നിരോധനമല്ല സുരക്ഷിതമായരീതിയിൽ എങ്ങനെ ട്രക്കിങ് നടത്താം എന്ന് ഡോക്ടർ മുരളി തുമ്മാരുകുടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
കൊറോണക്കാലം ടൂറിസം ഇൻഡസ്ട്രിയുടെ നടു ഒടിച്ചിട്ടിരിക്കുന്ന കാലമാണ്. എങ്ങനെയെങ്കിലും ഒക്കെ അതിന് ജീവൻ വൈപ്പിക്കാൻ റവന്യു മന്ത്രി ഉൾപ്പടെ ശ്രമിക്കുമ്പോൾ സർക്കാരിന്റെ മറ്റൊരു ഭാഗം നിരോധനത്തിന്റെ വാളുമായി വരുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതുമൂലം ഏതെങ്കിലും ഒക്കെ തരത്തിൽ ഇടുക്കിയിലേക്ക് വരാൻ നാട്ടുകാരും മറുനാട്ടുകാരും മടിക്കും. ഇപ്പോഴേ നടുവൊടിഞ്ഞു കിടക്കുന്ന ഇടുക്കി ടൂറിസത്തിൻ്റെ ഓക്സിജൻ സപ്ലൈ മാറ്റിക്കളഞ്ഞതിനെ മരണത്തിലേക്ക് തള്ളിവിടുക എന്നതാണ് ഈ ഉത്തരവ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
ട്രക്കിങ്ങിൽ അപകട സാധ്യത ഇല്ല എന്നല്ല. തീർച്ചയായും ഉണ്ട്. അതിൽ ഏറെ നമുക്ക് വേണ്ടത്ര പരിശീലനത്തിലൂടെ, നിർദ്ദേശങ്ങളിലൂടെ, വ്യക്തി സുരക്ഷാ ഉപകാരണങ്ങളിലൂടെ, പരിചയ സമ്പന്നരായ ഗൈഡുകൾ കൂടെ ഉള്ളത്തിലൂടെ ഒഴിവാക്കാവുന്നതാണ്.
ഇതൊക്കെ ചെയ്താലും അപകടങ്ങൾ തീർച്ചയായും ഉണ്ടാകും. ലോകത്തെ ഏറ്റവും നല്ല സുരക്ഷാ സംവിധാനങ്ങൾ ഉള്ള ഫ്രാൻസിലെ മോണ്ട് ബ്ലാങ്ക് കൊടുമുടിയിലേക്കുള്ള കയറ്റത്തിൽ ഇപ്പോഴും അപകടങ്ങൾ ഉണ്ടാകാറുണ്ട്. എന്ന് വച്ച് അവർ അത് നിരോധിക്കുകയല്ല ചെയ്യുന്നത്. മറിച്ച് പരിശീലനം കൂട്ടുന്നു, രക്ഷാ പ്രവർത്തനം ശക്തി പെടുത്തുന്നു, ഇൻഷുറൻസ് ഏർപ്പെടുത്തുന്നു. കൂടുതൽ ആളുകളെ ആകർഷിക്കുന്നു, പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നു.
ഇടുക്കിയിലെ ട്രക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നും ലോകത്ത് മറ്റിടങ്ങളിൽ ഉള്ള നല്ല രീതികൾ ഉൾപ്പെട്ട മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പിലാക്കി ടൂറിസം മേഖലയെ മുൻപോട്ട് നയിക്കണമെന്നും ചില നിർദേശങ്ങളും മുരളി തുമ്മാരുകുടി പങ്കുവെക്കുകയാണ്.
1. ഇടുക്കിയിലെ ടൂർ ഓപ്പറേറ്റർമാർ, ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവരുടെ ഒരു മീറ്റിങ്ങ് വിളിച്ച് എങ്ങനെയാണ് ട്രക്കിങ്ങിലെ സുരക്ഷ വർധിപ്പിക്കുന്നത് എന്ന് ചർച്ച ചെയ്യുക
2. ട്രക്കിങ്ങിലെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയിലും പുറത്തുമുള്ള വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി ഉണ്ടാക്കുക, ഒരു മാസത്തിനകം മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുക
3. സുരക്ഷിതമായ ട്രെക്കിങ്ങിന് രണ്ടു ദിവസത്തെ പരിശീലനം നൽകാനുള്ള സംവിധാനം ഇടുക്കിയിലെ അനവധി സ്ഥാപനങ്ങളിൽ ആരംഭിക്കുക
4. സുരക്ഷിതമായ ട്രക്കിങ്ങിന് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങാനോ വാടകക്കോ ലഭ്യമാക്കാനുള്ള സംവിധാനം ഉണ്ടാക്കുക
5. അപകടം ഉണ്ടായാൽ പ്രഥമ ശുശ്രൂഷ മുതൽ രക്ഷാ പ്രവർത്തനം വരെയുള്ള കാര്യങ്ങളിൽ, അവ എങ്ങനെ സർക്കാർ സംവിധാനവുമായി ചേർന്ന് ചെയ്യാം എന്നുള്ള കാര്യങ്ങളിൽ പരിശീലനവും മാർഗ്ഗ നിർദ്ദേശവും ഉണ്ടാക്കുക
6. ട്രെക്കിങ്ങ് ചെയ്യുന്ന സമയത്തേക്ക് മാത്രം ബാധകമായ ഇൻഷുറൻസുകൾ ലഭ്യമാക്കുക. ഹെലികോപ്റ്റർ റെസ്ക്യൂ തൊട്ട് ഇവാക്വേഷൻ വരെ ഉള്ള ഇത്തരം പാക്കേജുകൾ ലോകത്ത് എത്രയോ ഉണ്ട്.