സർക്കാർ നടപടികളുടെ മറവിൽ പണം തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ്ജ് .

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയ ഓഫീസുകളിൽ നിന്നും പട്ടയം നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാർ പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിച്ച് വൻ തുകകൾ തട്ടിയെടുക്കുന്നതായും പരാതികളുണ്ട്. പട്ടയ അപേക്ഷ നൽകിയിട്ടുള്ള പൊതുജനങ്ങൾ അതാത് പട്ടയ ഓഫീസിലെ തഹസിൽദാരുമായി ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ നേരിട്ട് അന്വേഷിക്കണം.
പട്ടയ ഓഫീസുകളിൽ നിന്നും അറിയിപ്പ് ലഭിക്കുന്നവർ മാത്രം സർക്കാർ നിശ്ചയിച്ചിട്ടുളള തുക ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതി. ഇതുമായി ബന്ധപ്പെട്ട് മറ്റ് യാതൊരുവിധ പണമിടപാടുകളും നിലവിലില്ല. സർക്കാർ ഇടപാടുകളുടെ മറപിടിച്ച് ഇടനിലക്കാർ നടത്തുന്ന പണം തട്ടിപ്പിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ പോലീസ് റവന്യൂ അധികാരികളെ അറിയിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.