലെ മുട്ടം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ എത്തിയത്. നാളെ കേസ് മേൽക്കോടതിയിൽ എത്തും.
പ്രധാന തെളിവായ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വീണ്ടും തെളിവെടുപ്പ് നടത്തുന്നതിനാണ് അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. ഒന്നാം പ്രതിക്കുവേണ്ടി അഡ്വ. അരുൺ പൊടിപാറയും രണ്ടാം പ്രതിക്കുവേണ്ടി അഡ്വ. കെ. ആർ. ജയകുമാറും കോടതിയിൽ ഹാജരായി. ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷണം നടത്തിവരുന്നത്. നേരിട്ട് കൃത്യത്തിൽ പങ്കെടുത്ത രണ്ടുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട് .