HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഒരു കിലോമീറ്റർ ചുറ്റളവിൽ ഒരു മാസത്തിനിടെ 28 വാഹനാപകടം; കുമളി മൂന്നാർ സംസ്ഥാനപാതയിൽ അപകടങ്ങൾ പെരുകുന്നു, അമിത വേഗത നിയന്ത്രിക്കാൻ നടപടിയില്ല.

കുമളി മൂന്നാർ സംസ്ഥാനപാതയിൽ  നെടുങ്കണ്ടം ടൗണിൽ  ഒരുമാസത്തിനിടെ ചെറുതും വലുതുമായ ഇരുപത്തെട്ടോളം  വാഹനാപകടങ്ങളാണ് ഉണ്ടായത്. ടൗണിലെ വാഹനങ്ങളുടെ ഒഴുക്ക് ക്രമീകരിക്കാൻ യാതൊരുവിധ നടപടിയും അധികൃതർ കൈക്കൊള്ളുന്നില്ല.


ഇന്ന് രാവിലെ അമിത വേഗതയിലെത്തിയ സ്‌കൂട്ടർ കാറിൽ ഇടിച്ചതാണ് ഒടുവിലത്തെ സംഭവം. തൂക്കുപാലം സ്വദേശി ജിമ്മി ജോർജ്‌ ആണ് അപകടത്തിൽപെട്ടത്. തലയ്ക്ക് ഗുരുതരപരിക്കേറ്റ ഇയാളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ വിദക്തചികിത്സക്കായി  മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

പത്തുദിവസത്തിനിടെ വ്യത്യസ്ത അപകടങ്ങളിൽ 2 ജീവനുകളാണ് പൊലിഞ്ഞത്. 3 മാസത്തിനിടെ വാഹനാപകടങ്ങളിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി ഒരുമണിക്ക്  റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അമിതവേഗതയിൽ ബൈക്ക് ഇടിച്ചു കയറി വിദ്യാർത്ഥി മരിച്ചിരുന്നു. വിവാഹ പാർട്ടിയിൽ പങ്കെടുത്ത് ബൈക്കുകൾ തമ്മിൽ മത്സരയോട്ടം നടത്തിയാണ് അപകടത്തിൽപെട്ടത്. ജനുവരി 16 ന്  നെടുങ്കണ്ടം കിഴക്കേ കവലയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗുരുതര പരുക്കേറ്റ് പാറത്തോട് സ്വദേശി മരിച്ചു. സംസ്ഥാന പാത കുറുകെ കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ഓട്ടോ ഇടിച്ചാണ് മരിച്ചത്. 

അമിതവേഗവും , റോഡ് നിയമങ്ങൾ പാലിക്കാതെയുള്ള ഡ്രൈവിങ്ങും , ലഹരി ഉപയോഗിച്ചശേഷം വാഹനങ്ങൾ ഓടിക്കുന്നതും, അശ്രദ്ധയുമാണ് കുമളി മൂന്നാർ സംസ്ഥാന പാതയിൽ അപകടങ്ങൾ പെരുകാനുള്ള കാരണം. സീബ്രാ ലൈൻ  മാഞ്ഞുപോയതിനാൽ കാൽനടയാത്രക്കാരും ഭീതിയിലാണ്.  പൊതുജങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം  കഴിഞ്ഞ ദിവസം നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ ട്രാഫിക് കമ്മിറ്റി കൂടിയെങ്കിലും എടുത്ത നിർദേശങ്ങൾ അടുത്തകമ്മിറ്റിയിൽ തീരുമാനിക്കാം എന്നുപറഞ്ഞ് പിരിയുകയാണുണ്ടായത്. എന്നാൽ കമ്മിറ്റികൂടി കൈയടിച്ചു പാസാക്കി മാധ്യമങ്ങൾക്ക് നൽകിയിട്ട് എടുക്കുന്ന തീരുമാങ്ങൾ നടപ്പിലാക്കാൻ ആർജ്ജവമില്ലെന്നാണ് പൊതുജന ആക്ഷേപം.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA