HONESTY NEWS ADS

 HONESTY NEWS ADS


ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ (30 ജൂൺ 2022).

 പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ജൂൺ 30 | വ്യാഴാഴ്ച | 1197 |  മിഥുനം 16 |  പുണർതം

   മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറേ സര്‍ക്കാര്‍ രാജിവച്ചു. ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പു നടത്തണമെന്നു സുപ്രീം കോടതി ഉത്തരവിട്ടതോടെയാണു രാജി. ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകും. വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് വിമതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ സത്യപ്രതിജ്ഞ നടത്തിയേക്കും.


◼️മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടടുപ്പ് ഇന്നുതന്നെ നടത്തണമെന്ന് സുപ്രീംകോടതി. വിമതപക്ഷത്തെ 13 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ജൂലൈ 12 വരെ മരവിപ്പിക്കുകയും മറുപടി നല്‍കാന്‍ അത്രയും ദിവസത്തെ സാവകാശം നല്‍കുകയും ചെയ്ത സുപ്രീം കോടതിയാണ് വിശ്വാസ വോട്ടെടുപ്പ് ഉടനേ നടത്താന്‍ ഉത്തരവിട്ടത്. എന്നാല്‍ അയോഗ്യതാ കേസിലെ വിധി പിന്നീടു ബാധകമാക്കുമെന്നും ഉത്തരവില്‍ പറഞ്ഞു.


◼️ജനക്ഷേമമല്ല, എങ്ങനെയും ഭരണം പിടിച്ചെടുക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. അവരുടെ ആശയങ്ങള്‍ രാജ്യത്തിന് ആപത്താണ്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ഇതിനെതിരെ പോരാടണം. റബ്ബര്‍ സ്റ്റാംപ് പ്രസിഡന്റല്ല വേണ്ടത്. ഭരിക്കുന്നവരുടെ തെറ്റുകളോട് നോ പറയാന്‍ ധൈര്യമുള്ള പ്രസിഡന്റിനെയാണ് വേണ്ടത്. ആ ധൈര്യം തനിക്കുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. കേരളത്തിലെത്തിയ അദ്ദേഹം എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളുമായി അദ്ദേഹം വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു.


◼️ക്ലിഫ് ഹൗസില്‍ രഹസ്യ മീറ്റിങ്ങിന് താന്‍ തനിച്ച് പോയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും സ്വപ്ന സുരേഷ്. 2016 മുതല്‍ 2020 വരെ പല തവണ പോയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. തന്റെ കൈയ്യിലും സിസിടിവി ദ്യശ്യങ്ങളുണ്ട്. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നതെന്ന് സ്വപ്ന സുരേഷ്.  ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണ്. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️ചെറുകിട ഓണ്‍ലൈന്‍ വ്യാപാരികളുടെ നിര്‍ബന്ധിത രജിസ്ട്രേഷന്‍ ഒഴിവാക്കി ജിഎസ്ടി കൗണ്‍സില്‍. നിയമത്തിലെ മാറ്റങ്ങള്‍ ജനുവരി ഒന്നിനു പ്രാബല്യത്തില്‍ വരും. 1,20,000 ചെറുകിട വ്യാപാരികള്‍ക്കു പ്രയോജനം ലഭിക്കും. ഒന്നര കോടി രൂപ വരെ വിറ്റുവരവുള്ള കോമ്പോസിഷന്‍ ഡീലര്‍മാരെ ഇ-കൊമേഴ്‌സ് ഓപ്പറേറ്റര്‍മാര്‍ വഴി അന്തര്‍സംസ്ഥാന വ്യാപാരത്തിന് അനുവദിച്ചു. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്ന ആവശ്യത്തില്‍ തീരുമാനമായില്ല. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും ചൂതാട്ട കേന്ദ്രങ്ങള്‍ക്കും 28 ശതമാനം നികുതി ചുമത്തുന്ന കാര്യം പിന്നീടു തീരുമാനിക്കും.  


◼️രൂപയ്ക്കു റിക്കാര്‍ഡ് മൂല്യത്തകര്‍ച്ച. ഒരു ഡോളറിന് 79.04 രൂപയായി. ചരിത്രത്തിലാദ്യമായാണ് ഡോളറിന് 79 രൂപ കവിയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്ക പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുമെന്ന ആശങ്കയാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഇന്ത്യന്‍ ഓഹരി സൂചികകളും കുത്തനെ ഇടിഞ്ഞു.


◼️കേരളത്തിലെ ആദ്യത്തെ സിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് സ്ഥാപിക്കും. ഇതിനായി പാട്ടക്കരാര്‍ വ്യവസ്ഥയില്‍ സ്ഥലം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സുരക്ഷയ്ക്കായി കൊച്ചി മെട്രോ പൊലീസിനു നല്‍കേണ്ട രണ്ടു കോടിയോളം രൂപ ഒഴിവാക്കി. കേരള സ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ടി അനുബന്ധ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവിധ ആനുകൂല്യങ്ങള്‍ ഐ.ടി ഇതര സ്റ്റാര്‍ട്ടപ്പ് മേഖലകളിലേക്കു കൂടി വ്യാപിപ്പിക്കും. സംസ്ഥാനത്തെ 1,550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ-സര്‍വ്വേ പദ്ധതിക്കുള്ള എസ്റ്റിമേറ്റ് 858 കോടി രൂപയായി പുതുക്കി നിശ്ചയിച്ചു. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മെഡിസെപ്പിന് ധനകാര്യ വകുപ്പില്‍ സ്റ്റേറ്റ് നോഡല്‍ സെല്‍ രൂപീകരിക്കാനും തീരുമാനിച്ചു.


◼️സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറി. ഇത് മടിയില്‍ കനമുള്ളത് കൊണ്ടാണോയെന്നും സുധാകരന്‍ ചോദിച്ചു.

◼️അതിക്രമത്തെ കുറിച്ച് പരാതിപ്പെടുന്ന വനിതാ ജീവനക്കാരുടെ വിവര ശേഖരണം നടത്താന്‍ വിവാദ സര്‍ക്കുലര്‍ ഇറക്കിയ  ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജയെ മാറ്റി. പി.ബി. നൂഹ് ആണ് പുതിയ ഡയക്ടര്‍.


◼️ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടണമെന്ന് മാര്‍ ക്ലീമിസ് ബാവ. കേരളത്തിലെ  മലയോര മേഖലകളില്‍ ജീവിക്കുന്ന കര്‍ഷകര്‍ ബഫര്‍ സോണ്‍ പ്രഖ്യാപനത്തോടെ  വലിയ ആശങ്കയിലാണെന്നും ക്ലീമിസ് ബാവ പറഞ്ഞു. കൃഷിയും കര്‍ഷകരും സംരക്ഷിക്കപ്പെടുക എന്നതും പരിസ്ഥിതി സംരക്ഷണത്തിന്റെ ആദ്യപടിയാണെന്നും അദ്ദേഹം പറഞ്ഞു.


◼️മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരേ സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്‍. 'ഇവന്‍ എവിടേനിന്ന് വന്നു. എന്തും പറയാന്‍ ഉള്ള വേദി അല്ല നിയമസഭ. കുഴല്‍നാടന് മുഖ്യമന്ത്രിയെ അറിയില്ല. ഇരുമ്പല്ല, ഉരുക്കാണ് മുഖ്യമന്ത്രി' ജയരാജന്‍ പറഞ്ഞു.


◼️കോഴിക്കോട് അനധികൃതമായി കെട്ടിടാനുമതി നേടിയ കേസില്‍ കെട്ടിടമുടമയ്ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. അബൂബക്കര്‍ സിദ്ധിഖിനാണ് കോഴിക്കോട് സിജെഎം കോടതി ജാമ്യം അനുവദിച്ചത്. അഴിമതിക്കേസില്‍ പ്രതികളായ കോര്‍പ്പറേഷന്‍ ജീവനക്കാരുള്‍പ്പടെയുളള ആറു പേരുടെ ജാമ്യാപേക്ഷ കോടതി തളളി.


◼️ഗതാഗതമന്ത്രി ആന്റണി  രാജുവിനെതിരെ മുന്‍മന്ത്രിയും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവുമായ കെ.പി രാജേന്ദ്രന്‍. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ശമ്പളം, കിട്ടുമ്പോള്‍ തരാമെന്ന നിലപാട് ധാര്‍ഷ്ട്യമാണ്. ജോലി ചെയ്തതിന്റെ കൂലിയാണ് തൊഴിലാളികള്‍ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതമന്ത്രിയുടെ വസതിയിലേക്ക് എഐടിയുസി നടത്തിയ പട്ടിണി ജാഥയെ അഭിസംബോധന ചെയ്യുകയായിരുന്നു രാജേന്ദ്രന്‍.


◼️അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്കു സാധ്യത. വടക്കന്‍ ജില്ലകളിലാകും മഴ കൂടുതല്‍. അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിനു കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ അടുത്ത മാസം നാലാം തിയതി വരെയും, കര്‍ണാടക തീരങ്ങളില്‍ രണ്ടാം തിയതി വരെയും മത്സ്യബന്ധനത്തിനു പോകരുതെന്നാണു വിലക്ക്.

◼️താരസംഘടനയായ അമ്മയില്‍ ബിനീഷ് കോടിയേരിയോടു സ്വീകരിച്ച നിലപാടല്ല, ദിലീപിനോടു സ്വീകരിച്ച നിലപാട് വിജയ് ബാബുവിനോടും സ്വീകരിക്കണമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. തന്റെ ചോദ്യത്തിന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു ഉത്തരം തന്നിട്ടില്ല. എങ്ങനെയാണ് അമ്മ ക്ലബായി മാറിയതെന്നു വിശദീകരിക്കണമെന്നും ഗണേശന്‍ പറഞ്ഞു.


◼️തൊണ്ടിമുതലായ സ്പിരിറ്റ് മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പള്ളി റെയ്ഞ്ചിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം.


◼️തിരുവനന്തപുരം കരമനയാറില്‍ കുളിക്കാനിറങ്ങിയ രണ്ട് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു.  കോഴിക്കോട് സ്വദേശി രാഹുല്‍ (21), മൂവാറ്റുപുഴ സ്വദേശി ഡയസ് (22) എന്നിവരാണ് മരിച്ചത്. എന്‍ജിനീയറിങ് കോളേജിലെ ആറംഗസംഘമാണ് വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീപം കരമനയാര്‍ ഒഴുകുന്ന കടവില്‍ കുളിക്കാനെത്തിയത്.


◼️കാസര്‍കോട്ടെ പ്രവാസിയുടെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ ചിലര്‍ രാജ്യം വിട്ടു. പ്രതികളായ റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നു. ക്വട്ടേഷന്‍ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടില്‍ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. കൊലപാതകത്തില്‍ രണ്ടു പ്രതികളെകൂടി അറസ്റ്റു ചെയ്തു.  മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശികളായ അസീസ്, റഹീം എന്നിവരെയാണ് അറസ്റ്റു ചെയ്തത്.


◼️കൊയിലാണ്ടി വിയ്യൂരിലെ ഒരു വീട്ടില്‍ വിമുക്ത ഭടന്‍ ഉള്‍പ്പെട്ട വന്‍ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. വിയ്യൂര്‍ രാമതെരു പ്രതീഷിന്റെ വീട്ടിലായിരുന്നു ചീട്ടുകളി. പ്രതീഷ് ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 3,63,050 രൂപ പിടിച്ചെടുത്തു. വീട്  റെയിഡ്  ചെയ്യുന്നതിനിടെ വീടിന്റെ കോണിക്കടിയില്‍ കാണ്ടെത്തിയ 40 ലിറ്ററോളം വാറ്റുചാരായം ഉണ്ടാക്കുന്നതിനുള്ള വാഷും പിടികൂടി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️മലപ്പുറം കോഡൂരില്‍ പൂട്ടി കിടന്ന വീടിനുള്ളില്‍ നിന്ന് 17 പവനോളം സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ ആറ് പേര്‍ പിടിയില്‍. കോഡൂര്‍ സ്വദേശികളായ തറയില്‍ വീട്ടില്‍ അബ്ദുല്‍ ജലീല്‍ (28), കടമ്പടത്തൊടി വീട്ടില്‍ മുഹമ്മദ് ജസിം(20), പിച്ചമടയത്തില്‍ ഹാഷിം (25), ഊരത്തൊടി വീട്ടില്‍ റസല്‍ (19), പൊന്മള സ്വദേശി കിളിവായില്‍ വീട്ടില്‍ ശിവരാജ്(21), ഒതുക്കുങ്ങല്‍ സ്വദേശി ഉഴുന്നന്‍ വീട്ടില്‍ മുഹമ്മദ് മുര്‍ഷിദ്(20) എന്നിവരെയാണ് മലപ്പുറം പോലീസ് പിടികൂടിയത്.


◼️സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ യുവാവിനെ പോക്‌സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറ പറവന്‍കുന്ന് നസീം (21) നെയാണ് അറസ്റ്റ് ചെയ്തത്.


◼️ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിനു യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ വിശാഖ് എന്ന സേതു നായര്‍ (23) എന്നിവരാണ് പിടിയിലായത്.


◼️ബഹറിനില്‍നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴ. കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ് (26) ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യം കടത്തിയ കേസില്‍ ദമ്മാം ക്രിമിനല്‍ കോടതിയാണ് കനത്ത പിഴയും നാടുകടത്തലും ശിക്ഷിച്ചത്.


◼️കൂടത്തായി കൂട്ടക്കൊല കേസിലെ ഒന്നാം പ്രതി ജോളി ജോസഫ് ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കണ്ണൂര്‍ വനിതാ ജയിലില്‍ തുടരാമെന്നും പരിയാരം മെഡിക്കല്‍ കോളജിലെ ചികിത്സ മതിയെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക


◼️തിരുവനന്തപുരത്ത് സാറ്റ്ലൈറ്റ് ഫോണ്‍ സിഗ്നല്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് അന്വഷണം തുടങ്ങി. ഈ മാസം ആറിന് അണ്ടൂര്‍ക്കോണം ഭാഗത്താണ് സാറ്റ്ലൈറ്റ് ഫോണ്‍ സിഗ്നല്‍ ശ്രദ്ധയില്‍പ്പെട്ടത്.


◼️തിരുവനന്തപുരം പോത്തന്‍കോട്  പൊലീസുകാരെ ആക്രമിച്ച രണ്ടുപേര്‍ പിടിയിലായി. ശോഭന ഭവനില്‍ ജിതിന്‍ (36), ശ്യാം ഭവനില്‍ ശ്യാം (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പോത്തന്‍കോട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.


◼️അടിമാലി ആനച്ചാല്‍ സെന്റ് ജോര്‍ജ് പള്ളി കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലികള്‍ക്ക് ഉപയോഗിച്ച സാധന സാമഗ്രികള്‍ മോഷ്ടിച്ചു കടത്തിയ മൂന്നംഗ സംഘത്തെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റു ചെയ്തു. രാജാക്കാട് നെടുമ്പനാകുടിയില്‍ രാജന്‍ (42), ആനച്ചാല്‍  ആമക്കണ്ടം പുത്തന്‍ പുരക്കല്‍ അഭിലാഷ് (45), തട്ടാത്തിമുക്ക് മറ്റത്തില്‍ റിനോ (32) എന്നിവരാണ് അറസ്റ്റിലായത്. ഒരു ലക്ഷം രൂപ വില വരുന്ന ജാക്കി, ഇരുമ്പു തകിട് ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളാണ് സംഘം മോഷ്ടിച്ചു കടത്തിയത്.


◼️മയക്കുമരുന്ന് ലഹരിയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി വയോധികയെ ആക്രമിച്ച പ്രതിയെ ഇടുക്കി പോലീസ് പിടികൂടി. മണിയാറന്‍ കുടി ലക്ഷം കവലയില്‍ ഒട്ടമല കുന്നേല്‍ ജോസഫിന്റെ മകന്‍ ജോബിന്‍ 21 ആണ് കസ്റ്റഡിയില്‍ ആയത്. വാഴത്തോപ്പ് താന്നിക്കണ്ടം കൊച്ചുപുരയ്ക്കല്‍ പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (69)യ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️സ്‌കൂട്ടറില്‍ അപകടകരമായ രീതിയില്‍ യാത്രചെയ്ത അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ടു ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് ഇടുക്കി ആര്‍ ടി ഒ ആര്‍ രമണന്‍ നിര്‍ദ്ദേശിച്ചത്. ഇടുക്കി രാജമുടി മാര്‍ സ്ലീവ കോളജിലെ രണ്ടാം വര്‍ഷ ബി ബി എ വിദ്യാര്‍ത്ഥികളെയാണ് ഇങ്ങനെ ശിക്ഷിച്ചത്.


◼️ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ പൊതുവിപണിയില്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കി. ക്രൂഡ് ഓയില്‍ കയറ്റുമതി നിര്‍ത്തിവക്കും.


◼️പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. 63,000 സഹകരണ സംഘങ്ങള്‍ കമ്പ്യൂട്ടര്‍ വത്കരിക്കാന്‍ 2,516 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

◼️യഥാര്‍ഥ ശിവസൈനികര്‍ തനിക്ക് ഒപ്പമുണ്ടെന്ന മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഉദ്ധവ് താക്കറെ. ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താന്‍ പോരാടിയത്. വിമതര്‍ക്ക് എല്ലാം നല്‍കി. ശിവസേനയെ സ്വന്തം നേട്ടത്തിനുമാത്രം ഉപയോഗിച്ചശേഷമാണ് അവര്‍ പാര്‍ട്ടി വിട്ടത്. 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ട് നടത്താന്‍ പറഞ്ഞ ഗവര്‍ണര്‍ക്ക് നന്ദി. മഹാവികാസ് അഖാഡി സഖ്യം അധികാരത്തില്‍ വരാന്‍ സഹായിച്ച സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി. അദ്ദേഹം പറഞ്ഞു.


◼️വിശ്വാസ വോട്ടെടുപ്പിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നതിനിടെ നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുകള്‍ മാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഔറംഗബാദ് നഗരത്തിന്റെ പേര് സംഭാജിനഗര്‍ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും മന്ത്രിസഭായോഗം പുനര്‍നാമകരണം ചെയ്തു. മറാത്ത രാജാവായ ഛത്രപതി ശിവജിയുടെ മൂത്ത മകനായിരുന്നു സംഭാജി. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡിബി പാട്ടീലിന്റെ പേരിടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.


◼️ബിഹാറില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിലെ അഞ്ച് എംഎല്‍എമാരില്‍ നാലുപേരും ആര്‍ജെഡിയില്‍ ചേര്‍ന്നു. ഇതോടെ 80 എംഎല്‍എമാരുള്ള ആര്‍ജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ജെഡിയുമായി സഹകരിച്ച് ഭരണത്തില്‍ എത്തിയ ബിജെപിക്ക് ബിഹാറില്‍ 77 എംഎല്‍എമാരാണുള്ളത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മില്‍ നിന്ന് മത്സരിച്ചാല്‍ ജയിക്കില്ലെന്നു മനസിലാക്കിയാണു കൂറുമാറ്റം.

◼️മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി തുടരും. ഇന്നു കാലാവധി അവസാനിക്കാനിരിക്കേ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സേവനം നീട്ടുന്നത്. ഒരു വര്‍ഷത്തേക്ക് കൂടിയാണ് നിയമനം. മൂന്നാം തവണയാണ് തൊണ്ണൂറ്റൊന്നുകാരനായ കെ കെ വേണുഗോപാലിന്റെ കാലാവധി നീട്ടുന്നത്.


◼️ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസറ്റ് ആറിന്. ജൂലൈ അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 19 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 20 ന് നടക്കും. 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം. വോട്ടെടുപ്പു നടക്കുന്ന ഓഗസ്റ്റ് ആറിനുതന്നെ വോട്ടെണ്ണും.


◼️ഹരിയാനയിലെ പാനിപ്പത്തിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും അരികില്‍ ഉറങ്ങിക്കിടന്ന മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ നായ്ക്കള്‍ കടിച്ചുകീറി കൊന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പ്രാദേശിക സിവില്‍ ആശുപത്രിയിലേക്ക് അയച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

◼️ഇംഗ്ലണ്ടിനെതിരേ ജൂലായ് ഒന്നിനാരംഭിക്കുന്ന എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ കോവിഡ് ബാധിതനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. രോഹിത്തിന്റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ക്യാപ്റ്റനാകുമെന്നും റിപ്പോര്‍ട്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS