പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | ഫെബ്രുവരി 7 | തിങ്കൾ | 1197 | മകരം 24 | അശ്വതി
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ലോകായുക്ത നിയമത്തിലെ 14 ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരേ ലോകായുക്ത വിധിച്ചാല്‍ സര്‍ക്കാരിനു തള്ളിക്കളയാം. ഭരണകക്ഷിയിലെ സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍പ്പിനെ തള്ളിയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. വിദേശത്തുനിന്നു തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വൈകുന്നേരം രാജ്ഭവന്‍ സന്ദര്‍ശിച്ച് ഓര്‍ഡിനന്‍സിന്റെ പ്രസക്തി ഗവര്‍ണറെ ബോധ്യപ്പെടുത്തിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം. ദിവസങ്ങള്‍ നീണ്ട വിചാരണയ്ക്കൊടുവിലാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം. ഈ വ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാമെന്നു കോടതി ഉത്തരവില്‍ പറയുന്നു. വിധിക്കെതിരെ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.
ഗാര്‍ഹിക വൈദ്യുതി നിരക്ക് 18 ശതമാനം വര്‍ധിപ്പിക്കണമെന്ന് കെഎസ്ഇബി. വൈദ്യുതി റഗുലേറ്ററി കമ്മീഷനു സമര്‍പ്പിച്ച താരിഫ് പ്ലാനിലാണ് ഈ നിര്‍ദേശം. ഗാര്‍ഹിക കണക്ഷന് യൂണിറ്റിനു 92 പൈസ വര്‍ദ്ധിപ്പിക്കണം. ചെറുകിട വ്യവസായങ്ങള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യവസായങ്ങള്‍ക്ക് 11.47 ശതമാനവും നിരക്കു കൂട്ടണം. ചെറുകിട കാര്‍ഷിക കണക് ഷനുള്ള നിരക്ക് 2.75 രൂപയില്‍നിന്ന് 3.64 രൂപയാക്കണം. വന്‍കിട കാര്‍ഷിക നിരക്ക് 5.67 രൂപയില്‍നിന്ന് 6.86 രൂപയാക്കണമെന്നുമാണ് ആവശ്യം. കെഎസ്ഇബിക്ക് ഈ സാമ്പത്തിക വര്‍ഷം 2,852 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. യൂണിറ്റിന് 92 പൈസ വര്‍ദ്ധിപ്പിച്ച് 2,284 കോടിയുണ്ടാക്കി നഷ്ടം നികത്താനാണു പരിപാടി.
ഭാഗ്യാന്വേഷികള്‍ക്കും ഭാഗ്യം വില്‍പനക്കാര്‍ക്കും തിരിച്ചടി. സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റിന്റെ നിരക്ക് പത്തു രൂപ വര്‍ധിപ്പിച്ച് അമ്പതു രൂപയാക്കാന്‍ നീക്കം. അടുത്ത മാസാരംഭത്തില്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ നിരക്കു വര്‍ധിപ്പിക്കും. നിരക്കു വര്‍ധനയക്കെതിരേ ലോട്ടറി കച്ചവടക്കാര്‍ രംഗത്തുവന്നിട്ടുണ്ട്.
കോവിഡ് വാക്സിനേഷന് ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. റേഷന്‍ കാര്‍ഡ് അടക്കം മറ്റേതെങ്കിലും തിരിച്ചറിയില്‍ രേഖ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കോടതിയെ അറിയിച്ചു.
ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. പാതിവെന്ത വസ്തുതകള്‍കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുത്. കോടതിക്കുനേരെ അനാവശ്യ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യമുണ്ടാക്കി. നീതിന്യായ സംവിധാനത്തെക്കുറിച്ചു ധാരണയില്ലാതെയാണ് വിമര്‍ശനങ്ങളെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനെ വിമര്‍ശിച്ചുകൊണ്ടാണ് കോടതി ദിലീപിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നടിയെ ആക്രമിച്ചെന്ന കേസില്‍ തെളിവില്ലാതായപ്പോള്‍ കള്ളത്തെളിവുണ്ടാക്കാനുള്ള ശ്രമവുമായാണ് ദിലീപിനെതിരേ പുതിയ കള്ളക്കേസ് ചമച്ചതെന്നു നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള. ദിലീപ് അന്വേഷണസംഘത്തോടു പരമാവധി സഹകരിച്ചെന്നും ഫോണുകള്‍ ഹാജരാക്കിയെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ദിലീപിന് പ്രത്യേക ആനുകൂല്യം കിട്ടിയില്ല. ദിലീപിന്റെ ഫോണില്‍നിന്ന് ഒരു തെളിവും കിട്ടിയില്ല. എഫ്‌ഐആര്‍ റദ്ദാക്കാന്‍ കോടതിയെ സമീപിക്കും. അദ്ദേഹം പറഞ്ഞു.
നടന്‍ ദിലീപിന്റെ വീടിനു മുന്നില്‍ തമ്പടിച്ചിരുന്ന പോലീസ് സംഘം നിരാശയോടെ മടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപിന്റെ അറസ്റ്റ് ആഘോഷമാക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് വീടിനു സമീപത്തുണ്ടായിരുന്നത്. ദിലീപിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം പൊതുബോധത്തിനു മുകളില്‍ നീതിബോധം നേടിയ വിജയമാണെന്ന് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്ക് ലൈവിലൂടെയാണു രാഹുലിന്റെ പ്രതികരണം.
എം ശിവശങ്കറിന്റെ പുസ്തകത്തെ ന്യായീകരിച്ചും സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ തള്ളിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍. അന്വേഷണ ഏജന്‍സികള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ ശിവശങ്കര്‍ പറഞ്ഞത് ശരിയാണ്. ശിവശങ്കരന്‍ പ്രതിയാക്കപ്പെട്ടതാണ്. സ്വപ്നയുടെ ആരോപണങ്ങളെ വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വണ്ടിക്കു പിറകില്‍ കുതിരയെ കെട്ടിയിട്ട് എന്തു കാര്യമെന്നു സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോകായുക്ത ഭേദഗതിയെ ഇപ്പോഴും എതിര്‍ക്കുന്നു. ഓര്‍ഡിനന്‍സിന് എന്ത് അടിയന്തര സാഹചര്യമാണുള്ളത്. മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ്. ആശയസമന്വയം ഉണ്ടാകണം. അദ്ദേഹം പറഞ്ഞു. സിപിഎമ്മുമായി ചര്‍ച്ചയുണ്ടാകുമോയെന്നു മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴാണ് പിറകില്‍ കുതിരയെ കെട്ടിയിട്ട് എന്തുകാര്യമെന്നു ചോദിച്ചത്.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതോടെ സംസ്ഥാനത്ത് അഴിമതി വിരുദ്ധ സംവിധാനം ഇല്ലാതായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ ബിജെപി നേതാവിനെ ഉള്‍പെടുത്താനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ മേശപ്പുറത്തിരിക്കുകയാണ്. ഗവര്‍ണറും മുഖ്യമന്ത്രിയും ഒത്തുതീര്‍പ്പായെന്നും സതീശന്‍ പറഞ്ഞു.
ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. വിഷയം ഇടതു മുന്നണി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ ദിവസം രാവിലെ വധു കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ മേഘയാണ് ആത്മത്യ ചെയ്തത്. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകളാണ് മേഘ. മേഘ പഠിക്കുന്ന ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായാണു വിവാഹം നടക്കേണ്ടിയിരുന്നത്.
മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാവാ സുരേഷ് ആശുപത്രി വിട്ടു. 'രണ്ടാം ജന്മമാണിത്. കൃത്യസമയത്ത് ചികിത്സ കിട്ടിയത് തുണയായി. പാമ്പ് പിടുത്തം തുടരും.' അദ്ദേഹം പറഞ്ഞു.
വാവാ സുരേഷിന് സിപിഎം വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍. അഭയം ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ചാകും വീട് നല്‍കുക. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ അവസരോചിതമായ ഇടപെടലാണ് സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു.
അട്ടപ്പാടി മധു കൊലക്കേസില്‍ പൊലീസിനെതിരെ ആരോപണവുമായി മധുവിന്റെ സഹോദരി. മര്‍ദനമേറ്റ മധുവുമായി ആശുപത്രിയിലേക്കുപോയ പൊലീസ് ജീപ്പ് പറയന്‍കുന്ന് ഭാഗത്ത് കുറേസമയം നിര്‍ത്തിയിട്ടെന്ന് സഹോദരി സരസു ആരോപിച്ചു. കേസിലെ സാക്ഷികള്‍ പ്രതികളുമായി അടുപ്പമുള്ളവരായതിനാല്‍ കൂറുമാറുമെന്നും കുടുംബം സംശയിക്കുന്നു.
തിരുവനന്തപുരത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റമുട്ടലിനിടെ ഗുരുതരമായി പരിക്കേറ്റ കൊലക്കേസ് പ്രതി 'മെന്റല്‍' ദീപു (37) മരിച്ചു. വധശ്രമ കേസില്‍ ജാമ്യത്തിലിറങ്ങിയതിന്റെ ആഘോഷപാര്‍ട്ടിക്കിടെ സ്വന്തം സംഘത്തിലുള്ളയാളാണ് ബിയര്‍കുപ്പികൊണ്ട് ദീപുവിന്റെ തലയില്‍ അടിച്ചത്. കഴക്കൂട്ടത്ത് പച്ചക്കറികടയില്‍ ഒരാളെ വെട്ടിക്കൊന്നതടക്കം നിരവധിക്കേസുകളില്‍ പ്രതിയാണ് ദീപു.
ഗുണ്ടാത്തലവന്‍ പല്ലന്‍ ഷൈജുവിനെ പൊലീസ് പിടികൂടി. വയനാട്ടിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഷൈജുവിനെ മലപ്പുറം കോട്ടക്കല്‍ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരേ വാറന്റ് ഉണ്ടായിരുന്നു. കാപ്പാ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍നിന്ന് നാടുകടത്തിയ പ്രതിയാണിയാള്‍.
ബലാത്സംഗ കേസുകളില്‍ ജാമ്യാപേക്ഷയുമായി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയില്‍. കേസില്‍ കൂട്ടുപ്രതി ആകുമെന്ന് ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തിയതിനാലാണ് പീഡനക്കേസില്‍ യുവതി തനിക്കെതിരെ മൊഴി നല്‍കിയതെന്നും മോന്‍സന്‍ അപേക്ഷയില്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും യുവതിയെ പീഡിപ്പിച്ച കേസിലുമാണ് ജാമ്യാപേക്ഷ. പീഡനക്കേസുകള്‍ കെട്ടിച്ചമച്ചതാണെന്ന് അപേക്ഷയില്‍ മോന്‍സന്‍ പറയുന്നു.
എംജി യൂണിവേഴ്സിറ്റിയിലേക്ക് എബിവിപി മാര്‍ച്ച്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കാമ്പസിന്റെ കവാടത്തില്‍ കുത്തിയിരുന്ന് പ്രവര്‍ത്തകരുടെ പ്രതിഷേധം.
അട്ടപ്പാടിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം കിണറില്‍. കള്ളക്കര ഊരിലാണ് 15 വയസുകാരി ധനുഷയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നാം തിയ്യതി മുതല്‍ ധനുഷയെ കാണാനില്ലായിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്.
രണ്ടു കോടി രൂപ ചെലവിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിര്‍മിച്ച സ്‌കൈവാക്ക് ഇന്നു തുറക്കും.
ജാര്‍ക്കണ്ഡിലെ റാഞ്ചിയില്‍ ജുവനൈല്‍ ഹോമില്‍ കുട്ടികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. എട്ടു പേര്‍ക്കു പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം നടന്ന കാനഡയിലെ തലസ്ഥാനമായ ഒട്ടാവയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് ഫുട്‌ബോള്‍ കിരീടം സെനഗലിന്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് ഈജിപ്തിനെയാണ് സെനഗല്‍ തോല്‍പ്പിച്ചത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമിനും ഗോള്‍ നേടാനായില്ല. സെനഗലിന്റെ ആദ്യ ആഫ്രിക്കന്‍ കപ്പാണിത്.
ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയ്ക്ക് തകര്‍പ്പന്‍ ജയം. ലിലിയെ ഒന്നിനെതിരെ അഞ്ചുഗോളിനാണ് പിഎസ്ജി തോല്‍പ്പിച്ചത്. ഡാനിലോ പെരേര ഇരട്ട ഗോള്‍ നേടി. ഒരു ഗോളും അസിസ്റ്റുമായി ലിയോണല്‍ മെസിയും ഫോമിലേക്ക് തിരിച്ചെത്തി. കിംബെബെ, കിലിയന്‍ എംബാപ്പെ എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി.
സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വമ്പന്‍ പോരാട്ടത്തില്‍ എഫ് സി ബാഴ്‌സലോണയക്ക് ജയം. ബാഴ്‌സലോണ രണ്ടിനെതിരെ നാല് ഗോളിന് നിലവിലെ ചാംപ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെ തോല്‍പിച്ചു.
എഫ് എ കപ്പ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് ജയം. ലിവര്‍പൂള്‍ നാലാം റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് കാര്‍ഡിഫ് സിറ്റിയെ തോല്‍പിച്ചു. രണ്ടാം പകുതിയിലായിരുന്നു നാല് ഗോളുകളും.
സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡിന്റെ (സിഡിഎസ്എല്‍) ഏകീകൃത അറ്റാദായം 2021 ഡിസംബറില്‍ അവസാനിക്കുന്ന മൂന്നാം പാദത്തില്‍ 83 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 54 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 55 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം പാദത്തിലെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ ത്രൈമാസത്തിലെ 103 കോടിയില്‍ നിന്ന് 58 ശതമാനം ഉയര്‍ന്ന് 163 കോടി രൂപയായി. 91 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകള്‍ മൂന്നാം പാദത്തില്‍ തുറന്നതായി കമ്പനി അറിയിച്ചു.
ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ ഇന്‍ഡസ് ടവേഴ്സ്, എന്‍എക്സ്ട്രാ, ഭാരതി ഹെക്സാകോം എന്നിവയുമായുള്ള ബിസിനസ് ഇടപാടുകള്‍ക്കായി ഏകദേശം 1.17 ലക്ഷം കോടി രൂപ ചെലവഴിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. മൊബൈല്‍ ടവര്‍ കമ്പനിയായ ഇന്‍ഡസ് ടവേഴ്സുമായി 88,000 കോടി രൂപയും ഡാറ്റാസെന്റര്‍ സ്ഥാപനമായ എന്‍എക്സ്ട്രയുടെ സേവനങ്ങള്‍ ലഭിക്കുന്നതിന് 15,000 കോടി രൂപയും ഭാരതി ഹെക്സാകോമുമായി 14,000 കോടി രൂപ വരെയുള്ള ഇടപാടുകളും ഭാരതി എയര്‍ടെല്‍ നടത്തുമെന്ന് അറിയിപ്പില്‍ പറയുന്നു.
കോമഡി വേഷങ്ങളിലൂടെ തിളങ്ങിയ ഹരീഷ് കണാരന്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ഉല്ലാസപൂത്തിരികള്‍. ചിത്രത്തിന്റ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഫെയിസ്ബുക്ക് പേജിലൂടെ പുറത്ത് വന്നു. ഒരു വലിയ താര നിര ഒന്നിക്കുന്ന കോമഡി എന്റെര്‍റ്റൈനര്‍ ആണ് ചിത്രം. നവാഗതനായ ബിജോയ് ജോസഫ് ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നു. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, സലിം കുമാര്‍, ജാഫര്‍ ഇടുക്കി, ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മല്‍ പാലാഴി, ഗോപിക എന്നിവരാണ് പ്രധാന താരങ്ങള്‍.
സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കള്ളന്‍ ഡിസൂസ'. ചിത്രത്തിലെ പുതിയ വീഡിയോ സോങ് റിലീസ് ആയി. ഷഹബാസ് അമന്റെ മനോഹര ശബ്ദത്തില്‍ പുറത്തിറങ്ങിയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശാന്ത് കര്‍മ്മയും വരികള്‍ എഴുതിയിരിക്കുന്നത് ഹരി നാരായണനും ആണ്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരും അണിനിരക്കുന്നു.
ആര്‍15 അടിസ്ഥാനമാക്കിയുള്ള എന്‍മാക്സ് 155 സ്‌കൂട്ടറിനെ പരിഷ്‌കരിച്ച് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ. ഇന്തോനേഷ്യന്‍ വിപണിയില്‍ ആണ് വാഹനത്തിന്റെ അവതരണം എന്നും 2022 ലെ ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം, യമഹ എന്‍മാക്സ് 155 പുതിയ നിറങ്ങള്‍ നേടിയിട്ടുണ്ടെന്നും സ്‌കൂട്ടറിന്റെ ബാക്കി ഭാഗങ്ങള്‍ മാറ്റമില്ലാതെ തുടരുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്തോനേഷ്യയിലെ അവതരിപ്പിച്ചതിന് പിന്നാലെ, സ്‌കൂട്ടര്‍ അന്താരാഷ്ട്ര ഷോറൂമുകളിലും ഉടന്‍ എത്തും.
കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ മലയാള സിനിമാപ്രവര്‍ത്തകരുടെ ജീവിതാനുഭവങ്ങള്‍ പുസ്തകമാകുന്നു. പത്രപ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ് കൊറോണക്കാലത്തെ സിനിമാക്കാരുടെ അനുഭവം പുസ്തകമാക്കുന്നത്. നിശ്ചലമായ സിനിമ, ആയിരക്കണക്കിന് ചലച്ചിത്ര പ്രവര്‍ത്തകരുടെ ജീവിതം ദുരിതത്തിലാക്കി. സിനിമയെ വെല്ലുന്ന അനുഭവങ്ങളായിരുന്നു പല ചലച്ചിത്ര പ്രവര്‍ത്തകരുടെയും പിന്നീടുള്ള ജീവിതം. 'കൊറോണക്കാലത്തെ സിനിമാ ജീവിതം' എന്ന പുസ്തകം ഉടന്‍ വായനക്കാരിലേക്കെത്തും.
കൊവിഡ് 19 അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെങ്കിലും ഇത് പല അവയവങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായും നാം കണ്ടു. അതിനാല്‍ തന്നെ ഏറെ ജാഗ്രതയോടെ വേണം ഈ രോഗത്തെ പ്രതിരോധിക്കാന്‍. ഇതിനിടെ രോഗകാരിയായ വൈറസിന് സംഭവിക്കുന്ന പരിവര്‍ത്തനങ്ങള്‍ രോഗതീവ്രതയിലും രോഗലക്ഷണങ്ങളിലുമെല്ലാം മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. എങ്കിലും പ്രാഥമികമായി രോഗി അനുഭവിക്കുന്ന ഒരുപിടി വിഷമതകള്‍ അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്. ഈ അടുത്തായി സ്വീഡനിലെ 'കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട്'ല്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ ഒരു പഠനം പറയുന്നത് കൊവിഡിന്റെ ഭാഗമായി ഗന്ധം നഷ്ടപ്പെട്ട രോഗികളില്‍ ഒരു വിഭാഗം പേരില്‍ ഈ പ്രശ്‌നം മാസങ്ങളോളം നീണ്ടുനില്‍ക്കുന്നുവെന്നാണ്. പലരും ഇക്കാര്യം തിരിച്ചറിയാതെ പോകുകയോ, അല്ലെങ്കില്‍ ശീലങ്ങളുടെ ഭാഗമായി മാറുകയോ ആയിരിക്കാം. എങ്കിലും ആദ്യഘട്ടത്തെ അപേക്ഷിച്ച് ഇപ്പോള്‍ കൊവിഡ് ബാധിക്കുന്നവരില്‍ ചെറിയൊരു ശതമാനം പേരില്‍ മാത്രമാണ് ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ ലക്ഷണമായി വരുന്നത്. പഠനത്തിനായി തെരഞ്ഞെടുത്ത കൊവിഡ് രോഗികളില്‍ ഗന്ധം നഷ്ടപ്പെടുന്ന പ്രശ്‌നം നേരിട്ട ഇരുപത് രോഗികളില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ ഈ പ്രശ്‌നം മാസങ്ങളോളം നീണ്ടുനിന്നതായാണ് ഗവേഷകര്‍ അറിയിക്കുന്നത്. കൊവിഡ് അനുബന്ധമായി വരുന്ന പല ആരോഗ്യപ്രശ്‌നങ്ങളും ദീര്‍ഘകാലത്തേക്ക് രോഗികളില്‍ നീണ്ടുനില്‍ക്കുന്നതായി പല പഠനങ്ങളും നേരത്തേ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'ലോംഗ് കൊവിഡ്' എന്നാണിതിനെ പൊതുവില്‍ വിളിക്കുന്നത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.71, പൗണ്ട് - 101.16, യൂറോ - 85.41, സ്വിസ് ഫ്രാങ്ക് - 80.78, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.01, ബഹറിന്‍ ദിനാര്‍ - 198.20, കുവൈത്ത് ദിനാര്‍ -247.18, ഒമാനി റിയാല്‍ - 194.06, സൗദി റിയാല്‍ - 19.91, യു.എ.ഇ ദിര്‍ഹം - 20.34, ഖത്തര്‍ റിയാല്‍ - 20.52, കനേഡിയന്‍ ഡോളര്‍ - 58.70.