ഇടുക്കി എഞ്ചിനീയറിങ്ങ് കോളേജിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന് വിട നൽകി ജന്മനാട്. ധീരജിന്റെ തളിപ്പറമ്പ് തൃച്ചംബരത്തെ വീടിന് സമീപം സി പി എം വാങ്ങിയ ഭൂമിയിലാണ് മൃതദേഹം സംസകരിച്ചത്.
മൃതദേഹം രാത്രി ഒന്നോടെ തളിപ്പറമ്പിലെ വീട്ടിൽ എത്തിച്ചു. പട്ടപ്പാറയിലെ വീടിനുസമീപത്ത് സിപിഐ എം വാങ്ങിയ സ്ഥലത്ത് ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംസ്‌കാരം. സഹോദരൻ അദ്വൈത് ചിതയ്‌ക്ക് തീകൊളുത്തി. തളിപ്പറമ്പ് തൃച്ചംബരം പാലക്കുളങ്ങരയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോൾ വികാര നിർഭരമായിരുന്നു സാഹചര്യം. മകന്‍റെ വിയോഗ വാർത്തയിൽ കരഞ്ഞ് തളർന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. പാർട്ടി പ്രവർത്തകരുടെ കണ്ണുകളും നൊമ്പരത്താൽ നിറഞ്ഞിരുന്നു. അത്രമേൽ വൈകാരികമായ നിമിഷങ്ങളായിരുന്നു. ചേതനയറ്റ് ധീരജെത്തുമ്പോൾ അവന്റെ പ്രിയപ്പെട്ടവരുടെ നിലവിളികൾ അലമുറയായി. അച്ഛൻ രാജേന്ദ്രന്റെയും അമ്മ പുഷ്‌കലയുടെയും സഹോദരൻ അദ്വൈതിന്റെയും വിലാപം കൂടിനിന്നവരെയാകെ കണ്ണീരിൽ മുക്കി.
നേതാക്കളും പ്രവർത്തകരുമടക്കം നൂറു കണക്കിന് പേരാണ് ധീരജിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. ധീരജിന്റെ ചേതനയറ്റ ശരീരം ജന്മ നാട്ടിൽ എത്തുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നു. അർദ്ധരാത്രിയിലും നൂറു കണക്കിന് പാർട്ടി പ്രവർത്തകരാണ് തങ്ങളുടെ പ്രിയ സഖാവിനെ ഒരു നോക്ക് കാണാൻ കാത്തു നിന്നത്. ഇടുക്കിയിൽ നിന്നും വിലാപ യാത്രയായി എത്തിയ മൃതദേഹം ജില്ലാ അതിർത്തിയായ മാഹി പാലത്തിൽ വെച്ച് ജില്ലയിലെ നേതാക്കൾ ഏറ്റുവാങ്ങി. വിലാപയാത്ര കടന്നു വന്ന നിരവധി സ്ഥലങ്ങളിൽ നൂറു കണക്കിന് പേർ ധീരജിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ കാത്തു നിന്നിരുന്നു. പുലർച്ചെ 12.30 ന് സി പി എം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ച മൃതദേഹം തൃച്ചംബരത്തെ വീട്ടിലേക്ക് കൊണ്ടു പോയി.
പോസ്‌റ്റുമോർട്ടത്തിന് ശേഷം ഏറെ വൈകിയാണ് ഇടുക്കിയിൽനിന്ന് വിലാപയാത്ര ആരംഭിച്ചത്. നേതാക്കൾ, ബന്ധുക്കൾ എന്നിവർ ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം എം മണി, കെ ജെ തോമസ്, സംസ്ഥാന കമ്മിറ്റിയംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ് എന്നിവർ ചേർന്ന് പാർടി പതാക പുതപ്പിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ധീരജിന്റെ കലാലയമായ പൈനാവ് എൻജിനിയറിങ് കോളേജിലെ പൊതുദർശനത്തിന് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു