HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

ഇന്ന് (15th February 2022) ഇതുവരെയുള്ള പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ.

 പ്രധാനപ്പെട്ട  വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ഫെബ്രുവരി 15 | ചൊവ്വ | 1197 |  കുംഭം 3 | പൂയം


യുക്രൈനിലുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ തല്ക്കാലം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം. യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടു.  യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഉപദേശം. സംഘര്‍ഷ സാധ്യതയുണ്ടെങ്കിലും  എംബസി തല്ക്കാലം അടയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിലും ബിഹാര്‍ മുന്‍മുഖ്യമന്ത്രി ലാലു  പ്രസാദ് യാദവ് കുറ്റക്കാരന്‍.  ഡൊറാന്‍ഡ ട്രഷറിയില്‍ നിന്നു 139.35 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലാണ്  റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയുടെ വിധി. ശിക്ഷ വെള്ളിയാഴ്ച്ച വിധിക്കും. 26 വര്‍ഷത്തിനു ശേഷമാണ് കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അവസാനക്കേസില്‍  വിധി വരുന്നത്. കാലിത്തീറ്റ കുംഭകോണത്തില്‍ 53 കേസുകളാണ് സിബിഐ 1996 ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ലാലു പ്രസാദ് യാദവ് പ്രതിയായ അഞ്ചു കേസുകളില്‍ നാലിലും നേരത്തെ ശിക്ഷിച്ചിരുന്നു.

സ്‌കൂളുകള്‍ പൂര്‍ണതോതില്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപക സംഘടനകള്‍.  ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കുന്നതിലും  ഫോക്കസ് ഏരിയ വിഷയത്തിലും സഹകരിക്കും. കൂടിയാലോചന നടത്താത്തതില്‍  അധ്യാപക സംഘടനകള്‍   പ്രതിഷേധം അറിയിച്ചു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മലപ്പുറം ജില്ലയിലെ ഡോക്ടര്‍മാരുടെ പണിമുടക്ക് പിന്‍വലിച്ചു. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്തതതോടെയാണ് ഐഎംഎ  സമരം പിന്‍വലിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരാന്‍ അതിജീവിത ഹൈക്കോടതിയില്‍. പ്രതിയുടെ ഹര്‍ജിയെ എതിര്‍ത്താണ് കക്ഷി ചേരുന്നതിന് അനുവാദം തേടിയത്. കേസ് തിങ്കളാഴ്ചത്തേക്കു ഹൈക്കോടതി മാറ്റിവച്ചു.

സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ചോദ്യം ചെയ്യലിനു ഹാജരായെങ്കിലും മൊഴി നല്‍കാതെ മടങ്ങി. അനാരോഗ്യംമൂലം  സാവകാശം വേണമെന്ന സ്വപ്നയുടെ ആവശ്യം ഇഡി ഉദ്യോഗസ്ഥര്‍ അംഗീകരിച്ചു.

കോഴിക്കോട് പുറക്കാട്ടിരി പാലത്തില്‍ ടോറസ് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ശബരിമല തീര്‍ത്ഥാടകര്‍ അടക്കം മൂന്നു പേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ രണ്ടു പേരും ഒരു മലയാളിയുമാണ് മരിച്ചത്. പരിക്കേറ്റ പതിനൊന്ന് പേരില്‍ നാലു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. ടെമ്പോ ട്രാവലറില്‍ ശബരിമല തീര്‍ത്ഥാടനത്തിനു പോയിരുന്ന കര്‍ണാടകക്കാരായ ശിവണ്ണ, നാഗരാജു, ഡ്രൈവറും മലയാളിയുമായ ദിനേശ് എന്നിവരാണ് മരിച്ചത്.

നീന്തല്‍ പരിശീലനം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഫാഷന്‍ ഗോള്‍ഡ് കേസില്‍ മുന്‍ എംഎല്‍എ കമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കമറുദീന്റെ പടന്നയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലെ വീട്ടിലുമാണ് പരിശോധന. ഇവരുടെ സ്ഥാപനങ്ങളിലടക്കം ഒമ്പതിടത്താണു റെയ്ഡ്. ഫാഷന്‍ ഗോള്‍ഡിന്റെ പേരില്‍  800 പേരില്‍നിന്ന് 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വ്യാജ സര്‍ട്ടിഫിക്കറ്റാണ് നിക്ഷേപകര്‍ക്കു നല്‍കിയതെന്നാണ് ആരോപണം.

സിഐടിയുവും കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോകും തമ്മില്‍ തുറന്ന ഏറ്റുമുട്ടല്‍ ആരംഭിച്ചിരിക്കേ, അശോകിനെതിരേ മുന്‍മന്ത്രി എം.എം. മണി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് ബാധ്യതയുണ്ടായെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണം മന്ത്രി കൃഷ്ണന്‍കുട്ടി അറിഞ്ഞിട്ടാണോയെന്ന് മണി ചോദിച്ചു. മന്ത്രിക്കു പറയാനുള്ളത് അശോകിനെക്കാണ്ട് പറയിപ്പിച്ചതാണോയെന്നും എംഎം മണി ചോദിച്ചു. മുന്‍മന്ത്രിയെ വിമര്‍ശിച്ചിട്ടില്ലെന്നും ഭൂമി പാട്ടത്തിനു നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്തതെന്നുമാണ് അശോകിന്റെ വിശദീകരണം.

കെഎസ്ഇബി ചെയര്‍മാന്‍ ബി. അശോകിന്റെ ആരോപണം തന്റെ അറിവോടെയല്ലെന്നു വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. അശോകിനോടു വിശദീകരണം ചോദിക്കുമെന്നും സമരക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കൊച്ചി ഇടപ്പള്ളിയിലെ ഹോട്ടലില്‍ മുറിയെടുത്ത് മയക്കുമരുന്ന് ഇടപാടു നടത്തിയിരുന്ന യുവതി അടക്കമുള്ള എട്ടംഗ സംഘം അറസ്റ്റിലായി. 60 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങിയ സംഭവം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് ചേരും. വ്യാജ ചലാന്‍ ഉപയോഗിച്ച് നടത്തിയ തട്ടിപ്പില്‍ യൂണിവേഴ്സിറ്റിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ പോലീസിനു പരാതി നല്‍കാനാണു സാധ്യത.

വീട്ടുവരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. പാലക്കാട് പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്‌മണ്യനെ തീകൊളുത്തിയതിന് ഭാര്യ ശശികലയാണു പിടിയിലായത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്‌മണ്യന്‍ തന്നെയും മക്കളെയും മര്‍ദ്ദിക്കാറുണ്ടെന്ന് ശശികല പറഞ്ഞു. സുബ്രഹ്‌മണ്യന്റെ പരസ്ത്രീ ബന്ധം ആരോപിച്ച് വഴക്ക് പതിവായിരുന്നെന്നും പോലീസ് പറഞ്ഞു.

എംബിബിസ് അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ അധ്യയന ദൈര്‍ഘ്യം വെട്ടിക്കുറച്ച് പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കു പരാതി. ഒരു വര്‍ഷംകൊണ്ടു തീര്‍ക്കേണ്ട അധ്യയനം ആറു മാസം കൊണ്ടാണ് തീര്‍ത്തത്. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നിര്‍ദേശം അനുസരിച്ച് ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് എടുത്ത തീരുമാനപ്രകാരമാണ് പരീക്ഷ എന്നാണ് ആരോഗ്യ സര്‍വകലാശാലയുടെ വിശദീകരണം.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞുവീണയാളെ കൈയിലെടുത്തോടി ജീവന്‍ രക്ഷിച്ച് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍. കോഴിക്കോട് ചാലിയം സ്വദേശി 46 കാരനായ പി.പി മുഹമ്മദ് അലിയാണ് കുഴഞ്ഞുവീണത്. കോണ്‍സ്റ്റബിള്‍ സുനില്‍ കെ ബാബു ഓടിയെത്തി അലിയെ എടുത്ത് പുറത്തേക്ക് ഓടി. സ്റ്റേഷന്റെ പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും ആംബുലന്‍സെത്തി. ഉടന്‍ അലിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിയെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് ഇന്നും ചോദ്യം ചെയ്യുന്നു. ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളെക്കുറിച്ചാണ് ഇന്ന് ചോദിച്ചറിയുന്നത്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. ഷാജിയുടെ ഭാര്യയില്‍നിന്നും മുസ്ലിംലീഗ് നേതാക്കളില്‍നിന്നും ഇഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

നയതന്ത്ര ബാഗേജിലൂടെ യുഎഇയില്‍നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയതിനു നേതൃത്വം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി.സി. ജോര്‍ജ്. സത്യം പുറത്തുവരാന്‍ സിബിഐ അന്വേഷിക്കണം. ഇതിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജോര്‍ജ്.

പിന്‍ചക്രം ഊരിത്തെറിച്ച ലോറി കാറിലിടിച്ച് അപകടം. ലോറി ഇടിച്ചതോടെ മുന്‍വശം തകര്‍ന്ന കാറില്‍ കുടുങ്ങിയ ഡ്രൈവര്‍ തേഞ്ഞിപ്പലം സ്വദേശി ഷാജഹാനെ വളരെ ബുദ്ധിമുട്ടിയാണ്  പുറത്തെടുത്തത്. ഇയാളെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി ദേശീയപാതയിലെ പാലക്കലിലാണ് അപകടമുണ്ടായത്. വളാഞ്ചേരിയിലേക്ക് വളവുമായി പോയിരുന്ന ലോറിയുടെ ചക്രമാണ് ഊരിത്തെറിച്ചത്.  

സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലും ചൈനയെ പ്രകീര്‍ത്തിച്ച് എസ് രാമചന്ദ്രന്‍പിള്ള. ചൈന ദാരിദ്ര്യമില്ലാത്ത രാജ്യമാണ്. ചൈനീസ് വളര്‍ച്ച സോഷ്യലിസത്തിന്റെ നേട്ടമാണ്. എന്നാല്‍ കാര്യങ്ങള്‍ പറയുമ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നു എന്നും അദ്ദേഹം വിമര്‍ശിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കണ്ണൂര്‍ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കേസില്‍ ഒളിവിലുള്ള മിഥുന്‍ കേരളം വിട്ടതായാണ് സൂചന.

നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 66 കാരന് 20 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു: 2014 ല്‍ തൃശൂര്‍ മണ്ണുത്തി പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടില്‍ ലൂയിസ് എന്നയാളെ തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി വീടിനു മുകളിലേക്കു മറിഞ്ഞു വീട് തകര്‍ന്നു. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിനു മുകളിലാണ് റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോറി മറിഞ്ഞത്. വീട്ടില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല.  

ട്രെയിനില്‍ ടിടിആറിന് മര്‍ദനം. പെരുമ്പാവൂര്‍ സ്വദേശി കുറുപ്പന്‍ ബെസി(33) യെ മര്‍ദിച്ചതിന് പശ്ചിമ ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അന്ത്യോദയ എക്സ്പ്രസില്‍ ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ എത്തിയത്. പരിക്കേറ്റ ടിടിആര്‍ ബെസിയെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിടിയില്‍. പാലക്കാട്ആലത്തൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ആണ് കെഎസ്ആര്‍ടിസി ഡ്രൈവറില്‍നിന്ന് നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പിടികൂടിയത്.

ക്രിപ്റ്റോകറന്‍സി നിരോധിക്കണമെന്ന്  റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ ടി.രബി ശങ്കര്‍. ശങ്കര്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്രിപ്റ്റോകറന്‍സി ബാങ്കിംഗ് സംവിധാനത്തെ തകര്‍ക്കുമെന്ന് റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുടെ  ചുമതലയുള്ള രബി ശങ്കര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അശ്വനി കുമാര്‍ കോണ്‍ഗ്രസ് വിട്ടു. സംസ്ഥാന കോണ്‍ഗ്രസില്‍ ഒതുക്കപ്പെട്ടതിനാല്‍ പാര്‍ട്ടി വിടുന്നുവെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന് സ്വന്തം വഴി തേടാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. ബിജെപിക്കെതിരേ പ്രാദേശിക നേതാക്കളുടെ കൂട്ടായ്മ രൂപീകരിക്കും. പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമില്ലെന്നും മമത വിശദീകരിച്ചു.

രാജ്യത്ത് ഒരു കൊവിഡ് വാക്‌സീനു കൂടി അനുമതി. ബയോ ഇയുടെ കോര്‍ബവാക്‌സ് വാക്‌സീനാണ് അനുമതി നല്‍കിയത്.

ഡയമണ്ടിനു വന്‍ വിലവര്‍ധന. കാരറ്റിന് പതിനയ്യായിരം മുതല്‍ ഇരുപത്തയ്യായിരം വരെ രൂപയാണു വില വര്‍ധിച്ചത്. 13 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയേറെ വിലവര്‍ധനയുണ്ടാകുന്നത്. ഇതോടെ നിര്‍മാതാക്കള്‍ ഡയമണ്ട് വിതരണം താത്കാലികമായി നിര്‍ത്തി. ഇറക്കുമതി ചെയ്യുന്ന റഫ് ഡയമണ്ടിന്റെ വില വര്‍ധിച്ചതാണു വിലവര്‍ധനയ്ക്കു കാരണം. പോളിഷ് ചെയ്ത ഡയമണ്ടിന് കഴിഞ്ഞ ബജറ്റില്‍ രണ്ടര ശതമാനം നികുതി കുറച്ചിരുന്നു.

തൃശൂര്‍ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്കിന് ഈ വര്‍ഷം ഇതുവരെ 12.48 കോടി രൂപയുടെ ലാഭം. മൂന്നാം പാദത്തിലെ ലാഭം 2.03 കോടി രൂപയാണ്. ഒമ്പതു മാസത്തെ പ്രവര്‍ത്തനലാഭം 70.68 കോടി രൂപയാണ്.

എല്‍ഐസിയില്‍ അവകാശികളില്ലാതെ 21,539 കോടി രൂപ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ കണക്കാണിത്. ഐപിഒയ്ക്കു മുന്നോടിയായി സെബിക്ക് എല്‍ഐസി നല്‍കിയ രേഖയിലാണ് ഈ വിവരം.

ലോകത്ത് ഏറ്റവും എളുപ്പത്തില്‍ ബിസിനസ് തുടങ്ങാവുന്ന അഞ്ചു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ. 500 ലേറെ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് മോണിറ്റര്‍ റിപ്പോര്‍ട്ട് 2021-22 ലാണ് ഇന്ത്യ ഈ നേട്ടമുണ്ടാക്കിയത്. ദുബൈ എക്സ്പോയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ 47 പ്രമുഖ സാമ്പത്തിക ശക്തികള്‍ക്കിടയില്‍ രണ്ടായിരത്തിലേറെപേരില്‍നിന്ന് അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. റയല്‍ മാഡ്രിഡ് , പിഎസ്ജിയെ നേരിടുമ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റിക്ക്, സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി ഒന്നരയ്ക്കാണ് കളി തുടങ്ങുക.

നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് 261.01 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 483.19 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ ആകെ ആസ്തി മൂല്യം 10 ശതമാനം വര്‍ധിച്ച് 30,407.13 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിത് 27,642.48 കോടി രൂപയായിരുന്നു. രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 28,421.63 കോടി രൂപയായിരുന്ന ആസ്തി മൂല്യത്തില്‍ 6.99 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. മണപ്പുറത്തിനു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം 32.34 ശതമാനം വര്‍ധിച്ച് 7,090.15 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 5,357.71 കോടിയായിരുന്നു.

കഴിഞ്ഞ ദിവസം ഇടിവ് നേരിട്ട സ്വര്‍ണ വില വീണ്ടും തിരിച്ചുകയറി. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.  ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,440 രൂപ. ഗ്രാമിന് 50 രൂപ കൂടി 4680ല്‍ എത്തി. ശനിയാഴ്ച പവന് 800 രൂപയാണ് ഒറ്റയടിക്കു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയില്‍ എത്തി. രണ്ടു വര്‍ഷത്തിനിടെ ആദ്യമാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. തുടര്‍ന്ന് ഇന്നലെ 400 രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും തിരിച്ചുകയറുകയായിരുന്നു.

നടി മാല പാര്‍വ്വതിയുടെ പുതിയ തമിഴ് ചിത്രം എഫ്.ഐ.ആര്‍ സൂപ്പര്‍ഹിറ്റായിയിരിക്കുകയാണ്. കേരളത്തിലും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മലയാളിയായ മനു ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ വിഷ്ണു വിശാലാണ് നായകന്‍. നായകന്റെ അമ്മ പര്‍വീണ ബീഗം എന്ന മുഴുനീള കഥാപാത്രത്തെയാണ് എഫ്.ഐ.ആറില്‍ പാര്‍വ്വതി അവതരിപ്പിച്ചത്. ഇപ്പോള്‍ നടി രേവതി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ പാര്‍വ്വതിക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. ചാരുകേശ് ശേഖര്‍ സംവിധാനം ചെയ്യുന്ന അമുദ എന്ന തെലുങ്ക് ചിത്രത്തിലും പാര്‍വ്വതിക്ക് നല്ല വേഷമുണ്ട്. മലയാളത്തില്‍ അമല്‍ നീരദിന്റെ ഭീക്ഷ്മപര്‍വ്വത്തിലും പാര്‍വ്വതിക്കു വേഷമുണ്ട്.

ശില്‍പ ബാലയുടെ സംവിധാനത്തില്‍ മ്യൂസിക് വീഡിയോ പുറത്തുവിട്ടു. 'പൈങ്കിളി പാട്ട്' എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക് വീഡിയാണ് പുറത്തുവിട്ടത്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ മ്യൂസിക് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 'പൈങ്കിളി പാട്ടെ'ന്ന മ്യൂസിക് വീഡിയോ ശില്‍പ ബാലയുടെയും സുഹൃത്തുക്കുളുടെയും കൂട്ടായ്മയില്‍ ഒരുങ്ങിയതാണ്. ഒരു ആനിമേറ്റഡ് വീഡിയോ മ്യൂസിക് ആല്‍ബമായിട്ടാണ് 'പൈങ്കിളി പാട്ട്' എത്തിയിരിക്കുന്നത്. ശില്‍പ ബാലയുടെ സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശന്‍, ഷഫ്ന, സയനോര തുടങ്ങിയവര്‍ വീഡിയോയില്‍ ആനിമേറ്റഡ് രൂപത്തില്‍ ഭാഗമാകുന്നു.  വിനായക് എസ് കുമാറാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം -വികാസ് അല്‍ഫോന്‍സ്. വികാസാണ് പാടിയിരിക്കുന്നതും. ടൈറ്റില്‍സ്- ജോസഫ് സാവിയോ സി ജെ. ഇല്ലുസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍- ജോണി ഫ്രെയിമ്‌സ്.

ഇന്ത്യയിലെ എം.പി.വി. ശ്രേണിയില്‍ ആധിപത്യം സ്ഥാപിക്കാനുറച്ച് കിയ മോട്ടോഴ്‌സിന്റെ നാലാമത്തെ മോഡല്‍ കാരന്‍സ് എം.പി.വി. ഇന്ത്യയില്‍ അവതരിപ്പിച്ചു. ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളില്‍  പ്രീമിയം, പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന കാരന്‍സിന് 8.99 ലക്ഷം രൂപ മുതല്‍ 16.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. കുറഞ്ഞ വിലയില്‍ ഏറ്റവുമധികം ഫീച്ചറുകള്‍ നല്‍കുന്ന എം.പി.വിയാകും കാരന്‍സ്.

കോവിഡ് ബാധിച്ചവരില്‍ മാസങ്ങള്‍ക്ക് ശേഷം പ്രകടമാവുന്ന നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ് ലോങ് കോവിഡ്.  ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമായോ അല്ലാതെയോ കോവിഡ് ബാധിച്ച മുതിര്‍ന്നവരില്‍ 10 ശതമാനത്തോളം പേര്‍ക്കും ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികളിലും ഇത് കാണപ്പെടും. ഒമിക്രോണിലും ലോങ് കോവിഡ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവും എന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മുന്നറിയിപ്പും നല്‍കിയിരുന്നു. ലോങ് കോവിഡില്‍ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഇവയാണ്. അസഹനീയമായ ക്ഷീണം, കിതപ്പ് അനുഭവപ്പെടുക, ഓര്‍മക്കുറവ് /ഒരു തരം മന്ദത, ശരീരം ഇളകി ജോലിചെയ്യുമ്പോഴുള്ള കിതപ്പ്, രുചിയും മണവും അറിയാതിരിക്കുകയോ അതില്‍ വ്യത്യാസം അനുഭവപ്പെടുകയോ ചെയ്യുക, കുത്തിക്കുത്തിയുള്ള ചുമ, ശ്വാസം എടുക്കുമ്പോള്‍ വലിഞ്ഞ് മുറുകുന്നതു പോലുള്ള നെഞ്ചു വേദന, ഉറക്കകുറവ്, അകാരണമായ ഭീതി, നെഞ്ചിടിപ്പ് , സന്ധികളിലും പേശികളിലും ഉള്ള വേദന, വിശപ്പില്ലായ്മ/ദഹനക്കുറവ്, തലവേദന, മുടികൊഴിച്ചില്‍, ആര്‍ത്തവ പ്രശ്നങ്ങള്‍. ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഇതൊന്നും മറ്റ് രോഗങ്ങളുടെ ഭാഗമല്ലെന്ന് പരിശോധനകളിലൂടെ ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കോവിഡ് അനുബന്ധമായ ഇത്തരം ചികിത്സ നടത്തി പരിചയമുള്ള ഡോക്ടറില്‍ നിന്ന് ചികിത്സ ഉറപ്പാക്കേണ്ടതും രോഗശമനത്തിന് അത്യാവശ്യമാണ്.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 75.51, പൗണ്ട് - 102.35, യൂറോ - 85.58, സ്വിസ് ഫ്രാങ്ക് - 81.71, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.95, ബഹറിന്‍ ദിനാര്‍ - 200.31, കുവൈത്ത് ദിനാര്‍ -249.56, ഒമാനി റിയാല്‍ - 196.39, സൗദി റിയാല്‍ - 20.12, യു.എ.ഇ ദിര്‍ഹം - 20.55, ഖത്തര്‍ റിയാല്‍ - 20.74, കനേഡിയന്‍ ഡോളര്‍ - 59.34.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ് - 7

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS