പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മെയ് 1 | ഞായർ | 1197 | മേടം 18 | ഭരണി
സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കു വര്‍ധന ഇന്നു മുതല്‍. ബസ് മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്ന് പത്തുരൂപയാക്കി. ഓട്ടോറിക്ഷയ്ക്കു മിനിമം ചാര്‍ജ് 30 രൂപയാണ്.
മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് രാജ്യവിരുദ്ധ നയമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മോദി ഭരണത്തില്‍ നടക്കുന്നത് മേയ്ക്ക് ഇന്‍ ഇന്ത്യ അല്ല, സെല്ലിംഗ് ഇന്ത്യയാണെന്നും അവര്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ജനങ്ങളെ ചൂഷണം ചെയ്യുന്നതു തടയുമ്പോഴാണ് യഥാര്‍ത്ഥ രാജ്യസ്നേഹം പ്രകടമാകുന്നതെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പരിശോധനയ്ക്കു വിദഗ്ധ സമിതിയെ നിയമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുമൂലമാണ് പരിശോധനക്കു കമ്മിറ്റിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ ചൂണ്ടിക്കാണിച്ചതില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലാണ് സര്‍ക്കാരിന്റെ നിലപാട് തിരുത്താന്‍ കാരണം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ചന്ദ്ര നിരീക്ഷണ കമ്മറ്റി അറിയിച്ചു. ഇന്നലെ ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യുഎഇ, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ തിങ്കളാഴ്ചയാണെന്ന് പ്രഖ്യാപിച്ചത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഏഴേകാല്‍ കിലോ സ്വര്‍ണവുമായി ദമ്പതിമാര്‍ പിടിയിലായി. പെരിന്തല്‍മണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദും, ഭാര്യ സഫ്ന അബ്ദുസമദുമാണ് സ്വര്‍ണം കടത്തിയത്. ശരീരത്തിനുള്ളിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ചാണ് ദുബായില്‍ നിന്ന് ഇവര്‍ സ്വര്‍ണം കടത്തിയത്.
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസ് എടുത്തത്.
പി.സി ജോര്‍ജിന്റെ പ്രസംഗം വിടുവായിത്തമായി കാണാനാവില്ലെന്ന് സിപിഎം. ജോര്‍ജ് മാപ്പു പറയണമെന്ന് സിപിഎം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഹിന്ദു മഹാ സംഗമത്തിലാണ് പി.സി ജോര്‍ജിന്റെ വിവാദ പ്രസംഗം.
പി.സി ജോര്‍ജിന്റേത് വെള്ളത്തിനു തീ പിടിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വര്‍ഗീയത ആളിക്കത്തിക്കാന്‍ ജോര്‍ജ് ശ്രമിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
വാടകയ്ക്കു നല്‍കിയിരുന്ന ആഡംബര ഫ്ളാറ്റില്‍നിന്നു ലഹരിവസ്തുക്കള്‍ പിടികുടിയ കേസ് ഒതുക്കാന്‍ വന്‍തുക കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ എക്സൈസ് ഉദ്യോഗസ്ഥരെ പോലീസ് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കെഎസ്ഇബിയില്‍ നടന്ന ഹിതപരിശോധനയില്‍ സിഐടിയു യൂണിയനു മാത്രം അംഗീകാരം. മത്സരിച്ച മറ്റ് ആറ് യൂണിയനുകള്‍ക്കും അംഗീകാരം കിട്ടാനാവശ്യമായ 15 ശതമാനം വോട്ട് നേടാനായില്ല.
കപ്പയില്‍നിന്നു മദ്യമല്ല, കപ്പയുടെ ഇലയില്‍നിന്ന് പവറുള്ള വൈദ്യുതി ഉല്‍പാദിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ കേന്ദ്രം. കേന്ദ്ര ഗവണ്‍മെന്റിന്റെ ആണവോര്‍ജ വകുപ്പിന്റെ സാമ്പത്തിക പിന്തുണയുള്ള പദ്ധതിക്ക് കീഴിലാണ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായ ഡോ. സി.എ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം വൈദ്യുതി ഉല്‍പാദിപ്പിച്ചത്. മരിച്ചീനി ഇലകളില്‍നിന്ന് ജൈവ കീടനാശിനി തന്മാത്രകള്‍ വേര്‍തിരിച്ചശേഷം ബാക്കിയുള്ളവയെ ബാക്ടീരിയ ഉപയോഗിച്ച് മീഥേന്‍ ഉല്‍പ്പാദിപ്പിച്ചു. അതിനുശേഷം അനാവശ്യ വാതകങ്ങള്‍ മാറ്റിയശേഷം വാതക മിശ്രിതത്തില്‍നിന്ന് ശുദ്ധമായ മിഥേന്‍ വേര്‍തിരിച്ചെടുത്തു. ഈ മിഥേനില്‍ നിന്നാണ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മലപ്പുറത്ത് പാണമ്പ്രയില്‍ യുവതികളുടെ മുഖത്തടിച്ച കേസിലെ പ്രതി മലപ്പുറം തിരൂരങ്ങാടി സ്വദേശി സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം. മുസ്ളിംലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ സി എച്ച് മഹമ്മൂദ് ഹാജിയുടെ മകനാണ് ഇയാള്‍.
ഇടുക്കി ജില്ലയിലെ അണക്കരയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും അജ്ഞാത ജീവിയുടെ ആക്രമണം. അമ്പതോളം മുയലുകളെ പുലിയേപ്പോലുള്ള അജ്ഞാത ജീവി കൊന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ അണക്കര മൗണ്ട്‌ഫോര്‍ട്ട് സ്‌കൂളിന് സമീപം താമസിക്കുന്ന കൃഷ്ണന്‍ പറമ്പില്‍ സജിയുടെ മുയലുകളെയാണ് അജ്ഞാത ജീവി പിടിച്ചത്. വീട്ടുകാര്‍ ശബ്ദം വച്ചതോടെ ഈ ജീവി ഓടിമറഞ്ഞു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തൃശുരില്‍ വിരണ്ടോടിയ പോത്തിന്റെ കുത്തേറ്റ് കുട്ടിയടക്കം മൂന്നു പേര്‍ക്കു പരിക്ക്. ശങ്കരയ്യ റോഡിലെ വ്യാപാര സമുച്ചയത്തിലേക്കാണ് പോത്ത് വിരണ്ടോടിയത്. നിരവധി വാഹനങ്ങളും തകര്‍ത്തു. ഫയര്‍ഫോഴ്സെത്തി പോത്തിനെ പിടികൂടി.
കൊവിഡ് നിയന്ത്രണങ്ങള്‍മൂലം 26 മാസങ്ങളായി അടഞ്ഞു കിടന്ന വിഴിഞ്ഞം ലൈറ്റ് ഹൗസ് ഇന്ന് സന്ദര്‍ശകര്‍ക്കായി തുറക്കും. അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ കോവളത്തെ പ്രധാന ആകര്‍ഷണമാണ് ലൈറ്റ് ഹൗസ്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. ചെറുപുഴ കൊച്ചുചുറയില്‍ ജിതിന്‍ രാജ് എന്ന 23 കാരനാണ് പിടിയിലായത്. ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ജിതിന്‍രാജ്.
എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. നന്ദു എന്ന് വിളിക്കുന്ന അഖില്‍ (24), കണ്ണന്‍ എന്നു വിളിക്കുന്ന ശരത് (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും എട്ടു ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസകോശത്തില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്.
കൊച്ചി കപ്പല്‍ശാലയില്‍ രാജ്യത്തെ ആദ്യഹൈഡ്രജന്‍ ഇന്ധന വെസല്‍ നിര്‍മിക്കും. കൊച്ചിയില്‍ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സില്‍ കേന്ദ്ര മന്ത്രി സര്‍ബാനന്ദ് സോനോവാളാണ് ഇക്കാര്യം അറിയിച്ചത്. 100 പേര്‍ക്കു സഞ്ചരിക്കാവുന്ന വെസലിന്റെ നിര്‍മാണ ചെലവ് പതിനേഴര കോടി രൂപയാണ്. ഇതില്‍ 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മന്ത്രി പറഞ്ഞു.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് സിഇഒയായി ശ്രീജില്‍ മുകുന്ദിനെ നിയമിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 25 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച ശ്രീജില്‍ മുകുന്ദ് ബാങ്കിന്റെ എന്‍ആര്‍ഐ ബിസിനസിന്റെ മേധാവിയായിരുന്നു.
ഇന്ധനത്തിന്റെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്കു മുന്നില്‍ ബിജെപിയുടെ പ്രതിഷേധ റാലി. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്ത, പ്രതിപക്ഷ നേതാവ് രാംവീര്‍ സിംഗ് ബിധുരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇന്ത്യയില്‍ മൂന്നാം മുന്നണിക്കു സാധ്യതയില്ലെന്നും ബിജെപി മുന്നണിക്കെതിരേ നേരിട്ടുള്ള മല്‍സരത്തിനേ വിജയസാധ്യതയുള്ളൂവെന്നും തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്.
ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പു കേസിലാണ് നടപടി. തട്ടിപ്പുകളിലൂടെ സമ്പാദിച്ചതില്‍ വലിയൊരു പങ്ക് സുകാഷ് നടിക്കു സമ്മാനിച്ചിരുന്നെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.
മോഷണശ്രമം ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ ജില്ലയിലെ സിപത് പട്ടണത്തിലാണ് സംഭവം. മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. മഹാവീര്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പോലീസ് കേസെടുത്തിട്ടുണ്ട്.
പീഡനശ്രമം ചെറുത്ത യുവതിയെ ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കെറിഞ്ഞു. മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ ജില്ലയിലെ ഖജുരാഹോയ്ക്കു സമീപത്താണ് ഉത്തര്‍പ്രദേശ് സ്വദേശിയായ 25 കാരിക്ക് നേരെ അതിക്രമം നടന്നത്. യുവതിയെ ഛത്തര്‍പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ ഉടനേ പിടികൂടുമെന്നു പൊലീസ് പറഞ്ഞു.
ചൈനീസ് ടെക് ഭീമന്‍ ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 5,551 കോടി രൂപ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വിദേശ നാണ്യ വിനിമയ നിയന്ത്രണ നിയമമനുസരിച്ചാണ് നടപടി.
റഷ്യയുടെ നാല്‍പതു യുദ്ധ വിമാനങ്ങളെ ചാമ്പലാക്കിയ യുക്രെയിന്റെ മേജര്‍ സ്റ്റെപാന്‍ താരകബാല്‍ക കൊല്ലപ്പെട്ടു. ഗോസ്റ്റ് ഓഫ് കീവ് എന്ന പേരില്‍ അറിയിപ്പെടുന്ന യുദ്ധവിമാന പൈലറ്റാണ് ഇദ്ദേഹം.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ത്യയില്‍ 47,000 കോടി രൂപയുടെ ഐഫോണുകള്‍ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആപ്പിളിന്റെ കരാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌കോണും വിസ്‌ട്രോണും ഈ സാമ്പത്തിക വര്‍ഷം ഈ ലക്ഷ്യം നേടുമെന്നാണ് ബിജിആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 ല്‍ ഇന്ത്യയില്‍ ആപ്പിള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന 10,000 കോടി രൂപയുടെ ഐഫോണുകളുടെ അഞ്ചിരട്ടിയാണ് ഇന്ത്യയില്‍ ആപ്പിള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.
കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരള ഗെയിംസ് 2022ന് തുടക്കമായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഗെയിംസ് ഉദ്ഘാടനം ചെയ്തു. കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്‌സര്‍ മേരി കോമിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു.
തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്കൊടുവില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സീസണിലെ ആദ്യ പോയന്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം മുംബൈ നാലു പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഐപിഎല്ലില്‍ ഒരിക്കല്‍കൂടി ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആറ് വിക്കറ്റിന്റെ ജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ബാംഗ്ലൂര്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനം മുന്‍ നായകന്‍ എം എസ് ധോണിക്ക് തിരികെ നല്‍കി രവീന്ദ്ര ജഡേജ. ടീമിന്റെ വിശാലതാല്‍പര്യം കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ട്വീറ്റില്‍ വ്യക്തമാക്കി.
20, 23, 24 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെയും സ്വര്‍ണ പുരാവസ്തുക്കളുടെയും ഹാള്‍മാര്‍ക്കിംഗ് ജൂണ്‍ 1 മുതല്‍ നിര്‍ബന്ധമാക്കുന്നു. ഇതു സംബന്ധിച്ച ഭേദഗതി പുറത്തിറക്കി. ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയ ജില്ലകളുടെ പട്ടികയില്‍ 32 ജില്ലകള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളും നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് ഉത്തരവിന്റെ പരിധിയില്‍ വരും. വാങ്ങുന്ന ആഭരണങ്ങളില്‍ എച്ച്.യു.ഐ.ഡി ഉള്‍പ്പെടെ മൂന്ന് മാര്‍ക്ക് നോക്കണമെന്നും ബി.ഐ.എസ് കെയര്‍ ആപ് ഉപയോഗിച്ച് എച്ച്.യു.ഐ.ഡിയുടെ ആധികാരികത പരിശോധിക്കാവുന്നതാണെന്നും ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് വ്യക്തമാക്കി.
രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖല മുന്നേറ്റത്തിന്റെ പാതയിലെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി സിബിആര്‍ഇ. 2022ലെ ആദ്യപാദത്തിലെ ഭവന വില്‍പ്പന ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2022 ലെ ആദ്യപാദത്തിലെ താങ്ങാനാവുന്ന ബജറ്റ് വിഭാഗത്തിലെ ഭവന വില്‍പ്പനയില്‍ മുന്‍പാദത്തേക്കാള്‍ 27 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഉയര്‍ന്ന നിലവാരത്തിലുള്ള വില്‍പ്പന 23 ശതമാനമായും കുതിച്ചു. അതേസമയം, മിഡ്എന്‍ഡ് സെഗ്മെന്റിലുള്ള ഭവനങ്ങളുടെ വില്‍പ്പന ഈ പാദത്തില്‍ 41 ശതമാനം കുറഞ്ഞു. പ്രീമിയം, ലക്ഷ്വറി ഹൗസിംഗ് സെഗ്മെന്റുകളിലും മുന്‍പാദത്തേക്കാള്‍ വില്‍പ്പനയില്‍ നേരിയ ഉയര്‍ച്ചയുണ്ടായി. പുതിയ യൂണിറ്റ് ലോഞ്ചുകളും മുന്‍വര്‍ഷത്തേക്കാള്‍ 30 ശതമാനം കുതിച്ചുയര്‍ന്നു.
മഹേഷ് വെട്ടിയാറിന്റെ സംവിധാനത്തില്‍ മഞ്ജു വാര്യരും സൌബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിന്റെ പേര് മാറ്റി. വെള്ളരിപട്ടണം എന്നതാണ് പുതിയ ടൈറ്റില്‍. ഈ ടൈറ്റില്‍ തങ്ങളുടെ ചിത്രത്തിന് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മനീഷ് കുറുപ്പ് എന്ന സംവിധായകന്‍ രംഗത്തെത്തിയിരുന്നു. വെള്ളരിക്കാപട്ടണം എന്ന പേരില്‍ ഈ ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് മഞ്ജു വാര്യര്‍ ചിത്രത്തിന്റെ പേരുമാറ്റം. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.
തമിഴില്‍ വൈവിധ്യം കൊണ്ട് ശ്രദ്ധ നേടിയ സംവിധായകരില്‍ പ്രധാനപ്പെട്ട സാന്നിധ്യമാണ് മിഷ്‌കിന്‍. ചിത്രങ്ങളില്‍ തന്റേതായ സവിശേഷ ശൈലി കൊണ്ടുവന്ന അദ്ദേഹത്തിന് ആരാധകരുടെ വലിയൊരു നിരയുമുണ്ട്. ഇപ്പോഴിതാ മിഷ്‌കിന്റെ പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. 2014ല്‍ താന്‍ സംവിധാനം ചെയ്ത പിശാചിന്റെ രണ്ടാംഭാഗമായ പിശാച് 2 ആണ് അത്. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ടൈറ്റില്‍ റോളില്‍ ആന്‍ഡ്രിയ ജെറമിയ എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി അതിഥിതാരമായി എത്തുന്നു. പൂര്‍ണ്ണയും സന്തോഷ് പ്രതാപും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം കാര്‍ത്തിക് രാജയാണ്.
ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാര്‍ അടുത്തിടെയാണ് പുറത്തിറക്കിയത്. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന സെല്‍ പവേര്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ആയ 'ടൊയോട്ട മിറായി' എന്ന ഈ കാര്‍ കേരളത്തിലും രജിസ്റ്റര്‍ ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശ്രീചിത്രതിരുനാള്‍ കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ വിദ്യാര്‍ഥികളുടെ പഠനത്തിനാണ് കാര്‍ നല്‍കിയത്. ഹൈഡ്രജന്‍ ഇന്ധനമായ വാഹനങ്ങളിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള പഠനവും പരീക്ഷണ ഓട്ടവുമാണ് നടക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്