പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
ഇന്ന് ലോക വിഡ്ഢിദിനം.
ശ്രീലങ്കന്‍ തീരങ്ങളില്‍ സഹായം എത്തിക്കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിലെത്തിയ സ്റ്റാലിന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്തും കൊളംബോയിലുമുള്ള തമിഴ് വംശജര്‍ക്കു ഭക്ഷണവും ജീവന്‍ രക്ഷാ മരുന്നുകളും എത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മുല്ലപ്പെരിയാര്‍ കേസില്‍ തര്‍ക്ക വിഷയങ്ങള്‍ ഡാം സുരക്ഷ അതോറിറ്റിക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള നടപടികളുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്രം സുരക്ഷ പരിശോധനയിലെ കാലതാമസത്തിലും അതൃപ്തി അറിയിച്ചു. ചില വിഷയങ്ങളില്‍ ഇനിയും സമവായത്തിലെത്തിയിട്ടില്ലെന്ന് കേരളവും തമിഴ്നാടും കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ നിയന്ത്രണാധികാരം മേല്‍നോട്ട സമിതിക്ക് നല്‍കാനാവില്ലെന്ന നിലപാട് തമിഴ്നാട് ആവര്‍ത്തിച്ചു.
നാടിന് ആവശ്യമായത് ചെയ്യേണ്ട സമയത്തുതന്നെ ചെയ്യുമെന്നും ചെയ്തില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ വിഷയത്തില്‍ പ്രധാനമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. 51 റോഡുകളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രി തമിഴ്‌നാട്ടിലെ എം.കെ. സ്റ്റാലിനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിന്‍. അദ്ദേഹം മുന്‍കൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മധുരയില്‍ നടക്കുന്ന സിപിഎം തമിഴ്നാട് സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായിരുന്ന ഇന്നലെ ട്രഷറി ചെലവിട്ടത് ആയിരം കോടി രൂപ. ഭൂമിയുടെ ന്യായവില ഇന്നു മുതല്‍ പത്തു ശതമാനം വര്‍ധിക്കുന്നതുമൂലം കുറഞ്ഞ നിരക്കില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ എണ്ണായിരത്തോളം ആധാരങ്ങളാണ് വിവിധ രജിസ്ട്രാര്‍ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ എത്തിയത്. സാധാരണ നാലായിരം ആധാരങ്ങളാണ് ദിവസം രജിസ്റ്റര്‍ ചെയ്യാറുള്ളത്.
കോണ്‍ഗ്രസ് അംഗത്വ വിതരണം 15 ദിവസം കൂടി നീട്ടിയെന്ന് എഐസിസി. വിവിധ സംസ്ഥാന ഘടകങ്ങളില്‍നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനം. അംഗത്വ വിതരണം നീട്ടിയ. നടപടി സംഘടന തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് എഐസിസി അറിയിച്ചു. കേരളത്തിലും കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് വിതരണം 15 ദിവസത്തേക്കുകൂടി നീട്ടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ വ്യക്തമാക്കി.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ബാറില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തി. ബൈക്കില്‍ യാത്ര ചെയ്തിരുന്ന സുമേഷിനെ പിന്തുടര്‍ന്നെത്തിയ മൂന്നംഗസംഘം സഞ്ചരിച്ച കാറിടിച്ചു വീഴ്ത്തുകയായിരുന്നു. സുമേഷും ഒപ്പമുണ്ടായിരുന്ന സുഹൃത്തും റോഡരികില്‍ വീണു. വാഹനാപകടമെന്നു കരുതിയ കേസില്‍ വിശദമായ അന്വേഷണത്തിലാണ് മദ്യപിച്ചുള്ള കലഹംമൂലമുണ്ടായ കൊലപാതകമാണെന്നു മനസിലായത്. കാറിലുണ്ടായിരുന്ന കാട്ടാക്കട സ്വദേശികളായ നിഹാസ്, ഷെമീം, റെജി എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിദേശത്തായിരുന്ന നിഹാസാണ് കാറോടിച്ചിരുന്നതെന്നു പോലീസ് പറയുന്നു. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തായ അനുപിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്.
വയോധികനായ മുന്‍ പോലീസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. എഴുപത്തഞ്ച് വയസുള്ള കാന്‍സര്‍ രോഗബാധിതനായ മുന്‍ പൊലീസുദ്യോഗസ്ഥനെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ചിലര്‍ അടിച്ചു പല്ല് കൊഴിക്കുകയും ഇടതുവാരിയെല്ല് ചവിട്ടി ഒടിക്കുകയും ചെയ്തു. എന്നിട്ടും അക്രമികളെ പൊലീസ് രക്ഷിച്ചെന്ന പരാതിയിലാണ് നടപടി.
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട വ്യാജ ചാരായ വില്‍പനകേസിലെ പ്രതി കോടതിയിലെത്തി കീഴടങ്ങി. കരുംകുളം പുതിയതുറ പണ്ടാരപാട്ടം പുരയിടം ജഫീനാ ഹൗസില്‍ യോഹന്നാന്‍ (42)ആണ് നെയ്യാറ്റിന്‍കര ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മദ്യനയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. കേരളത്തെ സര്‍വ്വനാശത്തിലേക്കെത്തിക്കുന്ന മദ്യനയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.
ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ വര്‍ധിപ്പിച്ച നിരക്ക് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങാന്‍ ഒരാഴ്ച വൈകും. നിരക്കു വര്‍ധന ഇന്നു നിലവില്‍ വരില്ല. ഫെയര്‍ സ്റ്റേജ് പുതുക്കാനുമുണ്ട്. ഉത്തരവിറങ്ങിയശേഷമേ പുതിയ നിരക്ക് പ്രാബല്യത്തിലാകൂവെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ജെസ്നയെ കണ്ടെത്താന്‍ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കാഞ്ഞിരപ്പിള്ളി എംഡി കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന വെച്ചൂച്ചിറ സ്വദേശി ജോയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ കാണാതായി നാലു വര്‍ഷത്തിനുശേഷമാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സിബിഐ കേസെടുത്തത്.
കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബില്‍ ചുവടുവച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ . എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ പ്രചാരണ ഭാഗമായി ഫ്ളാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കളക്ടറും ചുവടുവച്ചത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കളക്ടര്‍. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് മദ്യശാലയില്‍ മോഷണം. വില കൂടിയ 26 കുപ്പി മദ്യത്തിനു പുറമേ 27,000 രൂപയും സിസിടിവി ക്യാമറയും കവര്‍ച്ച ചെയ്തവര്‍ കൊണ്ടുപോയിട്ടുണ്ട്. കെട്ടിടത്തിന്റെ മുന്‍വാതിലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്മാര്‍ അകത്തുകടന്നത്.
മലപ്പുറത്തെ വളയംകുളം അസ്സബാഹ് കോളജിലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകരേയും മണിക്കൂറുകളോളും പൂട്ടിയിട്ടു. ആര്‍ട്സ് ഡേ നടത്താന്‍ ഈടാക്കിയ 600 രൂപ ആര്‍ട്സ് ഡേ നടത്താത്തതിനാല്‍ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. ഒടുവില്‍ പൊലീസ് എത്തി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം നേടിയെടുത്തശേഷമാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിച്ചത്.
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നേതൃത്വത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍. രണ്ടാഴ്ചയായി പത്തു ദ്വീപുകളില്‍ നിരോധനാജ്ഞയാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഹമ്മദ് ഫൈസല്‍ കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
കോഴിക്കോട് പന്നിയങ്കരയിലെ ഹോട്ടല്‍ മുറിയില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. മാത്തോട്ടം സ്വദേശിയായ സജാദ് (24), നടുവട്ടം എന്‍.പി വീട്ടില്‍ മെഹറൂഫ് (29) എന്നിവരാണ് പിടിയിലായത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ തങ്ങളാരും തള്ളിപ്പറയില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് കോടതിയും ജഡ്ജിയും പറഞ്ഞാലും അത് മറ്റുള്ളവര്‍ക്ക് തോന്നണമെന്നില്ല. ഫിയോക് ചെയര്‍മാനായ ദിലീപിനോട് സംഘടനയില്‍നിന്നു മാറിനില്‍ക്കാന്‍ യോഗത്തില്‍ ഒരാള്‍ പോലും ആവശ്യപ്പെട്ടില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി.
നിര്‍മ്മാണത്തിലിരുന്ന മതില്‍ ഇടിഞ്ഞുവീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം അഞ്ചാം മൈലില്‍ പെട്രോള്‍ പമ്പിനുവേണ്ടി നിര്‍മ്മിച്ചുകൊണ്ടിരുന്ന മതിലാണ് തകര്‍ന്നത്. നിര്‍മ്മാണ തൊഴിലാളി ശിവദാസനാണ്(45) മരിച്ചത്. നാലു തൊഴിലാളികള്‍ക്കു പരിക്കേറ്റു.
എറണാകുളത്ത് ഫ്ളാറ്റിന്റെ നാലാം നിലയില്‍നിന്നു ചാടി 45 കാരി മരിച്ചു. എറണാകുളം വാഴക്കാലയിലെ കെന്നഡിമുക്കിലെ ഫ്ലാറ്റിലെ താമസക്കാരി സ്മിത കിഷോറാണ് മരിച്ചത്. തൃക്കാക്കര പൊലീസ് എത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
വര്‍ക്കലയില്‍ വില്‍പ്പനയ്ക്ക് എത്തിച്ച നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. വര്‍ക്കല തിരുവമ്പാടിയിലെ കേരള സര്‍ക്കാര്‍ അക്വേറിയത്തിനു മുന്‍വശത്തുനിന്നാണ് പ്രതി കോവളം സ്വദേശി ദിവര്‍ എന്ന വിഷ്ണുവിനെ(22) അറസ്റ്റു ചെയ്തത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സിനിമാ- സീരിയല്‍ താരം സോണിയ മുന്‍സിഫ് മജിസ്‌ട്രേറ്റായി. വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യവെയാണ് മുന്‍സിഫ് മജിസ്‌ട്രേറ്റായുള്ള നിയമനം. കാര്യവട്ടം ക്യാമ്പസിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെ പാസായ സോണിയ തുടര്‍ന്ന് എല്‍എല്‍ബിയും എല്‍എല്‍എമ്മും പഠിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു സോണിയ. ഭര്‍ത്താവ് ബിനോയ് ഷാനൂര്‍ ബിസിനസുകാരനാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തുന്ന 'പരീക്ഷ പേ ചര്‍ച്ച' യുടെ അഞ്ചാം ലക്കം ഇന്ന്. ഡല്‍ഹിയിലെ താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്കാണ് പരിപാടി. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടക്കുന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കുചേരും. രാജ്യത്തിനകത്തും വിദേശത്തുമുള്ള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ വെര്‍ച്വലായി പരിപാടിയില്‍ പങ്കെടുക്കും.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ പ്രസിഡന്റിന്റെ വസതിക്കു സമീപം ആയിരങ്ങളുടെ പ്രതിഷേധം. പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭകാരികളുമായി പോലീസ് ഏറ്റുമുട്ടി. അര്‍ദ്ധസൈനിക വിഭാഗമായ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും രംഗത്തിറങ്ങി. ലങ്കയില്‍ ഡീസല്‍ ലഭ്യമല്ല. 13 മണിക്കൂര്‍ പവര്‍ക്കട്ടാണ്. റോഡുകളില്‍ വാഹനങ്ങളില്ല. മരുന്നുകളും കിട്ടാനില്ല.
ഹെയ്തിയിലെ തെക്കന്‍ നഗരമായ ലേ കയേസില്‍ ജനകീയ പ്രക്ഷോഭത്തിനിടെ വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനം ജനക്കൂട്ടം പുറത്തേക്കു തള്ളിക്കൊണ്ടുപോയി തെരുവിലിട്ടു കത്തിച്ചു. അമേരിക്കന്‍ മിഷനറി സംഘടനയുടെ ഉടമസ്ഥതയിലുള്ള വിമാനമാണ് കത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രമുഖ കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തി.
ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും രാജിവയ്ക്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ഖാന്‍. അങ്ങേയറ്റം സങ്കീര്‍ണവും നിര്‍ണായകവുമായ ഒരു ഘട്ടത്തിലൂടെയാണ് പാകിസ്ഥാന്‍ കടന്നു പോകുന്നത്. ലോകത്തിന് മുന്നില്‍ നമ്മുടെ രാജ്യം മുട്ടിലഴയുകയാണ്. ക്രിക്കറ്റ് കളിക്കുന്ന കാലത്ത് അവസാന ബോള്‍ വരെ കളിക്കുന്നതാണ് എന്റെ രീതി. ഇമ്രാന്‍ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് ആദ്യ വിജയം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആറുവിക്കറ്റിനാണ് ലഖ്‌നൗവിന്റെ വിജയം. ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്‌നൗ 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി..
കേരളത്തില്‍ ഇന്നലെ 19,648 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,171 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,121 കോവിഡ് രോഗികള്‍. നിലവില്‍ 29,577 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനാല് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.89 കോടി കോവിഡ് രോഗികളുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മൂന്ന് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് 13.30 രൂപ നിരക്കില്‍ 3,38,34,58,645 ഇക്വിറ്റി ഷെയറുകള്‍ അനുവദിച്ച് 4,500 കോടി രൂപ സമാഹരിക്കുന്നതിന് ബോര്‍ഡ് അംഗീകാരം നല്‍കിയതായി വോഡഫോണ്‍ ഐഡിയ അറിയിച്ചു. യൂറോ പസഫിക് സെക്യൂരിറ്റീസിന് മുന്‍ഗണനാടിസ്ഥാനത്തില്‍ 1,96,66,35,338 ഓഹരികളും പ്രൈം മെറ്റല്‍സിന് 57,09,58,646 ഓഹരികളും ബാക്കി 84,58,64,661 ഓഹരികള്‍ ഒറിയാന ഇന്‍വെസ്റ്റ്മെന്റിനും അനുവദിച്ചതായി ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു. അലോട്ട്മെന്റിന് ശേഷം, കമ്പനിയുടെ പെയ്ഡ്-അപ്പ് ഇക്വിറ്റി ഷെയര്‍ ക്യാപിറ്റല്‍ 3,21,18,84,78,850 രൂപയായി വര്‍ദ്ധിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
എഴുന്നൂറു കോടി ക്ലബ്ബില്‍ ഇടം നേടി രാജമൗലിയുടെ ആര്‍.ആര്‍.ആര്‍. റിലീസിന്റെ ആറാം ദിനത്തിലെ കണക്കാണിത്. തെലുങ്ക് ഭാഷയിലൊരുക്കിയ ചിത്രം ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളില്‍ ലോകവ്യാപകമായി റിലീസ് ചെയ്തിരിക്കുകയാണ്. കേരളത്തിലും ഗംഭീര ഗ്രോസ് കളക്ഷന്‍ പിന്നിട്ട് മികച്ച റിപ്പോര്‍ട്ടുമായി കുതിക്കുകയാണ് ആര്‍ ആര്‍ ആര്‍. ജൂനിയര്‍ എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളായി ഒരുക്കിയ ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രം ബോക്‌സ് ഓഫീസില്‍ ഇനിയും റെക്കോഡുകള്‍ തിരുത്തുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്.
ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ ജി 310 ആര്‍, ജി 310 ജിഎസ് എന്നിവയുടെ വില കൂട്ടി. ഈ മോഡലുകളുടെ വില 5,000 രൂപയോളമാണ് വര്‍ധിപ്പിച്ചത്. വില വര്‍ദ്ധനയെ തുടര്‍ന്ന് ബിഎംഡബ്ല്യു ജി 310 ആര്‍ ന് ഇപ്പോള്‍ 2.65 ലക്ഷം രൂപയാണ് വില, അതേസമയം ജി 310 ജിഎസ് 3.05 ലക്ഷം രൂപയ്ക്ക് ലഭിക്കും. മോഡലുകള്‍ക്ക് മെക്കാനിക്കല്‍ അപ്‌ഡേറ്റുകളൊന്നും ഇല്ലെന്നും പുതിയ വിലകള്‍ ഉടനടി പ്രാബല്യത്തില്‍ വരും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. 2021 ഓഗസ്റ്റിലാണ് അവസാനമായി ബിഎംഡബ്ല്യു ഈ രണ്ട് ബൈക്കുകള്‍ക്കും വില വര്‍ദ്ധിപ്പിച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്