ഇടുക്കി താലൂക്കില്‍ തീവ്ര മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ടു സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ചര്‍ച്ച ചെയ്യുവാന്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ദുരന്തനിവാരണ അവലോകന യോഗം ചേര്‍ന്നു.

യോഗത്തില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. ഓരോ ഗ്രാമപഞ്ചായത്തുകളിലെയും പ്രസിഡന്റുമാരുമായി മന്ത്രി സംസാരിച്ചു. പഞ്ചായത്തിലെ സ്ഥിതിഗതികള്‍ പ്രസിഡന്റുമാര്‍ വിശദീകരിച്ചു. ദുരന്ത നിവാരണത്തിനുള്ള വാഹനങ്ങള്‍ സജ്ജമാണെന്നും വില്ലേജ് ഓഫിസര്‍മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും അംഗങ്ങളുടെയും സഹായത്തോടെ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും അടിയന്തര ഘട്ടങ്ങളില്‍ മാറ്റിപാര്‍പ്പിക്കേണ്ടവരെ മാറ്റി പാര്‍പ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുള്ളതായും അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ഇടുക്കി താലൂക്ക് പരിധിയില്‍ ഇന്നലെ രാത്രി മുതല്‍ മഴയുടെ തീവ്രത വര്‍ധിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാനുള്ള എല്ലാ നടപടികളും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടപ്പിലാക്കുന്നുണ്ടന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ദുരന്ത സാധ്യത പ്രദേശത്ത് കഴിയുന്നവരെ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ മാറ്റി പാര്‍പ്പിക്കാന്‍ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ വകുപ്പുകളും ജാഗ്രതയോടെ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി താലൂക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാണ്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ പഞ്ചായത്തിലും അവശ്യഘട്ടത്തില്‍ ക്യാമ്പ് തുറക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. മണ്ണിടിച്ചില്‍ പോലുള്ള അപകടഘട്ടങ്ങളില്‍ മണ്ണ് നീക്കം ചെയ്യുന്നതിനുള്‍പ്പെടെ വാഹനങ്ങള്‍ സുസജ്ജമാണ്. കഴിഞ്ഞ പ്രളയത്തില്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായ പഞ്ചായത്തുകള്‍ ഇത്തവണ അതീവ ജാഗ്രതയോടെ മുന്‍കരുതല്‍ പ്രവര്‍ത്തികളാണ് നടത്തിയിട്ടുള്ളത്.
ഇടുക്കി തഹസില്‍ദാര്‍ ജെയ്ഷ് ചെറിയാന്‍, ആര്‍ഡിഒ എം.കെ ഷാജി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വില്ലേജ് ഓഫിസര്‍മാര്‍, ഫയര്‍ഫോഴ്സ്, പോലീസ്, വനം, വൈദ്യുതി വകുപ്പ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

