ഇടുക്കി ജില്ലയുടെ മലയോര മേഖലയിൽ ചന്ദന മാഫിയ പിടിമുറുക്കുകയാണ്. ഒരുമാസത്തിനിടെ മോഷ്ടിക്കപ്പെട്ടത് നിരവധി ചന്ദനമരങ്ങളാണ്. വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ടെങ്കിലും പ്രതികളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നില്ല.

കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽ നിന്നും 92 കിലോ ചന്ദനം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ചെറുതോണി സ്വദേശിയുടെ പുരയിടത്തിൽ നിന്ന ചന്ദന മരങ്ങളുടെ ഭാഗങ്ങളാണ് പിടികൂടിയതെന്ന് വനം വകുപ്പ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയാതായി സൂചനകൾ പുറത്തുവന്നിരുന്നു. കേസിലെ മുഖ്യപ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചെറുതോണി കേന്ദ്രീകരിച്ച് അന്വേക്ഷണം തുടങ്ങിയത്. അതേസമയം ചെറുതോണി ഉൾപ്പെടുന്ന ഭാഗങ്ങൾ ഇടുക്കി നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനു കീഴിലാണ്. എന്നാൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്നും ചന്ദനം മോഷ്ടിക്കപ്പെട്ടതുമായോ വെട്ടിമാറ്റിയതുമായോ ബന്ധപ്പെട്ട പരാതികൾ ഫോറസ്റ്റ് സ്റ്റേഷനിൽ ലഭിച്ചിട്ടുമില്ല. ഇതുവരെ ചെറുതോണിയിൽ ചന്ദനമോക്ഷണം നടന്നു എന്ന് പറയപ്പെടുമ്പോഴും ഉദ്യോഗസ്ഥർ ഈ കാര്യം അറിയുകയോ സ്ഥിതീകരിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ ഉദ്യോഗസ്ഥ - ചന്ദനമാഫിയ കൂട്ടുകെട്ട് പുറത്തുവരുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിൽ ആകുകയുമാണ്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം വീട് റെയ്ഡ് ചെയ്ത് പ്രതികളെയും ചന്ദനം തൂക്കി വിൽക്കുന്ന ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തത്. ഇടുക്കി, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. തൊടുപുഴ സ്വദേശി സാജു സെബാസ്റ്റ്യൻ, അടിമാലി സ്വദേശികളായ വെള്ളാപ്പള്ളി നിഷാദ്,സാജൻ, ആനവിരട്ടി സ്വദേശി റോയ്, കൂടത്തായി പുളിക്കൽ വീട്ടിൽ സിനു തോമസ് എന്നിവരാണ് പിടിയിലായത്. രണ്ടുമാസക്കാലമായി മരപ്പണിക്കാർ എന്നപേരിൽ വീട് വാടകയ്ക്കെടുത്ത് ചന്ദന കച്ചവടം നടത്തി വരികയായിരുന്നു ഇവർ. ഇതിൽ സാജൻ ഇടുക്കി പതിനാറാംകണ്ടത് ഫർണീച്ചർ സ്ഥാപനം നടത്തിവരുകയും സമാനമായ കേസിൽ ഉൾപ്പെടുകയും ചെയിതിട്ടുണ്ട്.
അതേസമയം ജില്ലയിൽ രാമക്കൽമേടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയിരുന്നു. ഈ മരങ്ങളുടെ ഭാഗങ്ങളാണെന്നാണ് കരുതുന്ന ഇരുപത് ചെറിയ തടിക്കഷ്ണങ്ങൾ ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും വനപാലകർ കണ്ടെടുത്തു. ഇടുക്കി പ്രകാശിന് സമീപം കരിക്കിൻമേട് എസ്എൻഡിപി ശാഖാ യോഗം ഓഫീസിനു മുൻപിൽ നിന്നിരുന്ന 25 വർഷം പഴക്കമുള്ള ചന്ദനമരവും കഴിഞ്ഞ നാളുകളിൽ മുറിച്ചു കടത്തിയിരുന്നു. എന്നാൽ സമാനമായ രണ്ടു കേസിലും പ്രതികളിലേക്ക് എത്തിച്ചേരാൻ വനം വകുപ്പിന് ഇതുവരെയും സാധിച്ചിട്ടില്ല. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് വനം വകുപ്പ് പ്രതികളെ പിടികൂടുന്നതെന്നും തുടർ നടപടികളിൽ വനം വകുപ്പ് പരോക്ഷ പിന്തുണ നൽകി മൗനം പാലിക്കുന്നതായും ആക്ഷേപം ഉയരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്