സ്ത്രീധന തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭർതൃമാതാവ് അടുപ്പിൽ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചെന്ന് പരാതി.

തീക്കൊള്ളി കൊണ്ട് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു. പരുക്കേറ്റ നെടുങ്കണ്ടം തൂക്കൂപാലം ശൂലപ്പാറ സ്വദേശിനി ഹസീന നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 9 വർഷം മുൻപായിരുന്നു ഹസീനയുടെ വിവാഹം. വിവാഹത്തിന് ശേഷം സ്ത്രീധനമായി 50,000 രൂപ നൽകാൻ ധാരണയുണ്ടായിരുന്നു. ഈ പണം നൽകാത്തതുമായി ബന്ധപ്പെട്ടു തർക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. വീട്ടിലെ ശുചിമുറി ഉപയോഗിക്കുന്നത് വരെ തടസ്സപ്പെടുത്തിയെന്നും ഹസീന പറയുന്നു.
ഹസീനയുടെ ഭർത്താവ് സുധീർ ട്രാൻസ്ജെൻഡർ യുവതിയെ ഉപദ്രവിച്ച കേസിൽ എറണാകുളം പൊലീസിന്റെ പിടിയിലായി. ഈ കേസ് ഒത്തുതീർപ്പാക്കാൻ ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നു. ഈ പണം സമാഹരിക്കുന്നതിനു സ്ത്രീധന തുകയുടെ ബാക്കി വേണമെന്ന് ആവശ്യപ്പെട്ട് ഭർതൃമാതാവ് മർദിച്ചുവെന്നാണ് പരാതി. ആരോഗ്യനില മോശമായ ഹസീനയെ സഹോദരനും ഭാര്യയും ചേർന്നാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി അധികൃതർ പൊലീസിന് വിവരം കൈമാറി. തുടർന്ന് നെടുങ്കണ്ടം പൊലീസ് ഹസീനയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്