സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ചും, പുതിയ മാനദണ്ഡങ്ങളെക്കുറിച്ചുമൊക്കെ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും.
വ്യാപനം കൂടുതൽ ഉള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകൾ 'സി' കാറ്റഗറിയിലാവാൻ സാദ്ധ്യതയുണ്ട്. നിലവിൽ തിരുവനന്തപുരം മാത്രമാണ് സി കാറ്റഗറിയിലുള്ളത്.മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലപ്രദമെന്നാണ് വിലയിരുത്തൽ.ഫെബ്രുവരി ആറുവരെ സംസ്ഥാനത്ത് 50,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് വിലയിരുത്തൽ.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുളള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളാണെങ്കിലാണ് ഒരു ജില്ല കടുത്ത നിയന്ത്രണങ്ങളുളള ' സി ' കാറ്റഗറിയിൽ വരുക. നിലവിൽ തിരുവനന്തപുരം മാത്രമാണ് സി വിഭാഗത്തിലുളളത് . ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണം 25 ശതമാനത്തിൽ എത്തുന്നു. ആശുപത്രി സൗകര്യങ്ങൾ കുറവായ ഇടുക്കിയിൽ 377 പേരാണ് ചികിത്സയിലുളളത്. 17 ഐസിയു കിടക്കകളും 23 ഓക്സിജൻ കിടക്കകളുമാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. 36 കിടക്കകളിൽ രോഗികളുണ്ട്. കോട്ടയത്ത് ഇന്നലെ വരെയുളള കണക്കനുസരിച്ച് 826 രോഗികൾ ചികിത്സയിലുണ്ട്. ആകെ രോഗികൾ 21,249 ആയി ഉയർന്നു. 12,434 പേർ പോസിറ്റീവായ പത്തനംതിട്ടയിൽ 677 പേർ ആശുപ്രതികളിൽ ചികിത്സയിലുണ്ട് . കോവിഡ് കിടക്കകൾ പകുതിയിലേറെ നിറഞ്ഞു . കാറ്റഗറി ഒന്നിലുളള മലപ്പുറത്തും നിയന്ത്രണങ്ങളിൽ ഇതുവരെപെടാത്ത കോഴിക്കോടും രോഗബാധിരുടെ എണ്ണമുയരുന്നുണ്ട് . ഈ ജില്ലകളിലും കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകും.
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്ന് ചേരുന്ന വിദ്യാഭ്യാസ വകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും.
Also Read: ഇന്നത്തെ(27th January 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

