.png)
തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നേറ്റമുണ്ടാക്കി എന്ന വിലയിരുത്തലിനിടയിലും ഘടകകക്ഷികളിൽ അതൃപ്തി പുകയുകയാണ്. എൻഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളിൽ ബിഡിജെഎസ് അടക്കമുള്ളവർ പുറത്തായതാണ് അതൃപ്തിക്ക് കാരണം. തിരുവനന്തപുരം കോർപ്പറേഷനിൽ എൻ.ഡി.എ ഭരണം പിടിച്ചെങ്കിലും, ബി.ഡി.ജെ.എസ് മത്സരിച്ച നാല് സീറ്റിലും തോറ്റു. ബിജെപിയുടെ നിസ്സഹകരണമാണ് തോൽവിക്ക് കാരണമെന്നാണ് ബിഡിജെഎസിന്റെ ആരോപണം. ബിജെപിക്ക് സ്വാധീനം ഉള്ള ഇടങ്ങളിൽ പോലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല.
കൊച്ചി കോർപ്പറേഷനിൽ 13 സീറ്റുകളിൽ മത്സരിച്ചെങ്കിലും സിറ്റിംഗ് സീറ്റിൽ ഉൾപ്പടെ പരാജയപ്പെട്ടു. കോഴിക്കോട് കോർപറേഷനിലും മറ്റൊന്നല്ല സ്ഥിതി. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ ബി.ഡി.ജെ.എസിന്റെ സിറ്റിങ് സീറ്റ് ബി.ജെ.പി ഏറ്റെടുത്തിരുന്നു. ഇവിടെ പരാജയപ്പെട്ടതോടെ പഞ്ചായത്ത് ഭരണം തന്നെ നഷ്ടമായി. എൻഡിഎയ്ക്ക് ആധിപത്യം ഉണ്ടായിരുന്ന ആലപ്പുഴ കോടന്തുരുത്ത് പഞ്ചായത്തിലും ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. കഴിഞ്ഞ തവണ ഏഴ് സീറ്റ് നേടിയിരുന്നിടത്ത് ഇത്തവണ ആറ് സീറ്റാണ് എൻഡിഎയ്ക്ക് ലഭിച്ചത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ 100 എണ്ണത്തിൽ പോലും പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമുണ്ട്. ലഭിച്ച സീറ്റുകളാകട്ടെ വിജയ സാധ്യത ഇല്ലാത്തതും. ബിജെപിയുടെ ഏകപക്ഷീയ നിലപാടിനെ തുടർന്ന് പല ഇടങ്ങളിലും ബിഡിജെഎസിന് സ്വയം പിൻവാങ്ങേണ്ടിവന്നു.
ബിഡിജെഎസിന്റെ മുന്നണിയിലെ അതൃപ്തി പലതവണ പരസ്യമായതാണെങ്കിലും തുഷാറും ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള അടുപ്പം പരാതികളെ മയപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ നിൽക്കെ അവഗണന സഹിച്ച് തുടരാനാകില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം. പ്രശ്നങ്ങൾ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നേതാക്കൾ നേരിൽ കണ്ട് അറിയിച്ചു. പ്രശ്നപരിഹാരത്തിന് എസ്എൻഡിപി ഇടപെട്ടേക്കും. സാമുദായിക പശ്ചാത്തലമുള്ള സംഘടനകളെ അവഗണിക്കുന്നത് നിയമസഭതെരഞ്ഞെടുപ്പിൽ ഗുണം ചെയ്യില്ലെന്നും നേതാക്കൾ ഓർമിപ്പിക്കുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.

