വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ്. സർവീസ് സംഘടനകൾ ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പണിമുടക്ക് ഹർത്താലാകും.
എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിലുയര്‍ത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പാൽ, പത്രം, ആശുപത്രികൾ, എയർപോർട്ട്, ഫയർ ആന്‍റ് റെസ്ക്യൂ എന്നീ അവശ്യസർവീസുകൾ പണിമുടക്കിലുണ്ടാകില്ല. ഹോട്ടലുകളും തുറക്കില്ല. സ്വിഗ്വി സൊമാറ്റോ തുടങ്ങിയ സര്‍വ്വീസുകളും ഉണ്ടാകില്ലെന്നാണ് സൂചന. സ്വകാര്യവാഹനങ്ങൾ തടയില്ലെന്നാണ് സംഘടനകൾ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ കെഎസ്ആർടിസി അടക്കമുള്ള സർവീസുകളിലെ ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ ബസ് സർവീസുകൾ ഓടില്ലെന്നുറപ്പാണ്.
ദേശീയ പണിമുടക്ക് ട്രഷറികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വ്യക്തമാക്കി. പണിമുടക്ക് മുന്നിൽ കണ്ട് ബില്ലുകള്‍ മാറുന്നതിൽ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അവധി ദിവസമായിട്ടും ഇന്നലെ ട്രഷറി പ്രവർത്തിച്ചിരുന്നു. എന്നാൽ, പദ്ധതി വിഹിതം ചെലവാക്കുന്നതിൽ പണിമുടക്ക് ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞു.