HONESTY NEWS ADS

 HONESTY NEWS ADS


ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിനം കേരളത്തിൽ 'ഹർത്താൽ'; സംസ്ഥാനം നിശ്ചലമായി, ദേശീയ പണിമുടക്ക് ബാധിച്ചത് കേരളത്തിലെ ജനങ്ങളെ മാത്രം.

    സംസ്ഥാനത്ത് പൊതുജനങ്ങളെ വലച്ച് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം. 48 മണിക്കൂർ സമരം ആദ്യ പന്ത്രണ്ട് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ അത് എല്ലാ അർത്ഥത്തിലും ഹർത്താലായി മാറി.

ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിനം സംസ്ഥാനം നിശ്ചലമായി
     കടകൾ തുറന്നില്ല, ഒട്ടുമിക്ക സർക്കാർ ഓഫീസുകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് യാത്രയ്ക്കിറങ്ങിയവർ നന്നായി ബുദ്ധിമുട്ടി. കെഎസ്ആർടിസി സർവ്വീസുകൾ നാമമാത്രമായിരുന്നു. നാല് ദിവസത്തെ ബസ് സമരം അവസാനിച്ചെങ്കിലും പൊതുപണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് അവരും ഇന്ന് നിരത്തിലിറങ്ങിയില്ല. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. അതേ സമയം പണിമുടക്ക് ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

സംസ്ഥാനത്തെല്ലായിടത്തും ഹർത്താൽ പ്രതീതി തന്നെ. ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ആർസിസിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും പോകേണ്ടവർക്ക് പൊലീസ് വാഹനം ഒരുക്കി. സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നില്ല. കോഴിക്കോട് മിഠായിത്തെരുവിലും പാളയത്തും വലിയങ്ങാടിയിലും സംസ്ഥാനത്തെ മുഴുവൻ കടകമ്പോളങ്ങളും അടഞ്ഞുകിടന്നു. തട്ടുകട പോലും പ്രവർത്തിച്ചില്ല. സ്വകാര്യ വാഹനങ്ങൾ ചിലയിടങ്ങളിൽ ഓടുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

വ്യവസായമേഖലയെയും പണിമുടക്ക് കാര്യമായി ബാധിച്ചു. അവശ്യ സർവ്വീസായതിനാൽ ബിപിസിഎല്ലിലെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞെങ്കിലും സമരക്കാർ ജീവനക്കാരെ കടത്തിവിട്ടില്ല. ക‌ഞ്ചിക്കോട് വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണം. അവശ്യ സര്‍വ്വീസിനുള്ള സ്ഥാപനങ്ങളൊഴികെയുള്ള വ്യവസായ യൂണിറ്റുകള്‍ കിന്‍ഫ്രയിൽ പ്രവര്‍ത്തിച്ചില്ല. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ ഗേറ്റില്‍ തടഞ്ഞു തിരിച്ചയച്ചു. ആലപ്പുഴയിൽ ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ അടക്കം സർവീസ് നടത്താത്തത് ജനങ്ങളെ ബാധിച്ചു. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും രാവിലെ സമരാനുകൂലികൾ പ്രകടനമായെത്തി ഹൗസ് ബോട്ട് ജീവനക്കാരോടക്കം പണിമുടക്കിന്‍റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടു. പണിമുടക്കി വിവിധ സംഘടനകൾ സംസ്ഥാനത്തുടനീളം പ്രകടനം നടത്തി. 

ആക്രമണ സംഭവങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു. കോഴിക്കോട് മാവൂർ റോഡിൽ ഓട്ടോ അടിച്ചുതകർത്തു.  കാട്ടാക്കടയിൽ സമരക്കാരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ജനങ്ങളെ സമരക്കാർ തടഞ്ഞത് ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു തൊഴിൽമന്ത്രിയുടെ പ്രതികരണം. പ്രാവചമ്പലത്ത് മണിക്കൂറുകളോളമാണ് സമരക്കാർ വാഹനങ്ങൾ മുഴുവൻ തടഞ്ഞ് തിരിച്ചയച്ചത്. വഴിതടഞ്ഞുള്ള സമരം തിരുവനന്തപുരത്ത് മാത്രമായിരുന്നില്ല, കോഴിക്കോട് മാവൂർ റോഡിലും പുതിയ ബസ് സ്റ്റാൻഡിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു.  കുട്ടികൾക്കും ഭാര്യക്കുമൊപ്പം സഞ്ചരിക്കുകയായിരുന്നവ ഗോവിന്ദപുരം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഷിബിജിത്തിൻറെ ഓട്ടോക്ക് നേരെയായിരുന്നു അക്രമം. 

കോഴിക്കോട് വോളിബോൾ മത്സരത്തിനെത്തിയ റഫറിയെ ഇറക്കിവിട്ടു. പൊലീസാണ് പിന്നീട് ഇദ്ദേഹത്തെ റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തിരുവനന്തപുരം കാട്ടാക്കടയിൽ സമരക്കാർ റോഡിൽ കസേരകൾ നിരത്തി വഴിതടഞ്ഞത് സംഘർഷത്തിലേക്കെത്തി. ബിജെപി പ്രവർത്തകരും സമരക്കാരും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. തിരുവനന്തപുരം പേട്ടയിൽ കോടതിയേലിക്ക് പോയ മജിസ്ട്രേറ്റിന്റെ വാഹനം തടഞ്ഞു. മജിസ്ട്രേറ്റ് കോടതി രണ്ടിലെ ജഡ്ജിയുടെ വാഹനം പോലീസ് വഴിതിരിച്ചുവിട്ടു. ഇതേ തുടർന്ന് വൈകിയാണ് മജിസ്ട്രേറ്റിന് കോടതിയിലെത്താനായത്. പേട്ട സിഐയെ നേരിട്ടുവിളിപ്പിച്ച് മജിസ്ട്രേറ്റ് വിശദീകരണം തേടി. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

എറണാകുളം കാലടിയിൽ സമരക്കാർ സ്ഥാപനം അടപ്പിക്കുന്നതിനെച്ചൊല്ലി തർക്കമുണ്ടായി. മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന വ്യാപാരസ്ഥാപനത്തിന് മുന്നിൽ സമരക്കാരുടെ പ്രതിഷേധമുണ്ടായി. മഞ്ചേരിയിൽ സമരാനുകൂലകൾ വാഹനങ്ങൾ തടഞ്ഞു. കാഞ്ഞങ്ങാട് സമരാനുകൂലികൾ 13 ട്രക്കുകൾ തടഞ്ഞിട്ടു. കണ്ണൂർ പഴയങ്ങാടിയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് മുക്കത്ത് പൊലീസ് സംരക്ഷണത്തോടെ തുറന്ന പെട്രോൾ പമ്പ് സമരക്കാർ അടപ്പിച്ചു. 

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

48 മണിക്കൂർ പണിമുടക്കിന്‍റെ ആദ്യ ദിനം ഇതാണ് സ്ഥിതിയെങ്കിൽ നാളെ എന്താകുമെന്നാണ് ഇനി അറിയേണ്ടത്. മറ്റ് സംസ്ഥാനങ്ങളിൽ ജനജീവിതം സാധാരണനിലയിൽ പോകുമ്പോഴാണ് കേരളത്തിൽ അത്യാവശ്യത്തിന് പുറത്തിറങ്ങിയവരെ പോലും തടഞ്ഞും ഭീഷണിപ്പെടുത്തിയമുള്ള പണിമുടക്ക്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS