സുഹൃത്തിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ വെടിയേറ്റുമരിച്ച സനലിന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹം കണ്ടക്ടറായി ജോലി ചെയ്തിരുന്ന ദേവി ബസ് വെള്ളിയാഴ്ച സർവിസ് നടത്തി.

ബസ്സിൽ നിന്നും കിട്ടുന്ന ഏക വരുമാനം മാത്രമായിരുന്നു സനലിന്റെ കുടുംബത്തിന് ഏക ആശ്രയം. സനൽ പോയതോടെ വൻ പ്രതിസന്ധിയിലായിരിക്കുകയാണ് കുടുംബം. തകർന്നുപോയ കുടുംബത്തെ സഹായിക്കാനാണ് ദേവി ബസ് ജീവനക്കാരും മറ്റു സഹപ്രവർത്തകരും രംഗത്തെത്തിയത്. വെള്ളിയാഴ്ചത്തെ വരുമാനം മുഴുവനും സനലിന്റെ കുടുംബത്തിന് നൽകാൻ ബസുടമ തീരുമാനിക്കുകയായിരുന്നു. എട്ട് വർഷമായി ദേവി ബസിൽ ജീവനക്കാരനായ സനൽ യാത്രക്കാർക്കും നാട്ടുകാർക്കും സുപരിചിതനാണ്.
യാത്രക്കാരുമായി നല്ല സൗഹൃദം സ്ഥാപിച്ചിരുന്ന സനലിന്റെ കുടുംബത്തെ സഹായിക്കാൻ ഒട്ടേറെ പേരാണ് വെള്ളിയാഴ്ച ബസിൽ യാത്ര ചെയ്തത്. ടിക്കറ്റില്ലാതെയുള്ള യാത്രയിൽ യാത്രക്കാർ പലരും നല്ലൊരു തുക ബക്കറ്റുകളിൽ നിക്ഷേപിച്ചു. ബസിൽ യാത്ര ചെയ്യാൻ സാധിക്കാത്തവരും സഹായനിധിയിൽ പങ്കാളികളായി. അരലക്ഷം രൂപയോളം ലഭിച്ചതായി ബസ് ജീവനക്കാർ പറഞ്ഞു.