കട്ടപ്പന ഓരുകുന്നത്ത് ഷിബുവാണ് മരിച്ചത്. വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുക്കർ പൊട്ടിതെറിക്കുകയായിരുന്നു.
ഗുരുതരമായിപരിക്കേറ്റ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കട്ടപ്പനയിൽ മലഞ്ചരക്ക് ബിസിനസ് നടത്തുകയായിരുന്നു ഷിബു. രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. ഷിബുവിന്റെ ഭാര്യ ഗർഭിണിയായതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീട്ടിലെ ജോലികൾ ഷിബു ആയിരുന്നു നോക്കിയിരുന്നത്.
പതിവു പോലെ ഇന്നു രാവിലെയും ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിച്ച കുക്കറിന്റെ അടപ്പ് ഷിബുവിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്ന ഷിബുവിന്റെ ഭാര്യയും ഷിബുവിന്റെ പിതാവും പ്രദേശവാസികളുടെ സഹായത്തോടെ ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലക്ക് കാര്യമായി പരിക്കേറ്റതിനാൽ രക്തം കട്ട പിടിച്ച സാഹചര്യത്തിൽ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.