ചെറുതോണിയുടെ പുനർനിർമാണത്തിനും അടിസ്ഥാന വികസനത്തിനുമായി കൂടുതൽ പദ്ധതികൾ.

ചെറുതോണി പാലം പൂർത്തിയാകുന്നതോടെ ടൗണിലെ വ്യാപാരികൾക്കുണ്ടാകാവുന്ന അസൗകര്യങ്ങൾ പരിഹരിച്ച് ദേശീയപാതയുടെ പ്ലാനിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചെറുതോണിയിലെ വ്യാപാര സ്ഥാപനങ്ങളെക്കൂടി രക്ഷിക്കത്തക്കവിധം റോഡിന്റെ പുനർനിർമാണമാണ് നടപ്പിലാക്കുന്നത്. റോഡിന് ഇരുവശത്തും ഫുട്പാത്ത് നിർമിച്ച് കാൽനടക്കാർക്ക് യാത്ര സുഗമമാക്കുന്നതിനും പദ്ധതിയിൽ നിർദേശമുണ്ട്. വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സൗകര്യം ക്രമീകരിക്കും. ഫെഡറൽബാങ്ക് ഭാഗത്ത് ജങ്ഷൻ നവീകരണം നടപ്പിലാക്കി ഗതാഗതതടസം ഒഴിവാക്കും.
ചെറുതോണി എൽ.ഐ.സി ഓഫീസ് മുതൽ ഫെഡറൽ ബാങ്ക് ജങ്ഷൻവരെ പതിനൊന്നുമീറ്റർ വീതിയിലും തുടർന്ന് സെൻട്രൽ ജങ്ഷൻ വരെ പതിനഞ്ച് മീറ്റർ വീതിയിലും റോഡ് വികസനം നടപ്പിലാക്കും. ഇതുസംബന്ധിച്ച പ്ലാൻ ദേശീയപാത ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. ചെറുതോണിയിലേക്കുള്ള വലിയ വാഹനങ്ങളുടെ ട്രാഫിക്ക് ഒഴിവാക്കുന്നതിനായി വെള്ളക്കയം ബാലഭവൻ സമീപത്തുനിന്ന് ആലിൻ ചുവട് ഫയർസ്റ്റേഷൻ ജങ്ഷനിലേക്ക് പുതിയ പാലവും റോഡും നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായും മന്ത്രി യോഗത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |