പണിമുടക്കിയ തൊഴിലാളികളെ മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയും രാജ്യസഭാകക്ഷി നേതാവുമായ ഏളമരം കരിമിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഓഫീസിന് മുന്നിൽ തൊഴിലാളികൾ നാളെ പ്രതിഷേധം സംഘടിപ്പിക്കും.

എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനിയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ലന്ന് സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി പ്രസ്താവനയിൽ പറഞ്ഞു. കുടുംബ സമേതം എളമരം കരീം കാറിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞ് നിർത്തി കാർ അടിച്ച് തകർക്കുകയും കാറിൽ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താൽ എന്ത് സംഭവിക്കും എന്ന് ലോകത്തോട് വാർത്താവതാരകൻ വിളിച്ചു പറഞ്ഞു.
തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നൽകാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമർശിച്ചതിനാണ് വിനു വി ജോൺ തന്റെ മ്ളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ മാടമ്പി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനൽ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയിൽ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |