HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇന്നത്തെ(30 മാർച്ച് 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

 പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മാർച്ച് 30 | ബുധൻ | 1197 |  മീനം 16 |  ചതയം

യുദ്ധം അവസാനിക്കുന്നു. യുക്രെയിനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ പുരോഗതി. സുരക്ഷ ഉറപ്പാണെങ്കില്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രെയിന്‍ സമ്മതിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് നഗരങ്ങളില്‍ ആക്രമണം കുറയ്ക്കാമെന്നു റഷ്യ ഉറപ്പു നല്‍കി. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോകന്റെ ഓഫീസില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയിലാണ് പുരോഗതി.

ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന എല്‍ഡിഎഫ് യോഗം ഇന്ന്. പുതിയ മദ്യനയത്തിലും തീരുമാനമുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്നത് ഒഴിവാക്കുക, ഐടി മേഖലയില്‍ പബ് അനുവദിക്കുക തുടങ്ങിയ വിഷയങ്ങളിലും തീരുമാനമുണ്ടാകും. കെ റെയില്‍ വിഷയവും ചര്‍ച്ചയാകും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

രണ്ടു ദിവസത്തെ പൊതുപണിമുടക്കിനു സമാപനം. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് പൊലീസ് നോക്കിനില്‍ക്കേ ജീവനക്കാരെ സമരക്കാര്‍ മര്‍ദ്ദിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിവാദമായതോടെ പോലീസ് അമ്പതോളം പേര്‍ക്കെതിരേ കേസെടുത്തു.

പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് പാടൂരിലെ കെഎസ്ഇബി ഓഫീസില്‍ സമരാനുകൂലികളുടെ അതിക്രമം. ഉച്ചയോടെ ബൈക്കുകളിലും ഓട്ടോറിക്ഷയിലുമെത്തിയ മുപ്പതംഗ സംഘമാണ് അതിക്രമം നടത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് എന്‍ജിനിയര്‍ കുഞ്ഞുമുഹമ്മദ്, ഓവര്‍സിയര്‍ മനോജ്, ലൈന്‍മാന്‍മാരായ നടരാജന്‍ ആറുമുഖന്‍ വര്‍ക്കര്‍മാരായ അഷറഫ്, കുട്ടപ്പന്‍, രാമന്‍കുട്ടി, അപ്രന്റിസ് സഞ്ജയ് എന്നിവരെ മര്‍ദ്ദിച്ചു. ഓഫീസ് സാധനങ്ങള്‍ കേടുവരുത്തി. പരിക്കേറ്റവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നാറില്‍ പണിമുടക്കുകാര്‍ വഴിതടഞ്ഞതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ രാജയെ  കൈയ്യേറ്റം ചെയ്ത പൊലീസ് എസ്ഐ സാഗറിനെ സ്ഥലംമാറ്റി. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കു മാറ്റി എസ്പിയാണ് ഉത്തരവിട്ടത്.  

ജോലിക്കെത്തിയ അധ്യാപകരെ പൊതുപണിമുടക്ക് അനുകൂലികള്‍ മര്‍ദ്ദിച്ചു. കോഴിക്കോട് അത്തോളി  ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേശീയ അധ്യാപക പരിഷത്ത് കൊയിലാണ്ടി ഉപജില്ല പ്രസിഡന്റ് ബിജു,  സുബാഷ് എന്നീ അദ്ധ്യാപകരെ പ്രാദേശിക സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്തു. ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത്തിനെയും ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച പള്‍സര്‍ സുനി  പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ തേടിയാണ് പോലീസിന്റെ ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തത്.

ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു.

പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം  കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടക്കായി ലഭിച്ച കേന്ദ്രസഹായം എത്രയാണെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍. മാവോയിസ്റ്റ് വേട്ടക്കായി കേരളത്തിനു പണം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം. കേരളത്തിലെ മാവോയിസ്റ്റ് വേട്ട കേന്ദ്രഫണ്ട തട്ടാനുള്ള വ്യാജഏറ്റുമുട്ടല്‍ കൊലപാതകമാണെന്നു തുടക്കംമുതലേ ആരോപണമുണ്ടായിരുന്നു.

ഭരതനാട്യം നര്‍ത്തകി വി.പി. മന്‍സിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂര്‍ എംപി. ഇത്തരം സംഭവങ്ങള്‍ ഹിന്ദു മതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം ചെയ്യും. ക്ഷേത്രങ്ങള്‍ക്ക് അകത്തുള്ള ചട്ടങ്ങള്‍ മനസിലാക്കാം. എന്നാല്‍ ക്ഷേത്ര പരിസരത്ത് കലകള്‍ അവതരിപ്പിക്കുന്നത് മതത്തിന്റെ പേരില്‍ വിലക്കിയത് മോശമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

ഫോണിലൂടെ സ്ത്രീയെ ശല്യം ചെയ്തതിന് കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയ യുഎഇയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍. ബാലരാമപുരം സ്വദേശി പ്രണവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊലീസ് പിടികൂടിയത്. അയല്‍വാസിയായ സ്ത്രീയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിനാണ് കേസ്.

അനധികൃത സ്വത്തു സമ്പാദന കേസില്‍ പ്രതിയായ ഡിവൈഎസ്പിക്കുവേണ്ടി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ച സിപിഎം നേതാവ് അറസ്റ്റിലായി. പാലക്കാട് വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പിയും സംഘവും അറസ്റ്റു ചെയ്തത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സംസ്ഥാന തൊഴില്‍ വകുപ്പ് മികച്ച തൊഴിലിടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ എക്സലന്‍സ് പുരസ്‌കാരം എട്ടു  സ്ഥാപനങ്ങള്‍ക്ക്. ഭീമ ജ്വല്ലറി, എംകെ സില്‍ക്സ് പാലക്കാട്, കീസ് ഹോട്ടല്‍ തിരുവനന്തപുരം, സുരി ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ് കോട്ടയം, സേഫ് സോഫ്റ്റ് വെയര്‍ പാലക്കാട്, നെക്സാ കൊല്ലം, ഡിഡിആര്‍സി എസ്ആര്‍എല്‍ തിരുവനന്തപുരം, ആലുക്കാസ് റിയല്‍റ്റേഴ്സ് തൃശൂര്‍ എന്നീ സ്ഥാപനങ്ങളാണ് പുരസ്‌കാരം നേടിയത്. 85 സ്ഥാപനങ്ങള്‍ നേരത്തെ ഏര്‍പ്പെടുത്തിയ വജ്ര പുരസ്‌കാരത്തിനും 117 സ്ഥാപനങ്ങള്‍ സുവര്‍ണ പുരസ്‌കാരത്തിനും അര്‍ഹരായി. നാളെ രാവിലെ പത്തിന് തിരുവനന്തപുരത്തു മഹാത്മാ അയ്യന്‍കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 1361 അപേക്ഷകരില്‍ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.

കെ റെയില്‍ എംഡി റയില്‍വേയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തിയതാണെന്ന് മറക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദന്‍. ജനങ്ങളെ ദ്രോഹിച്ചാല്‍ കേന്ദ്രം തിരിച്ചു വിളിക്കും. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നടത്തിയ കെ റെയില്‍ വിരുദ്ധ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്‍. കരുണ പാലിയേറ്റീവ് കെയര്‍ മന്ത്രി സജി ചെറിയാന്റെ പൊയ്മുഖമാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സേതുവിനും എന്‍.എസ്. മാധവനും. അമ്പതിനായിരം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ഇന്നു വൈകുന്നേരം നാലിന് എറണാകുളത്തെ മഹാകവി ജി ഓഡിറ്റോറിയത്തില്‍ സമ്മാനിക്കും.

പള്ളിത്തര്‍ക്കത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനിര്‍മ്മാണ നിര്‍ദ്ദേശത്തിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രമേയം പാസാക്കി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനു പകരം പൊതുജനാഭിപ്രായം തേടുന്നത് കോടതിയോടുള്ള അവഹേളനമാണ്. ഇക്കാര്യങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും സഭ  ആവശ്യപ്പെട്ടു.

വീടിനു മുകളില്‍ തെങ്ങുവീണ് വൃദ്ധ മരിച്ചു. മലപ്പുറം കരുളായി കോളനിയിലെ മൊരടന്‍ ചക്കിയാണ് മരിച്ചത്.

സംസ്ഥാനത്ത്  ഹയര്‍ സെക്കന്ററി പരീക്ഷ ഇന്നും എസ്എസ്എല്‍സി പരീക്ഷ നാളേയും ആരംഭിക്കും. 4,27,407 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി പരീക്ഷയും  4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയും എഴുതും. 

എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കാനിരിക്കേ, പാലക്കാട്ടെ എസ്എസ്എല്‍സി വിദ്യാര്‍ഥിനി വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് മുസലിയാരകത്ത് വീട്ടില്‍ ഷെറിന്‍ ആണു മരിച്ചത്.

പത്തനംതിട്ടയില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. പമ്പാവാലി ആലപ്പാട്ട് പാപ്പിക്കയത്തില്‍ കുളിക്കുന്നതിനിടെയാണ് നാറാണംതോട് അമ്പലപ്പറമ്പില്‍ വിനോദിന്റെ മകള്‍ നന്ദന (17) മുങ്ങി മരിച്ചത്.

എറണാകുളം കോമ്പാറയില്‍ വന്‍ കഞ്ചാവ് വേട്ട. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചിരുന്ന 80 കിലോയോളം കഞ്ചാവാണ്  പിടിച്ചെടുത്തത്. ആലുവ സ്വദേശി കബീര്‍, എടത്തല സ്വദേശി നജീബ്, വരാപ്പുഴ സ്വദേശികളായ മനു ബാബു, മനീഷ് എന്നിവര്‍ അറസ്റ്റിലായി. കഞ്ചാവ് വാങ്ങാനെത്തിയ രണ്ടു പേരും പിടിയിലായി.

ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ കാറിലിടിച്ച് കുതിരക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. പരിക്കേറ്റ മുനക്കക്കടവ് സ്വദേശി  സുഹൈലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2016 മുതല്‍ 2020 വരെ രാജ്യത്ത് 3,400 വര്‍ഗീയ കലാപ കേസുകള്‍  രജിസ്റ്റര്‍ ചെയ്തെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.  ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം.  2020-ല്‍ 857 വര്‍ഗീയ കലാപ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള 300 എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും മുംബൈയില്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പകരം നിയമസഭാംഗങ്ങള്‍ക്കായി പ്രത്യേക ക്വാട്ട അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.

ഉത്തര്‍പ്രദേശ് കുശിനഗറില്‍ മുസ്ലീം യുവാവ് ബാബര്‍ അലിയെ(20) കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയുടെ വിജയാഘോഷത്തില്‍ പങ്കെടുത്തതിനാണ് ബാബറിനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. ബാബറിന്റെ ബന്ധുക്കള്‍ക്ക് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മെയ് ഒന്നിനു നിലവില്‍ വരുമെന്ന് കേന്ദ്ര വാണിജ്യ - വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ദുബായില്‍ നടന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ സംബന്ധിച്ച ഇന്ത്യ - യുഎഇ, ബിസിനസ് - ടു - ബിസിനസ് മീറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. യുഎഇ വിദേശ വ്യാപാര സഹമന്ത്രി എച്ച് ഇ താനി അല്‍ സെയൂദി ചടങ്ങില്‍ പങ്കെടുത്തു.

കൊവിഡ് വ്യാപിച്ചതോടെ ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. വീടിനു പുറത്തിറങ്ങരുതെന്ന് വിലക്കേര്‍പ്പെടുത്തി.

സൗദി അറേബ്യയില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്ലാത്ത  ജീവനക്കാരെ കണ്ടെത്താന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ പരിശോധന. ഇന്‍ഷ്വറന്‍സ് ഇല്ലാത്ത ഓരോ ജീവനക്കാരനും 2000 റിയാല്‍ മുതല്‍ 20,000 റിയാല്‍ വരെയാണ് പിഴ ഈടാക്കാകുക. സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉണ്ടാകണമെന്ന ചട്ടവും നിലവിലുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

പ്രമുഖ അമേരിക്കന്‍ പാക്കേജ് ഡെലിവറി കമ്പനിയായ ഫെഡക്സ് കോര്‍പറേഷനു മലയാളി സാരഥി. മുന്‍ ഡിജിപി സി സുബ്രഹ്‌മണ്യത്തിന്റെ മകനും തിരുവനന്തപുരം സ്വദേശിയുമായ രാജ് സുബ്രഹ്‌മണ്യമാണ് ഫെഡക്സിന്റെ പുതിയ സിഇഒ. 30 വര്‍ഷംമുമ്പ് സാധാരണ ജീവനക്കാരനായി ഫെഡക്സില്‍ ചേര്‍ന്ന രാജ് ഏതാനും വര്‍ഷമായി ഫെഡക്സ് സ്ഥാപകന്‍ ഡബ്ള്യു സ്മിത്തിന്റെ വിശ്വസ്തനായിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സണ്‍റൈസേഴ്‌സിന് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധസെഞ്ചുറി നേടിയ നായകന്‍ സഞ്ജു സാംസണും മൂന്ന് വിക്കറ്റെടുത്ത യൂസ്വേന്ദ്ര ചാഹലും രാജസ്ഥാന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത ഉറപ്പാക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വടക്കന്‍ മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് പോര്‍ച്ചുഗല്‍ ഖത്തര്‍ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കേരളത്തില്‍ ഇന്നലെ 17,846 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,555 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,028 കോവിഡ് രോഗികള്‍. നിലവില്‍ 31,197 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.98 കോടി കോവിഡ് രോഗികളുണ്ട്.

രാജ്യത്ത് കഴിഞ്ഞ വര്‍ഷം 4ജി മൊബൈല്‍ താരീഫ് നിരക്കില്‍ ഉണ്ടായ വര്‍ധനവ് പുതിയ ഉപഭോക്താക്കളുടെ വരവിനെ ബാധിച്ചെന്ന് റിപ്പോര്‍ട്ട്. 2021 സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവില്‍ 32.10 മില്യണ്‍ ഉപഭോക്താക്കളെയാണ് ടെലികോം കമ്പനികള്‍ക്ക് നഷ്ടമായത്. അതില്‍ 28.14 മില്യണ്‍ ഉപഭോക്താക്കളും നഷ്ടമായത് റിലയന്‍സ് ജിയോയ്ക്ക് ആണ്. അതേ സമയം എയര്‍ടെല്‍ ഉപഭോക്താക്കളുടെ എണ്ണം 1.5 മില്യണ്‍ വര്‍ധിച്ചു. വോഡാഫോണ്‍ ഐഡിയയുടെ ഇക്കാലയളവിലെ നഷ്ടം 5.55 മില്യണ്‍ ഉപഭോക്താക്കളാണ്. ഇപ്പോള്‍ ഒരുമാസം മൊബൈല്‍ നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം 4 മില്യണില്‍ നിന്ന് 8 മില്യണിലേക്ക് ഉയര്‍ന്നിട്ടുണ്ട്. താരതമ്യേന നിരക്ക് കുറഞ്ഞ മൊബൈല്‍ നെറ്റുവര്‍ക്കിലേക്ക് ജനം മാറുകയാണ്.

റഷ്യയില്‍ നിന്നും റെക്കോര്‍ഡ് തുകക്ക് സൂര്യകാന്തി എണ്ണ വാങ്ങി ഇന്ത്യ. 45,000 ടണ്‍ എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത്. ഭക്ഷ്യഎണ്ണക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇന്ത്യന്‍ നടപടി. യുക്രെയ്‌നില്‍ നിന്നുള്ള വിതരണം നിലച്ചതോടെയാണ് വന്‍ വിലക്ക് എണ്ണ വാങ്ങാന്‍ ഇന്ത്യ നിര്‍ബന്ധിതമായത്. റഷ്യയുമായുള്ള കരാര്‍ ഭക്ഷ്യ എണ്ണയുടെ ക്ഷാമം പരിഹരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. യുക്രെയ്‌നൊപ്പം ഇന്തോനേഷ്യ പാംഒയില്‍ ഇറക്കുമതിക്ക് കൂടി നിയന്ത്രണം ഏര്‍പ്പെടുത്തിതോടെയാണ് ഇന്ത്യയില്‍ ഭക്ഷ്യഎണ്ണകള്‍ക്ക് വലിയ ക്ഷാമം അനുഭവപ്പെട്ടത്. പല വ്യവസായികളും ടണ്ണിന് 1.6 ലക്ഷമെന്ന റെക്കോര്‍ഡ് തുകക്കാണ് ഭക്ഷ്യഎണ്ണ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

തെലുങ്കില്‍ നിന്ന് മറ്റൊരു പാന്‍ ഇന്ത്യന്‍ ചിത്രം കൂടി വരുന്നു. വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജെജിഎം എന്നാണ് പേരിട്ടിരിക്കുന്നത്. മുംബൈയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രോജക്റ്റിന്റെ പ്രഖ്യാപനം. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. വിജയ് ദേവരകൊണ്ട മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമായിരിക്കും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. പുരി ജഗന്നാഥ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നു.  മാസ് എന്റര്‍ടെയ്നര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിനൊപ്പം തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും.

പുതിയ മലയാള ചിത്രങ്ങളുടെ റിലീസ് തീയതികള്‍ പ്രഖ്യാപിച്ച് മുന്‍നിര ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ. ടൊവീനോ തോമസ് നായകനായ ആഷിക് അബു ചിത്രം നാരദന്‍, ഷെയ്ന്‍ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് ഒരുക്കിയ വെയില്‍, ജോജു ജോര്‍ജ്, വിനായകന്‍, കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ എം ഒരുക്കിയ പട എന്നിവയുടെ റിലീസ് തീയതികളാണ് ആമസോണ്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ആദ്യം എത്തുക പടയാണ്. മാര്‍ച്ച് 30 ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. ഏപ്രില്‍ 8നാണ് ആഷിക് അബുവിന്റെ നാരദന്‍ സ്ട്രീമിംഗ് ആരംഭിക്കുക. ഏപ്രില്‍ 15ന് ആണ് ഷെയ്ന്‍ നിഗത്തിന്റെ വെയില്‍ സ്ട്രീമിംഗ് ആരംഭിക്കും.

ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ടൈഗര്‍ സ്‌പോര്‍ട്ട് 660 ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.95 ലക്ഷമാണ് രൂപ എക്‌സ്‌ഷോറൂം വില. സഫയര്‍ ബ്ലാക്ക് ഉള്ള ലൂസെര്‍ണ്‍ ബ്ലൂ, ഗ്രാഫൈറ്റിനൊപ്പം കൊറോസി റെഡ്, ബ്ലാക്ക് വിത്ത് ഗ്രാഫൈറ്റ് എന്നിങ്ങനെ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ വാഹനം ലഭിക്കും. പുതിയ ട്രയംഫ് ടൈഗര്‍ സ്‌പോര്‍ട് 660 ന് കരുത്ത് പകരുന്നത് നിലവിലെ അതേ 660 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍-3 സിലിണ്ടര്‍ എഞ്ചിനാണ്. അത് ട്രൈഡന്റ് 660-നും കരുത്ത് പകരുന്നു. ഈ മോട്ടോര്‍ 10,250 ആര്‍പിഎമ്മില്‍ 80 എച്ച്പി പവറും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് ട്രാന്‍സ്മിഷന്‍.


 കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

 സന്ദർശിക്കുക.  www.honesty.news


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

HONESTY NEWS